ഓർഡർ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ ചോദിക്കുന്ന കേക്ക് നിങ്ങളുടെ മുറ്റത്തെത്തും. പക്ഷേ സ്വയമുണ്ടാക്കുന്ന കേക്ക് തരുന്ന സന്തോഷം വേറെ തന്നെയാണ്. എങ്കിൽ പിന്നെ വീട്ടിൽ ഒരു കേക്ക് ഉണ്ടാക്കിയാലോ?. കുക്കർ ഉപയോഗിച്ച് എളുപ്പത്തിൽ ലമൺ – ചീസ് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
ബട്ടർ – ഒരു ടേബിൾസ്പൂൺ
ക്രീം ചീസ് – 450 ഗ്രാം
പഞ്ചസാര പൊടിച്ചത് – അര കപ്പ്
മാരി ബിസ്‌ക്കറ്റ് – അര കപ്പ് (പൊടിച്ചത്)
മുട്ട – രണ്ടെണ്ണം
പാൽ – കാൽ കപ്പ്
നാരങ്ങനീര് – ഒരു ടേബിൾ സ്പൂൺ
നാരങ്ങയുടെ തൊലി ചുരണ്ടിയത് – രണ്ട് സ്പൂൺ
വാനില എസൻസ് – അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ലിറ്റർ പാത്രത്തിന്റെ ഉൾവശത്ത് ബട്ടർ പുരട്ടുക. ഒരു ബൗളിൽ ക്രീം ചീസും പഞ്ചസാരയും എടുത്ത് അടിച്ചു പതപ്പിക്കുക. അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് ഇളക്കുക. ശേഷം നാരങ്ങാനീരും, നാരങ്ങാത്തൊലിയും, മാരിബിസ്‌ക്കറ്റും, പാലും ചേർത്ത് യോജിപ്പിച്ച് ഈ കൂട്ട് ബട്ടർ പുരട്ടിയ പാത്രത്തിലേക്ക് ഒഴിക്കുക. കുക്കറിൽ വെള്ളമൊഴിച്ച് തട്ട് വച്ച് അതിനുമുകളിൽ പാത്രം വച്ച് കുക്കർ അടച്ച് 15 മിനിറ്റ് വേവിക്കുക. കേക്ക് നാലുമണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.