ലോങ്ങ് ഡ്രൈവ് പോകാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മസിനഗുഡി വഴി ഊട്ടിയിലേക്ക് മാത്രമല്ല നല്ല റോഡ് യാത്രകൾ ചെയ്യാൻ സാധിക്കുന്നത്. കേരളത്തിൽ തന്നെ ഒട്ടേറെ കിടിലൻ പാതകൾ ഉണ്ട്. ബൈക്കിലോ കാറിലോ അതും അല്ലെങ്കിൽ നമ്മുടെ കെഎസ്ആർടിസിയിൽ പോലും നല്ലൊരു ഡ്രൈവ് ആസ്വദിക്കാം. പുഴയുടെ തീരത്ത് കൂടിയും മഞ്ഞും മഴയും ആസ്വദിച്ചും കാടിൻറെ സൗന്ദര്യം അറിഞ്ഞു കായൽ തീരത്ത് കൂടെയും നെൽപ്പാടങ്ങൾക്കിടയിൽ കൂടെയും നല്ല അനുഭവങ്ങളുമായി യാത്ര ചെയ്യാൻ സാധിക്കുന്ന സ്ഥലങ്ങളാണ് ഇനി പറയുന്നത്..
തേക്കടി – മൂന്നാര്‍
പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന കുന്നിൻ ചെരുവുകളും തേയില തോട്ടങ്ങളും ഏലത്തോട്ടങ്ങളും കണ്ട് ആസ്വദിച്ച് ഒരു റൈഡ് പോകാൻ സാധിക്കുന്ന സ്ഥലമാണ് തേക്കടി -മൂന്നാർ റോഡ്. പെരിയാർ ദേശീയോദ്യാനത്തിന്റെ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത ഒരിക്കലും മറക്കാൻ ആകാത്ത കാഴ്ച അനുഭവങ്ങൾ സമ്മാനിക്കുന്നു. ദിശ ഒന്നു മാറ്റി പിടിച്ചാൽ ഇടുക്കിയിലെ ഉടുമ്പൻ ചോലയും ദേവികുളവും പൂപ്പാറയും കണ്ടു മടങ്ങാം.
കൊച്ചി – മൂന്നാര്‍
തിരക്കുള്ള കൊച്ചിയിൽ നിന്നൊന്നു മാറി സഞ്ചരിക്കണം എന്ന് ആഗ്രഹമില്ലേ? എങ്കിൽ വിട്ടോളൂ കൊച്ചി- മൂന്നാർ റോഡിലേക്ക്. ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് വെള്ളച്ചാട്ടത്തിന്റെ പശ്ചിതയും പച്ചപ്പണിഞ്ഞ കാടുകളും തോട്ടങ്ങളും വളഞ്ഞുപുളഞ്ഞ റോഡുകളും ആണ്. സൈഡ് സീനുകളും വ്യൂ പോയിന്റുകളും ഒക്കെയായി ഈ യാത്ര ആവേശകരമായിരിക്കും. പോകുന്ന വഴി, കേരളത്തിലെ പ്രശസ്തമായ ആന പരിശീലന കേന്ദ്രങ്ങളിലൊന്നായ കോടനാട് സന്ദര്‍ശിക്കാനും മറക്കണ്ട.
കോഴിക്കോട് – വയനാട്
പശ്ചിമഘട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്ന റോഡാണ് കോഴിക്കോട് – വയനാട്. മനോഹരമായ ഗ്രാമങ്ങളും പച്ചപ്പും തേയിലത്തോട്ടങ്ങളും കണ്ടുകഴിഞ്ഞാൽ കല്‍പ്പറ്റയില്‍ നിന്ന്, മാനന്തവാടി- തിരുനെല്ലി റൂട്ട്, മാനന്തവാടി – കൊട്ടിയൂര്‍ റൂട്ടുകള്‍, മേപ്പാടി- തൊള്ളായിരംക്കണ്ടി, സുല്‍ത്താന്‍ ബത്തേരി -പുല്‍പ്പള്ളി, നാടുകാണി – നിലമ്പൂര്‍ റൂട്ടുകള്‍ ഒക്കെ പോകാവുന്ന ഒന്നാണ്.
കോട്ടയം – വാഗമണ്‍
കോട്ടയത്ത് നിന്ന് വാഗമണ്ണിലേക്ക് വച്ച് പിടിച്ചാൽ വഴിയിൽ കാത്തിരിക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്. ഈ യാത്രയിൽ ഒരുപാട് റോഡുകൾ ഉണ്ട്. പലതും മോശമായ അവസ്ഥയിൽ ആയതിനാൽ ശ്രദ്ധിച്ചുവേണം തിരഞ്ഞെടുക്കാൻ. ഈ വഴികളിൽ എല്ലാം കാത്തിരിക്കുന്നത് അതിമനോഹരമായ കാഴ്ചകളാണ്. പച്ചപ്പും വളഞ്ഞുപുളഞ്ഞുപോകുന്ന റോഡുകളും ഈ പാതയുടെ യാത്രയെ കൂടുതല്‍ ആവേശകരമാക്കുന്നു.
കുമരകം – തേക്കടി
കുമരകം – തേക്കടി റോഡിലെ ലക്ഷ്യമാക്കി പോയില്ലെങ്കിൽ മനോഹരമായ ഒരു റോഡ് യാത്ര പൂർണ്ണമാകുന്നത് എങ്ങനെ? ഈ പാതയിലെ നഗരത്തിരക്കുകൾ ഒരുപക്ഷേ നിങ്ങളെ മടുപ്പിച്ചേക്കാം. എന്നാൽ അതിനെയെല്ലാം മറികടക്കുന്ന ദൃശ്യാനുഭവവും ഈ വഴിയിൽ ഉണ്ട്. ഏറ്റുമാനൂര്‍, പാല, കുമളി വഴിയുള്ള റൂട്ട് തിരഞ്ഞെടുക്കുന്നതാകും നല്ലത്. തേയിലത്തോട്ടങ്ങളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും വഴിയിലുടനീളം കാണാം. വളഞ്ഞങ്ങാനത്തും അരുവിക്കുഴി വെള്ളച്ചാട്ടത്തിലും അല്‍പസമയം ചിലവഴിക്കാനും സാധിക്കും.
മറ്റ് പാതകള്‍
തൃശ്ശൂരില്‍ നിന്ന് പാലക്കാടിലേക്ക് കുതിരാന്‍ തുരങ്കം വഴിയുള്ള യാത്രയും, ചാലക്കുടി – അതിരപ്പിള്ളിയിലൂടെ വാല്‍പാറയിലേക്കുള്ള പാത , ചങ്ങനാശ്ശേരി – ആലപ്പുഴ യാത്ര, തിരുവല്ല – എടത്വ – ആലപ്പുഴ യാത്ര, കുമരകം – വൈക്കം റൂട്ട്, കോട്ടയത്തെ നാലുമണിക്കാറ്റ് റോഡ്, കൊല്ലം – പുനലൂര്‍ – ചെങ്കോട്ട റൂട്ട്, കാസറഗോഡ് – കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ട്, പാണത്തൂര്‍ – കൂര്‍ഗ് റൂട്ട്, കണ്ണൂര്‍ തളിപറമ്പ് – പട്ടുവം റോഡ് ഇങ്ങനെ എണ്ണിയൊലുടാങ്ങാത്ത ചെറുതും വലുതുമായ മനോഹരമായ റോഡുകള്‍ കേരളത്തിലുണ്ട്.