നല്ലൊരു ചായ കുടിച്ചിട്ട്, അതുമല്ലങ്കിൽ നല്ലൊരു ബിരിയാണി കഴിച്ചിട്ട് ഒരു പുക എടുത്തില്ലെങ്കിൽ സംതൃപ്തി ആകാത്തവരാണ് പലരും. ഓരോ സമയവും പുക വലിക്കുവാൻ ഓരോ കാരണങ്ങളാണ് ആൾക്കാർ കണ്ടെത്തുന്നത്. പുകവലിയുടെ ദോശ ഫലങ്ങളെ കുറിച്ച് എല്ലാവർക്കുമറിയാം. നിങ്ങൾക്ക് മാത്രമല്ല നിങ്ങൾക്കൊപ്പം നിൽക്കുന്നവരെയും ഇവ ദോഷകരമായി ബാധിക്കും. പുകവലി;ഇകാത്ത ആളാണെങ്കിൽ പോലും നിങ്ങൾ വലിക്കുന്നതിന്റെ മുക്കാൽ ശതമാനവും ശ്വസിക്കുന്നത് ഇവരാണ്. പിന്നീടുള്ള മറ്റൊരു വിഭാഗം ഞാൻ ഒരെണ്ണമോ രണ്ടെണ്ണമോ മാത്രമല്ലെ വലിക്കുകയുള്ളു എന്ന ചിന്ത ഉള്ളവരാണ്. ഇത് അപകടകരമാണ്.
പുകയില വിപണന-വ്യാപാര മേഖല നമ്മുടെ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. അത് നമ്മുടെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെയും പ്രകൃതി വിഭവങ്ങളുടെ ആരോഗ്യ ശോഷണത്തിനും കാരണമാകുന്നു. പുകയിലയും പുകവലിയും മനുഷ്യനുണ്ടാക്കുന്ന മാരക ആരോഗ്യാവസ്ഥകളെ കുറിച്ച് പിന്നെ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
പുകയില പ്രതിവർഷം 80 ലക്ഷം പേരെ കൊല്ലുന്നു. മനുഷ്യസമൂഹത്തിന്റെ ആരോഗ്യത്തെ ഹനിക്കും വിധം പുകയിലയുടെ നിർമാണവും വിപണനവും നമ്മുടെ പരിസ്ഥിതിയെയും വിഷമയമാക്കുന്നു. ഇത് പുകവലിക്കാർക്ക് ആ ശീലം എന്നെന്നേക്കുമായി നിർത്താൻ മറ്റൊരു പ്രധാന കാരണമായി മാറുന്നു. വർഷത്തിൽ 84 മെഗാടൺ ഹരിതഗൃഹ വാതകം പുറപ്പെടുവിക്കുക വഴി പുകയില വ്യവസായം കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ആക്കം കൂട്ടുന്നു. പ്രതിവർഷം 35 ലക്ഷം ഹെക്റ്റർ ഭൂമി പുകയില വ്യാവസായത്തിനായി നശിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്.
പ്രത്യാഘാതങ്ങൾ
പുകയില മനുഷ്യ ശരീരത്തിന്റെ ഏതാണ്ട് ഏല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. പുകയില ഉപയോഗവും പുകവലിയും ഒരാൾക്ക് മറ്റു വ്യാധികൾ വരുന്നതിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. പുകവലി ഒരു മനുഷ്യനെ ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും തളർത്തുന്നു. പുകവലിയിലൂടെ അപകടകാരികളായ രാസപദാർത്ഥങ്ങൾ പെട്ടന്ന് തന്നെ ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തത്തിലൂടെ എത്തിച്ചേരുന്നു.
പുകയിലയിൽ അടങ്ങിയിട്ടുള്ള ‘നിക്കോട്ടിൻ’ പുകയിലയോടുള്ള ആസക്തിക്ക് കാരണമാകുന്നു. നിക്കോട്ടിൻമൂലം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ‘ഡോപ്പമിൻ’ എന്ന രാസവസ്തു പുകയിലയോടുള്ള ആസക്തി കൂട്ടുന്നു. ഈ ആസക്തി പുകയില ഉപയോഗം പൊതുവെ കൂടുവാൻ വഴിവക്കുന്നു. അതുവഴി ഒരു വ്യക്തി കൂടുതൽ വ്യഥകളിലേക്കും നമ്മുടെ പരിസ്ഥിതി കൂടുതൽ നാശത്തിലേക്കും അടുക്കുന്നു. അതിനാൽ തന്നെ സമൂഹത്തെയും വ്യക്തിജീവിതങ്ങളെയും രക്ഷിക്കാൻ പുകയില ഉപയോഗം കുറക്കുക അല്ലെങ്കിൽ ഇല്ലാതാക്കുക എന്നത് അത്യന്താപേക്ഷിതമായ ഒരു കാര്യമെന്ന് വരുന്നു.
പുകവലിയാണ് ശ്വാസകോശ ക്യാൻസറിന് പ്രധാന കാരണം. പുകയില മറ്റ് തരം ക്യാൻസറുകൾക്കും ഹേതുവാകുന്നുണ്ട്. പുകയില ഗുരുതരമായ ശ്വസന സംബന്ധിയായ രോഗങ്ങൾക്ക് വളം വെക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനും കാരണമാകുന്നു. പുകവലിക്കാർക്ക് ടൈപ്പ് 2 ഡയബെറ്റിസ് വരുവാനുള്ള സാധ്യത 40% അധികമാണ്. പുകയില ഉപയോഗം മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ കുറക്കുന്നതുമൂലം. ബാക്ടീരിയൽ-വൈറൽ അണുബാധയ്ക്ക് സാധ്യതയേറ്റുന്നു.
പുകവലി പല്ലുകൾക്കും മോണകൾക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പുകയില രക്തചംക്രമണത്തിന്റെ വേഗത കുറക്കുന്നതിനാൽ കേൾവിക്കും കാഴ്ചക്കും ശോഷണം ഉണ്ടാകാൻ സാധ്യതയുണ്ട്. പുകയില ഉപയോഗം പ്രത്യുൽപാദന ശേഷിയെയും ബാധിച്ചേക്കാം. ഒരു പുകവലിക്കാരൻ അയാളുടെ ചുറ്റുമുള്ള ആളുകളുടെയും ആരോഗ്യത്തെയും അപകടത്തിലാക്കുന്നു.
നിക്കോട്ടിൻ നമ്മുടെ രക്ത ധമനികളെ ഇടുങ്ങിയതാക്കുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. നിക്കോട്ടിൻ രക്തത്തിൽ കലർന്ന് കഴിഞ്ഞാൽ രക്ത ചംക്രമണം മെല്ലെയാകുകയും കൈകാലുകളിലേക്ക് ഓക്‌സിജൻ എത്തുന്നത് കുറയുകയും ചെയ്യുന്നു.
കാർബൺ മോണോക്‌സൈഡ് ഹൃദയത്തിനു ഓക്‌സിജൻ ലഭിക്കുന്നതിന്റെ അളവ് കുറക്കുന്നു. ടാർ പറ്റിപ്പിടിച് ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാകുന്നു. ഫിനോളുകൾ ശ്വാസനാളത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പുകയിലയുടെ പുകയിലെ ചെറിയ കണങ്ങൾ അസ്വാസ്ഥ്യങ്ങൾക്കും ശ്വാസകോശ സംബന്ധിയായ രോഗങ്ങൾക്കും കാരണമാകുന്നു. ക്യാൻസറിന് കാരണമാകുന്ന ഒട്ടനവധി രാസവസ്തുക്കൾ പുകയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത്തരം പല ആരോഗ്യ പ്രശ്‌നങ്ങളും പുകയിലയുടെ വിവിധ വകബേധങ്ങളിലൂടെ മനുഷ്യനെ പിടികൂടുന്നു.
പുകവലി എങ്ങിനെ ഉപേക്ഷിക്കാം?
- പുകയിലയുടെ ഉപയോഗം ആരംഭിക്കുന്ന വ്യക്തിയെ സംബന്ധിച്ച് ഏത് നിമിഷം വേണമെങ്കിലും നിർത്താൻ സാധിക്കും എന്ന ആത്മവിശ്വാസമുണ്ടാകും. ഈ ദുശ്ശീലത്തിന് അടിമയായി മാറി എന്നറിയുന്നത് ഇത് നിർത്താൻ ശ്രമിക്കുമ്പോഴാണ്. പുകവലി നിർത്താൻ എളുപ്പ വഴികളൊന്നുമില്ല.
- പുകവലി നിർത്താൻ ശുഭദിനങ്ങളുമില്ല. ന്യൂ ഇയറിന് നിർത്താം, ബർത്ത് ഡേക്ക് നിർത്താം എന്നൊന്നും ചിന്തിക്കേണ്ട. ഏറ്റവും അടുത്ത നിമിഷമാണ് പുകവലി നിർത്താനുള്ള ശുഭനിമിഷം എന്ന് മാത്രം ഓർമ്മിക്കുക. ഇനി പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നിർത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായി മാറും.
- പുകവലിക്കാൻ പ്രചോദനം നൽകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുക. സ്ഥിരമായി പുകവലിക്കുന്ന സ്ഥലം, നിർബന്ധിക്കുന്ന സൗഹൃദങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
- നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പികൾ ചിലർക്ക് സഹായകരമാകും. നിക്കോട്ടിൻ പാച്ചുകൾ, ഗമ്മുകൾ, നേസൽ സ്പ്രേ തുടങ്ങിയവ ഡോക്ടറുടെ കൂടി നിർദ്ദേശം പരിഗണിച്ച് മാത്രം സ്വീകരിക്കുക.
- ബോധപൂർവ്വം കാലതാമസം വരുത്തുക. ഓരോ തവണ തോന്നൽ വരുമ്പോൾ ഒരു പത്ത് മിനിറ്റ് കഴിയട്ടെ എന്ന് സ്വയം തീരുമാനിക്കുക. വലിക്കാനുള്ള ചോദന ഇത്തരത്തിൽ നീട്ടിക്കൊണ്ട് പോവുക.
- ഒറ്റയൊന്ന് മാത്രം എന്ന തോന്നൽ ഒഴിവാക്കുക. നിർത്തണം. തൽക്കാലം ഒരു തവണ മാത്രം എന്ന് ചിന്തിച്ചാൽ അത് തുടർച്ചയിലേക്കുള്ള പ്രലോഭനമാണെന്ന് സ്വയം തിരിച്ചറിയുക.
- വ്യയാമം പോലുള്ളവ ചെയ്ത് ശാരീരികമായി സജീവമായിരിക്കുക. ഇത് പുകവലിക്കാനുള്ള ത്വര ഇല്ലാതാക്കും.
മാനസിക സംഘർഷങ്ങളാണ് പലപ്പോഴും പുകയില ഉപയോഗത്തിലേക്ക് നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാനും സന്തോഷവാനായിരിക്കാനും ശ്രമിക്കുക. - ഒരു തരത്തിലും പുകയിലെ ഉപയോഗം നിർത്താൻ സാധിക്കുന്നില്ലെങ്കിൽ ഇതിനായുള്ള സേവനം ലഭ്യമാക്കുന്ന ക്ലിനിക്കുകളുടേയോ ഡോക്ടർമാരുടേയോ സഹായം തേടുക.