Health

32 തവണ ഭക്ഷണം ചവയ്ക്കണം; കാരണമറിയാമോ…

32 തവണ ചവച്ചരയ്ക്കണം എന്നാണ് പറയുന്നത്

ചവച്ചരച്ച് ഭക്ഷണം കഴിക്കാൻ മുതിർന്നവർ പറയാറുണ്ട്. ഒന്നോ രണ്ടോ തവണയല്ല ഭക്ഷണം ചവച്ചരച്ച് കഴിക്കേണ്ടത്. 32 തവണ ചവച്ചരയ്ക്കണം എന്നാണ് ആയുർവേദത്തിൽ പറയുന്നത്. ഇത്രയും തവണ ചവയ്ക്കാൻ ആർക്കാണ് നേരം അല്ലേ? എന്നാൽ 32 തവണ ചവച്ചാൽ മാത്രമാണ് ശരിയായ രീതിയിലുള്ള ഭക്ഷണം കഴിക്കൽ ആകുകയുള്ളൂ.

എത്ര തവണ ചവയ്ക്കണം?

കുറച്ചു ഭക്ഷണമാണെങ്കിലും അമിതമായ അളവിൽ ആണെങ്കിലും ചവയ്ക്കുന്നതിലാണ് കാര്യം. തിരക്കിട്ട ജീവിതത്തിനിടെ പലരും അതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല. എന്നാൽ ഇങ്ങനെ കഴിക്കുന്നത് വയറിന് ഒട്ടും നല്ലതല്ല. നന്നായി ചവച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്നുണ്ട്. ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് 32 തവണ ചവച്ചരച്ച് കഴിക്കണമെന്ന് പോഷകാഹാര വിദഗ്ധരും ഡയറ്റീഷ്യൻമാരും പറയുന്നുണ്ട്. ഇത് വെറുമൊരു സംഖ്യയല്ല. ഭക്ഷണം ശരിയായി 32 തവണ ചവച്ചാൽ മാത്രമേ ശരീരത്തിന് ശരിയായ പോഷകങ്ങൾ ലഭിക്കുകയും ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനും കഴിയുകയുമുള്ളൂ.

ചെറിയ കഷണങ്ങളാക്കണം

വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതും കുത്തിക്കയറ്റി കഴിക്കുന്നതും നല്ലതല്ല. ചെറിയ കഷണങ്ങൾ ശരീരത്തിനുള്ളിൽ പോയാൽ ദഹനം എളുപ്പമാകും. ഭക്ഷണത്തിലെ പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാനും ഇത് വളരെ നല്ലതാണ്. ഭക്ഷണം ചവയ്ക്കുമ്പോൾ പല്ലുകൾ അതിനെ ചെറിയ കഷണങ്ങളാക്കി മാറ്റുന്നു. വായിലെ ഉമിനീരിലെ എൻസൈമുകൾ ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റുകളെ തകർക്കുകയും ചെയ്യുന്നു.

ഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ രീതി പിന്തുടരുന്നത് വളരെ ഉത്തമമാണ്. സാവധാനം ശരിയായ രീതിയിൽ ചവയ്ക്കുന്നത് തലച്ചോറിന് വയർ നിറഞ്ഞിരിക്കുന്നു എന്ന സൂചനകൾ നൽകാനുള്ള സമയം തരുന്നു. ഇത് അമിത ഭക്ഷണം കുറയ്ക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.

പോഷകങ്ങളെ ആഗിരണം ചെയ്യുന്നു

ഭക്ഷണത്തിലെ പോഷകങ്ങളെ ശരീരത്തിന് കിട്ടേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യണമെങ്കിൽ നന്നായി ചവച്ച് അരച്ച് വേണം കഴിക്കാൻ. ഭക്ഷണം 32 തവണയോ അതിൽ അധികമോ ചവയ്ക്കുമ്പോൾ കൂടുതൽ പോഷകങ്ങൾ പുറത്ത് വരുന്നു. ചെറിയ കഷണങ്ങളായി ചവച്ച് അരയ്ക്കുമ്പോൾ അതിൻ്റെ വൈറ്റമിനുകളും ധാതുക്കളുമൊക്കെ പുറത്ത് വരുന്നു. ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ഭക്ഷണം ശരിയായി ചവച്ചരച്ചാൽ അത് ആമാശയത്തെയും കുടലിനെയും ഭക്ഷണം ശരിയായി കൊണ്ടുപോകാൻ സഹായിക്കുന്നു. ഇത് വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കുന്നു.