പ്രഥമന്‍ മലയാളികളെ സംബന്ധിച്ചെടുത്തോളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. എന്നാല്‍ എന്നും അട പ്രഥമന്‍ മാത്രം ആയാലോ, ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഉരുളക്കിഴങ്ങ് പ്രഥമന്‍ ഉണ്ടാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഉരുളക്കിഴങ്ങ് – ഒരു കിലോ (തൊലികളഞ്ഞത്)
ചൗവ്വരി – 100 ഗ്രാം
തേങ്ങ ചിരകിയത് – അഞ്ച് കപ്പ്
ശർക്കര – ഒരു കിലോ
നെയ്യ് – 25 ഗ്രാം
തേങ്ങാക്കൊത്ത് – ഒരു ടേബിൾ സ്പൂൺ
ഉണക്കമുന്തിരി – 10 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
ചുക്ക് – ഒരു കഷ്ണം
ജീരകം – ഒരു ടീസ്പൂൺ
ഏലയ്ക്ക – നാലെണ്ണം ( പൊടിച്ചത്)
തയ്യാറാക്കുന്ന വിധം
കുക്കറിൽ വെള്ളമൊഴിച്ച് ഉരുളക്കിഴങ്ങ് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. അടുപ്പിൽ നിന്ന് വാങ്ങി ആവി പോയശേഷം തുറന്ന് ഉരുളക്കിഴങ്ങ് ഉടയ്ക്കുക. തേങ്ങ ചിരകിയതിൽ വെള്ളം ചേർത്ത് പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും ഓരോ കപ്പ് വീതം തയ്യാറാക്കുക. ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലേക്ക് മൂന്നാം പാലും ചൗവ്വരിയും ശർക്കരയും ചേർത്ത് വഴറ്റുക. ശേഷം രണ്ടാം പാൽ ചേർക്കാം. അത് പകുതി വറ്റി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി വാങ്ങാം.
ചീനച്ചട്ടിയിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്തും മുന്തിരിയും അണ്ടിപ്പരിപ്പും ചുവക്കെ വറുത്തെടുക്കണം. ഇതും വറുത്തു പൊടിച്ച ചേരുവകളും പായസത്തിൽ ചേർത്തിളക്കി യോജിപ്പിക്കാം.