വയറു നിറച്ച് ഭക്ഷണം കഴിച്ചിട്ട് ഒരു മണിക്കൂറായില്ല, അപ്പോഴേക്കും ദാ വിശന്നുതുടങ്ങി!’ എന്ന് തോന്നാറുണ്ടോ? പലരും ഈ വിശപ്പിന്റെ കാരണം ചികഞ്ഞുപോകാറില്ല. എന്നാല്‍, കൃത്യമായി ഭക്ഷണം കഴിച്ചിട്ടും എന്തുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് വിശക്കുന്നത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
വെള്ളം, ഉപ്പ്, കലോറി എന്നിവ ശരീരത്തിന് ആവശ്യമായി വരുമ്പോഴാണ് നമുക്ക് വിശപ്പ് അനുഭവപ്പെടുക. സാധാരണഗതിയില്‍, ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ വിശപ്പ് ശമിക്കുകയും ചെയ്യും. വിശപ്പ് കൂടുന്നതിനുപിന്നില്‍ അനവധി ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ടാകാം.
വയറുനിറച്ച് ആഹാരം കഴിച്ചാലും പ്രോട്ടീനും ഫൈബറും തീരെ കുറച്ചുമാത്രം അടങ്ങിയ ഭക്ഷണമാണ് നമ്മള്‍ കഴിക്കുന്നതെങ്കില്‍ വീണ്ടും വിശപ്പനുഭവപ്പെടുക സ്വാഭാവികമാണ്. പ്രോട്ടീനും ഫൈബറും നമുക്കാവശ്യമായ ഊര്‍ജം നല്‍കുക മാത്രമല്ല, ശരീരത്തിന്റെ വിശപ്പിനെ ശമിപ്പിക്കുന്നുമുണ്ട്. അതുപോലെ, ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ നമ്മുടെ ശരീരത്തിന് വിശപ്പും ദാഹവും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാതെ വരും. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ വെള്ളത്തിനു പകരം ഭക്ഷണമാണ് വേണ്ടതെന്ന് പലരും തെറ്റിധരിക്കും.
കാര്‍ബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ ഷുഗറിന്റെ അളവ് കൂടാന്‍ കാരണമാകും. ഇത് വിശപ്പുണ്ടാക്കും. ഡയറ്റ് സോഡ കുടിക്കുന്നതും വിശപ്പ് കൂട്ടുമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്. ഇതുമാത്രമല്ല, വളരെ കുറച്ച് മാത്രം ഭക്ഷണം കഴിയ്ക്കുകയോ ഒന്നും കഴിയ്ക്കാതിരിക്കുകയോ ചെയ്യുന്നവരിലും ഇടയ്ക്കിടയ്ക്ക് വിശപ്പുണ്ടാകുന്നത് സാധാരണമാണ്. നന്നായി ഉറങ്ങാന്‍ പറ്റാത്ത ദിവസങ്ങളില്‍ വിശപ്പ് കൂടാനുള്ള സാധ്യതയുണ്ട്. ഉറക്കമില്ലായ്മ നമ്മുടെ ശരീരത്തിലെ ‘ഹങ്കര്‍ ഹോര്‍മോണാ’യ ഗ്രെലിന്റെ ഉത്പാദനം കൂട്ടാന്‍ കാരണമാകും. കൂടാതെ ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.
ഭക്ഷണം കഴിക്കുമ്പോള്‍ ടിവി കാണുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ വയറിന് സംതൃപ്തി തോന്നില്ല. സ്ഥിരമായി കഴിക്കുന്നതുപോലെയൊക്കെ കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നില്ല. ഇത് നിരന്തരമായ വിശപ്പിലേക്ക് നയിക്കും. പ്രമേഹം, ഹൈപ്പോഗ്ലൈക്കീമിയ, ഹൈപ്പോതൈറോയിഡിസം എന്നീ അസുഖങ്ങളുള്ളവര്‍ക്കും ഇടയ്ക്കിടയ്ക്ക് വിശപ്പ് അനുഭവപ്പെടാം. മനസ്സ് ഉത്കണ്ഠാകുലമാകുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള ‘ഇമോഷണല്‍ ഈറ്റിങ്’ ഇപ്പോള്‍ ആളുകളില്‍ സാധാരണമാണെങ്കിലും ഇത് ആശങ്കാജനകം തന്നെയാണ്.
നിരന്തരമായ വിശപ്പിന് പിന്നില്‍ ഓരോരുത്തര്‍ക്കും ഒരോ കാരണങ്ങളുണ്ടാകാം; അത് കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കേണ്ടത് അത്യാവശമാണ്.