Travel

പുത്തൻ യാത്രകൾ പ്ലാൻ ചെയ്തോ? ഊട്ടിയും മൂന്നാറും മാറി നിൽക്കും; വിട്ടോ വണ്ടി നേരെ കർണാടകയിലെ ഈ കിടിലൻ ഹിൽ സ്റ്റേഷനുകളിലേക്ക്

മഴക്കാലത്തും ഹിൽ സ്റ്റേഷനുകളിൽ സഞ്ചാരികളുടെ തിരക്കിൽ കുറവില്ല

വേനൽക്കാലത്ത് സഞ്ചാരികൾ തണുപ്പ് തേടിയുള്ള യാത്രയിലായിരുന്നു. കുന്നും കാടും മലമുകളും എല്ലാം സഞ്ചാരികൾ കീഴടക്കി. മഴ കനത്തതോടെ ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പൊതുവേ കുറയും. എന്നാൽ ഈ മഴക്കാലത്തും വെള്ളച്ചാട്ടങ്ങളും കാടും തേടിയുള്ള സഞ്ചാരികളുടെ യാത്രയ്ക്ക് യാതൊരു കുറവുമില്ല. യാത്രകൾ എവിടേക്ക് തിരഞ്ഞെടുത്താലും സുരക്ഷിതമായി വേണം പോയി വരാൻ. യാത്ര ആരംഭിക്കുന്നതിനു മുൻപ് തന്നെ തെരഞ്ഞെടുത്ത സ്ഥലം സുരക്ഷിതമാണെന്നും അങ്ങോട്ടേക്കുള്ള യാത്ര അതീവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്തണം. മഴക്കാലം ആയതുകൊണ്ട് തന്നെ റോഡിൽ പല തടസ്സങ്ങളും കാണും. ഈ മഴക്കാലത്തും ഹിൽ സ്റ്റേഷനുകളിൽ സഞ്ചാരികളുടെ തിരക്കിൽ കുറവില്ല.

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഹിൽസ്റ്റേഷനുകൾ ആയാണ് വയനാട് മൂന്നാറും ഊട്ടിയും കൊടൈക്കനാലും എല്ലാം അറിയപ്പെടുന്നത്. എല്ലായിപ്പോഴും ഇവിടെ സഞ്ചാരികളുടെ തിരക്കാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ആളുകൾക്ക് ഈ സ്ഥലങ്ങളിലെ ഭംഗി പൂർണ്ണമായും ആസ്വദിക്കാൻ കഴിയാതെ മടങ്ങേണ്ടി വരുന്നു. നിങ്ങൾ കർണാടകയിലേക്ക് പോകാൻ തയ്യാറാണെങ്കിൽ തിരക്കൊന്നുമില്ലാതെ അതിമനോഹരവും ശാന്തവുമായ ചില ഹിൽസ്റ്റേഷനുകൾ കണ്ട് ആസ്വദിക്കാം.

മൂടല്‍മഞ്ഞില്‍ മൂടി കിടക്കുന്ന പര്‍വ്വതങ്ങള്‍ മുതല്‍ അതിവിശാലമായി കിടക്കുന്ന പുല്‍മേടുകള്‍ വരെ, വെള്ളച്ചാട്ടങ്ങള്‍ മുതല്‍ കാടുകള്‍ വരെ, തടാകങ്ങള്‍ മുതല്‍ പാറക്കെട്ടുക്കള്‍ വരെയുള്ള അധികം സഞ്ചാരികള്‍ എത്താത്ത കര്‍ണാടകയിലെ നാല് ഹില്‍ സ്റ്റേഷനുകള്‍ ഇതാ:

അഗുംബെ

അഗുംബെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എങ്കിലും ഇവിടെ നിങ്ങള്‍ സന്ദര്‍ശിക്കേണ്ടയിടമാണ്. പ്രത്യേകിച്ച് ആര്‍.കെ നാരായണന്റെ മാല്‍ഗുഡി ഡേയ്‌സ് വായിച്ചിട്ടുള്ളവര്‍ക്കും ടെലിവിഷന്‍ സീരിയല്‍ കണ്ടിട്ടുള്ളവര്‍ക്കും, ആ ഗൃഹാതുരത്ത ഉണര്‍ത്തുന്നയിടമാണിത്. നോവലിലെ സാങ്കല്‍പ്പിക പ്രദേശം യഥാര്‍ത്ഥത്തില്‍ അഗുംബെ ഗ്രാമത്തെ അടിസ്ഥാനമാക്കിയുള്ളതാണ്! ശിവമോഗ ജില്ലയിലെ ഈ ചെറിയ ഗ്രാമം സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 643 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ട നിരകളിലാണ് സ്ഥിതി ചെയ്യുന്നത്. എപ്പോഴും മഴ ലഭിക്കുന്ന ഈ പ്രദേശം മനോഹരമായ ചില വെള്ളച്ചാട്ടങ്ങള്‍, ഇടതൂര്‍ന്ന വനങ്ങള്‍, നദികള്‍ എന്നിവയാല്‍ ആകര്‍ഷണീയമാണ്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നായ മനോഹരമായ ബര്‍കാന വെള്ളച്ചാട്ടം, സണ്‍സെറ്റ് പോയിന്റ്, മാല്‍ഗുഡി ഡേയ്സ് ആരാധകര്‍ക്കുള്ള ദൊഡ്ഡ മാനെയും. മഴ കൊള്ളാന്‍ താല്‍പര്യമുണ്ടെങ്കില്‍ വര്‍ഷത്തിലെ എല്ലാ സീസണും ഇവിടെ യാത്രക്ക് അനുയോജ്യാണ്. ബെംഗളൂരു, മംഗളൂരു, ഉഡുപ്പി എന്നിവടങ്ങളില്‍ നിന്ന് ഇവിടേക്ക് ബസ് ഉണ്ട്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ഉഡുപ്പിയാണ് (50 കി.മീ). മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 95 കി.മീ ദൂരമുണ്ട്.

സോമവാര്‍പേട്ട്

പ്രകൃതിയുടെ അദ്ഭുതങ്ങള്‍ നിറഞ്ഞ ഒരു അത്ഭുതകരമായ ചെറിയ പട്ടണമാണ് സോമവാര്‍പേട്ട്. സുഗന്ധവ്യഞ്ജനത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഒപ്പം മനോഹരമായ അരുവികളും വെള്ളച്ചാട്ടങ്ങളും താഴ്വരകളും ഒക്കെയായി ആരുടെയും മനംകവരും ഈ പ്രദേശം. മല്ലല്ലി വെള്ളച്ചാട്ടം, മലേമല്ലേശ്വര ബേട്ട, മക്കലഗുഡി ബേട്ട, റിഡ്ജ് പോയിന്റ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. പുഷ്പഗിരി വന്യജീവി സങ്കേതവും സമീപത്താണ്. വ്യത്യസ്ത ഇനങ്ങളിലുള്ള സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയാല്‍ സമ്പന്നമാണ് പ്രദേശം

സുഖകരമായ കാലാവസ്ഥയായതിനാല്‍ വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശിക്കാന്‍ കഴിയുന്ന ഒരുയിടമാണ്. ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷനും വിമാനത്താവളവും മൈസൂരിലാണുള്ളത്. ഇവിടെ നിന്ന് സോമവാര്‍പേട്ടിലേക്ക് രണ്ട് മണിക്കൂര്‍ (115 കി.മീ) ദൂരമുണ്ട്. ടാക്‌സി, ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്.

കെമ്മന്‍ഗുണ്ടി

ചിക്കമംഗളൂരില്‍ നിന്ന് ഏകദേശം ഒന്നരരണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ മനോഹരമായ ഹില്‍ സ്റ്റേഷനില്‍ എത്താം. സുന്ദരമായ താഴ്വരകളുടെയും അനന്തമായ പച്ചപ്പിന്റെയും മനോഹരമായ കാഴ്ചകള്‍ ഈ പ്രദേശം സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നു. ഗംഭീരമായ വെള്ളച്ചാട്ടങ്ങള്‍, മനം കവരുന്ന വ്യൂപോയിന്റുകള്‍, പുല്‍മേടുകള്‍ എന്നിവയാല്‍ സമ്പന്നമാണ് പ്രദേശം. റോക്ക് ഗാര്‍ഡന്‍, ഇസഡ് പോയിന്റ്, കല്ലത്തി വെള്ളച്ചാട്ടം, ഹെബ്ബെ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍.

ട്രക്കിങ്ങ് പര്യവേക്ഷണത്തിനും സുഖപ്രദമായ ഹോംസ്റ്റേ, ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ക്കും ഒക്കെ ശാന്തമായ ഈ പ്രദേശത്ത് അവസരമുണ്ട്. ഇവിടെ വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണ്. ചിക്കമംഗളൂരില്‍ നിന്ന് കെമ്മന്‍ഗുണ്ടിക്ക് 60 കി.മീ ദൂരമുണ്ട്. ടാക്‌സി, ബസ് സര്‍വീസുകള്‍ ലഭ്യമാണ്. തരികെരെ (25 കി.മീ), ബിരൂര്‍ (35 കി.മീ) എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. ഏകദേശം 212 കിലോമീറ്റര്‍ അകലെയുള്ള മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് കെമ്മന്‍ഗുണ്ടിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

ജോഗിമാട്ടി

ഊട്ടിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വന്യജീവികളാല്‍ സമ്പന്നമായ ഈ സുന്ദരമായ ഹില്‍സ്റ്റേഷന്‍, വാരാന്ത്യത്തില്‍ ട്രെക്കിംഗ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. യാത്രയില്‍ പ്രകൃതിയും സാഹസികതയും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുയോജ്യമായ പാക്കേജാണ് ജോഗിമാട്ടി. വനത്തിലൂടെയുള്ള ട്രെക്കിംഗ്, പ്രകൃതിദത്ത ഗുഹകള്‍, ചരിത്ര സ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ ഇവിടെ പര്യവേക്ഷണം ചെയ്യാം. പക്ഷിമൃഗാദികളാല്‍ സമ്പന്നമാണ് ഈ വനമേഖല. കൂടാതെ ചന്ദ്രാവല്ലി തടാകവും സമീപത്തെ വെള്ളച്ചാട്ടങ്ങളും ഒക്കെ ആവേശകരമാണ്.

ഒട്ടും തിരക്കില്ലാത്ത ഈ പ്രദേശം, വര്‍ഷം മുഴുവനും സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാവുന്നയിടമാണ്. ബെംഗളൂരുവില്‍ നിന്ന് ഏകദേശം 210 കിലോമീറ്റര്‍ അകലെയാണ് ജോഗിമാട്ടി. ഏകദേശം 53 കിലോമീറ്റര്‍ അകലെയുള്ള ചിക്ജാജൂര്‍ ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഏകദേശം 230 കിലോമീറ്റര്‍ അകലെയുള്ള ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഏറ്റവും അടുത്തുള്ള വിമാനത്താവളം.