ലോകത്തില്‍ ഓരോ 30 സെക്കന്റിലും ഒരു പ്രമേഹ രോഗിക്ക് തന്റെ കാല്‍ മുറിച്ചു മാറ്റേണ്ടി വരുന്നു. പെരിഫെറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് അഥവാ പെരിഫറല്‍ ആര്‍ത്രൈറ്റിസ് എന്ന രോഗമാണ് ഇതിനു കാരണമാകുന്നത്.
ഹൃദയത്തില്‍ നിന്ന് മറ്റ് അവയവങ്ങളിലേക്കും കൈകാലുകളിലേക്കും ശുദ്ധരക്തം കൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് ആര്‍ട്ടറികള്‍. ഈ ആര്‍ട്ടറികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ മൂലമുണ്ടാക്കുന്ന പ്രധാന രോഗമാണ് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്. കാര്യമായും പുകവലിക്കാരില്‍ കണ്ടുവരുന്ന ഈ മാരക രോഗാവസ്ഥ ശ്രദ്ധിക്കാത്ത അവസ്ഥയില്‍ കാലുകള്‍ മുറിച്ചു മാറ്റുന്നതിലേക്ക് എത്തിക്കുന്നത് ഇപ്പോള്‍ വളരെ സ്വാഭാവികമായിരിക്കുന്നു.
ഹൃദയാഘാതത്തെക്കുറിച്ചും അത് ഉണ്ടാക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും പൊതുവെ ജനങ്ങള്‍ ഒരു പരിധി വരെ ബോധവാന്‍മാരാണെന്നു പറയാം. എന്നാല്‍ കാലില്‍ വരുന്ന ബ്ലോക്കുകളെക്കുറിച്ച്, ലെഗ് അറ്റാക്കിനെക്കുറിച്ച്, അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ധാരണയുള്ളവര്‍ വളരെ കുറവാണ്. അതുകൊണ്ടു തന്നെ മികച്ച ചികിത്സ സ്വീകരിക്കാതെ കാലുകള്‍ മുറിച്ചു മാറ്റുന്ന അവസ്ഥയില്‍ എത്തുന്നവരുടെ എണ്ണം കൂടി വരികയും ചെയ്യുന്നു.
ഒരു വ്യക്തിയുടെ കാലു മുറിച്ചു മാറ്റുന്നത് ആ വ്യക്തിയെ മാത്രമല്ല, കുടുംബത്തെ മുഴുവനുമാണ് ബാധിക്കുന്നത്. തക്കതായ സമയത്ത് ഒരു വാസ്‌കുലര്‍ സര്‍ജനെ കാണുകയും വാസ്‌കുലര്‍ ചികിത്സാ രീതികള്‍ സ്വീകരിക്കുകയും ചെയ്താല്‍ മുറിച്ചു മാറ്റണമെന്ന ഭീകരാവസ്ഥയില്‍ നിന്ന് അവരുടെ കാലുകളെ രക്ഷിക്കാന്‍ സാധിക്കും.
കാരണങ്ങള്‍
പ്രമേഹം, രക്തസമ്മര്‍ദ്ദം, പുകവലി എന്നിവ മൂലം രക്തധമനികളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ ആണ് ഈ അസുഖത്തിന് പ്രധാന കാരണം. ആരംഭ ഘട്ടത്തില്‍ ചെറിയ ബ്ലോക്കുകളായി തുടങ്ങി കാലക്രമേണ, ഇത് രക്തക്കുഴല്‍ പൂര്‍ണ്ണമായും ബ്ലോക്ക് ആവുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഈ ഘട്ടത്തില്‍ കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയുകയും അസുഖം വളരെ സങ്കീര്‍ണ്ണമാകുകയും ചെയ്യുന്നു.
പെരിഫെറല്‍ ആര്‍ട്ടീരിയര്‍ ഡിസീസില്‍ പ്രാരംഭ ഘട്ടത്തില്‍ രോഗികളില്‍ കാലുകളിലെ കടച്ചില്‍, കാല്‍മുട്ടിനു താഴെയുള്ള പേശികളില്‍ വേദന, കയറ്റം കയറാന്‍ ബുദ്ധിമുട്ട്, കാലുകള്‍ക്ക് തളര്‍ച്ച, താനെ കാണപ്പെടുന്ന മുറിവുകള്‍, മുറിവുകളില്‍ ഉറക്കം നഷ്ടപ്പെടും വിധമുള്ള അതിയായ വേദന, കാല്‍വിരലുകള്‍ കറുപ്പ് വന്ന് വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവരുന്ന അവസ്ഥ തുടങ്ങിയ അവസ്ഥകള്‍ കാണാം.
പരിശോധന
കാലുകളിലെ പ്രഷര്‍ പരിശോധിക്കുന്നതാണ് -എബി ഇന്‍ഡക്‌സ് – തുടക്കത്തില്‍ ചെയ്യാറുള്ളത്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഡോപ്ലര്‍ സ്‌കാന്‍ ചെയ്യും. അള്‍ട്രാസൗണ്ട് വഴി രക്തയോട്ടത്തിന്റെ അളവ് നിരീക്ഷിക്കുന്ന ഈ ചെറിയ ടെസ്റ്റിലൂടെ അസുഖത്തിന്റെ തീവ്രതയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. ഈ ടെസ്റ്റുകള്‍ക്കു ശേഷം ചികിത്സ വേണമെന്ന അവസ്ഥയാണുള്ളതെങ്കില്‍ എംആര്‍ഐ ആന്‍ജിയോഗ്രാം അല്ലെങ്കില്‍ സിടി ആന്‍ജിയോഗ്രാം ടെസ്റ്റുകള്‍ ചെയ്യും.
രോഗതീവ്രത, ബ്ലോക്കിന്റെ വലിപ്പം, ഏതുഭാഗത്താണ്, നീളം, തീവ്രത തുടങ്ങിയവ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതിലൂടെ ആര്‍ട്ടറിയുടെ അവസ്ഥ മനസ്സിലാക്കി ഡോക്ടര്‍ ഒരു ട്രീറ്റ്‌മെന്റ് പ്ലാന്‍ തയ്യാറാക്കും. ഇതനുസരിച്ചാണ് ചികിത്സ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്ന് തീരുമാനിക്കാറുള്ളത്.
ഏത് ചികിത്സയാണെങ്കിലും രോഗിയുടെ പൊതുവായ ആരോഗ്യാവസ്ഥ, മറ്റു രോഗങ്ങള്‍ അതായത് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യം തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ ചികിത്സാ പദ്ധതി നിശ്ചയിക്കാനാവൂ. ഇതിന്റെ ഭാഗമായി കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക, പുകവലി ഉപേക്ഷിക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുക, പ്രമേഹം നിയന്ത്രിക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊള്ളേണ്ടതായുണ്ടാകാം.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് കാലുകളില്‍ വ്യായാമം ചെയ്യുക എന്നത്. പ്രാഥമികാവസ്ഥയിലുള്ള രോഗികള്‍ക്ക് ദിവസേന 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ നടത്തം, മരുന്നുകള്‍ തുടങ്ങിയവ കൊണ്ട് ഒരു പരിധിവരെ രോഗം നിയന്ത്രിച്ചു പോകാന്‍ കഴിയും. അത് കഴിയാത്തവരില്‍ പലപ്പോഴും ആന്‍ജിയോപ്ലാസ്റ്റി, ബൈപ്പാസ് എന്നിവ ചെയ്യേണ്ടിവരാറുണ്ട്.
ആന്‍ജിയോപ്ലാസ്റ്റിയാണ് ഇത്തരം രോഗികളുടെ അവസ്ഥയ്ക്ക് സഹായിക്കാവുന്ന ഒരു രീതി. അള്‍ട്രാസൗണ്ട് സഹായത്തോടെ രോഗിയുടെ രക്തക്കുഴലിലേക്ക് ഒരു സൂചി കയറ്റി അതിലൂടെ ഒരു വയര്‍ കടത്തിവിട്ട് ഹൃദയത്തില്‍ ആന്‍ജിയോഗ്രാം ചെയ്യുന്നതു പോലെ അതിലൂടെ കാലിലെ ബ്ലോക്കിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കിയ ശേഷമാണ് ചികിത്സാ പദ്ധതി തയ്യാറാക്കുന്നത്. ബ്ലോക്കിനെ മറികടന്ന് വയര്‍ കടത്തിവിടുകയും ബലൂണ്‍ കൊണ്ട് ബ്ലോക്ക് നീക്കം ചെയ്യുന്ന രീതിയാണ് പെരിഫെറല്‍ ആന്‍ജിയോപ്ലാസ്റ്റി. ഇത് 90 ശതമാനം ആളുകളിലും ഫലപ്രദമാണ്. ചില രോഗികളില്‍ മാത്രം ഇത് ഫലപ്രദമാകാതെ വരുമ്പോള്‍ ബ്ലോക്ക് ഉള്ള ഭാഗം മുറിച്ചു പകരം സ്റ്റെന്റ് വയ്‌ക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാല്‍ പെരിഫെറല്‍ ആന്‍ജിയോപ്ലാസ്റ്റിയില്‍ സ്റ്റെന്റിന്റെ ഉപയോഗം കുറച്ചു മാത്രമേ വരാറുള്ളൂ.
ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കാന്‍ പറ്റാത്ത രോഗികള്‍ക്കു മാത്രമേ പെരിഫെറല്‍ ബൈപ്പാസ് ഓപറേഷന്‍ പൊതുവെ നിര്‍ദ്ദേശിക്കാറുള്ളൂ. ഹൃദയത്തിന്റെ പ്രധാന ധമനിയായ അയോര്‍ട്ടയുടെ രണ്ടു സെന്റിമീറ്റര്‍ മുതല്‍ കാലിന്റെ രണ്ടു മില്ലിമീറ്റര്‍ വ്യാസം വരുന്ന രക്തക്കുഴലുകള്‍ വരെ ബൈപ്പാസ് ചെയ്യാന്‍ സാധിക്കും. സാധാരണഗതിയില്‍ രോഗികളുടെ തന്നെ രക്തക്കുഴലുകള്‍ ഉപയോഗിച്ചാണ് ബൈപ്പാസ് നടത്താറുള്ളത്. അത് ചെയ്യാന്‍ കഴിയാത്ത രോഗികളില്‍ സിന്തറ്റിക് ഗ്രാഫ്റ്റ് വച്ച് ബൈപ്പാസ് ചെയ്യാറുണ്ട്.
ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ കഴിഞ്ഞാലും ചികിത്സ അവിടെ തീരുന്നില്ല. രോഗികള്‍ എപ്പോഴും വാസ്‌കുലര്‍ സര്‍ജന്റെ തുടര്‍ചികിത്സകള്‍ തേടിക്കൊണ്ടിരിക്കുകയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിത കാലം മുഴുവന്‍ നിയന്ത്രിച്ചു നിര്‍ത്താനാവശ്യമായ മരുന്നുകള്‍ കഴിക്കേണ്ടതായും വരും. വ്യായാമം ഉള്‍പ്പെടെയുള്ള തെറാപ്പികളും മറ്റു ചികിത്സകളും തുടരേണ്ടിയും വരും.
പൊതുവെ സമൂഹത്തിലുള്ള ഒരു തെറ്റിദ്ധാരണ പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന് ഫലപ്രദമായ ചികിത്സ ഇല്ലെന്നാണ്. എന്നാല്‍ നൂതന ചികിത്സകളിലൂടെ 90 ശതമാനം രോഗികള്‍ക്കും ഫലപ്രദമായ ചികിത്സ നല്‍കാനാവും എന്നതാണ് വസ്തുത. അതായത് കാലു മുറിച്ചു മാറ്റുക അഥവാ ആംപ്യൂട്ടേഷന്‍ എന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയാറുണ്ട്. കൃത്യസമയത്ത് വിദഗ്ധനായ ഒരു വാസ്‌കുലര്‍ സര്‍ജന്റെ ചികിത്സ തേടുകയാണെങ്കില്‍ കാല്‍ മുറിച്ചു മാറ്റുന്നത് ഒഴിവാക്കി ജീവിതത്തിന്റെ വലിയ പ്രയാസങ്ങളില്‍ നിന്ന് രക്ഷ നേടി കാലുകള്‍ നഷ്ടപ്പെടാതെ ജീവിക്കാന്‍ സാധിക്കും.