വളരെ പെട്ടെന്ന് വ്യാപിക്കുന്ന ക്യാൻസറുകളിൽ പ്രധാനപ്പെട്ടതാണ് ലിവര്‍ ക്യാന്‍സര്‍ അഥവാ കരളിലെ അർബുദം. മദ്യപാനം, പുകവലി, കരള്‍ രോഗങ്ങള്‍, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള സാധ്യത കൂട്ടാം. കൂടാതെ ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങള്‍ പലപ്പോഴും കരള്‍ ക്യാന്‍സറിന്‍റെ സാധ്യതയെ കൂട്ടുന്നു.
കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
- അടിവയറു വേദന, വയറിന് വീക്കം തുടങ്ങിയവ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
- ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു ലക്ഷണം. കുറച്ച് ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കിലും നിസാരമായി കാണേണ്ട.
- ശരീരത്തിനും കണ്ണിനും മഞ്ഞ നിറം ഉണ്ടാവുന്നത് ചിലപ്പോള്‍ കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
- ചര്‍മ്മം അകാരണമായി ചൊറിയുന്നതും നിസാരമായി കാണേണ്ട.
- മലത്തിന് വെള്ളം നിറം, മൂത്രത്തിന് കടുംനിറം എന്നിവയും കരളിലുണ്ടാകുന്ന ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
- അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയും കരള്‍ ക്യാന്‍സറിന്‍റെ സൂചനകളാകാം.
മറ്റു കാൻസറുകളിൽ നിന്ന് കരളിലെ കാൻസറിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. രോഗം വന്ന കരളിനെയാണ് കാൻസർ ബാധിക്കൂ എന്നതാണത്. ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് കരളിലെ കാൻസറിലേക്കു നയിക്കുന്നത്. ഈ രോഗങ്ങൾ മൂലമുള്ള കരൾനാശം സിറോസിസിലേക്കു നയിക്കും. ആദ്യഘട്ടങ്ങളിൽ ചികിത്സ തേടിയില്ലെങ്കിൽ ഇത് കരളിലെ കാൻസറിലേക്കും കരളിന്റെ പ്രവർത്തന തകരാറിലേക്കും നയിക്കും.
രോഗനിർണയം
ആദ്യഘട്ടത്തിൽ സ്ക്രീനിങ്ങ് നടത്തും. ആൽഫാഫെറ്റോ പ്രോട്ടീൻ (AFP) എന്ന രക്തപരിശോധനയാണിത്. രോഗ ലക്ഷണങ്ങളുള്ളവരിൽ AFP പരിശോധനയ്ക്കൊപ്പം അൾട്രാസൗണ്ട്സ്കാനിങ്ങും ചെയ്യും. ഇതുവഴി കരളിൽ മുഴകളോ വീക്കമോ ഉണ്ടോ എന്നറിയാൻ സാധിക്കും. മറ്റൊരു രക്തപരിശോധനയാണ് PIVKA- II കരളിന്റെയും നടുവിന്റെയും സിടി സ്കാനും എടുക്കും. കാൻസർ ഉണ്ടോ എന്നുറപ്പിക്കാൻ ഇതുവഴി കഴിയും. കരളിലെ കാൻസർ നിർണയിക്കാൻ എംആർഐ സ്കാനും ഉണ്ട്.
എങ്ങനെയാണു വ്യാപിക്കുന്നത്?
മുഴകളുടെ രൂപത്തിലാണ് കരളിൽ ഇത് വ്യാപിക്കുന്നത്. വ്യത്യസ്ത വലുപ്പത്തിൽ ആയിരിക്കും ഇവ. ഇവ ഓരോന്നും വലുതാകും.
കരളിലെ പ്രധാന രക്തക്കുഴലുകളിൽ പോർട്ടൽ വെയിൻസ് അല്ലെങ്കിൽ ഹെപ്പാറ്റിക് വെയ്ൻസ്–ൽ ആയിരിക്കും ഇത് വ്യാപിക്കുന്നത്. അവസാനഘട്ടങ്ങളിൽ കരളിലെ കാൻസർ ശ്വാസകോശങ്ങളിലേക്കും, ലിംഫ് ഗ്രന്ഥികളിലേക്കും എല്ലുകളിലേക്കും എന്തിനേറെ തലച്ചോറിേലക്കും വ്യാപിക്കും.
കരളിലെ അർബുദം എങ്ങനെ തടയാം?
കരളിലെ അർബുദത്തിനു കാരണമാകുന്ന രോഗങ്ങളെ തടയുക വഴി കരൾ കാൻസർ തടയാം. ആൽക്കഹോളിക് ലിവർ ഡിസീസ് അമിതമദ്യപാനം ഒഴിവാക്കുന്നതിലൂടെ തടയാനാകും. പ്രമേഹം നിയന്ത്രിക്കുക വഴി, ശരീരഭാരം നിയന്ത്രിച്ച്, കൊളസ്ട്രോൾ ലിപ്പിഡ് നില നിയന്ത്രിച്ച്, ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും ശീലിക്കുന്നതിലൂടെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ തടയാം.
വാക്സിനേഷനിലൂടെ ഹെപ്പറ്റൈറ്റിസ് ബി തടയാം. രക്തദാനസമയത്ത് െഹപ്പറ്റൈറ്റിസ് ‘സി’യുടെ സ്ക്രീനിങ്ങ് നടത്താം. ഡിസ്പോസിബിൾ നീഡിലുകളും സിറിഞ്ചുകളും ഉപയോഗിക്കുക വഴി ഹെപ്പറ്റൈറ്റിസ് ബി തടയാം. രോഗമുള്ളവരുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുകയും വേണം.