സ്ത്രീ സൗന്ദര്യത്തിൽ കണ്ണിനുള്ള പങ്ക് പറയേണ്ടതില്ലല്ലോ.. കണ്ണ് മുഖത്തിന് അഴക് കൂട്ടും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം പലപ്പോഴും കണ്ണിൻറെ ഭംഗിയെ ഇല്ലാതാക്കുന്നു. അമിതമായ സമ്മർദ്ദം, ഉറക്ക കുറവ് എന്നിവയെല്ലാം കണ്ണിൻറെ സൗന്ദര്യത്തെ ബാധിക്കുന്നു. കണ്ണിന് ചുറ്റുമുള്ള ഡാർക് സർക്കിൾസ് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ഒരു ചെറിയ പായ്ക്ക് നോക്കാം.
മഞ്ഞൾ
ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളാലും ആൻ്റി ഓക്സിഡൻ്റുകളാലും സമ്പുഷ്ടമാണ് മഞ്ഞൾ. മാത്രമല്ല ചർമ്മത്തിന് നിറം നൽകാനും മഞ്ഞൾ സഹായിക്കും. അമിതമായ സൂര്യപ്രകാശം, ഉറക്കക്കുറവ്, പിഗ്മെൻ്റേഷൻ എന്നീ കാരണങ്ങളാൽ ഉണ്ടാകുന്ന ഡാർക് സർക്കിൾസ് കുറയ്ക്കാൻ മഞ്ഞൾ ഏറെ നല്ലതാണ്. മുഖത്തിന് മഞ്ഞൾ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, ഇത് വീക്കം കുറയ്ക്കുന്നു.
പാൽ
പാൽ നല്ലൊരു ക്ലെൻസറാണ്. ചർമ്മത്തെ ശുദ്ധീകരിക്കാനും സുഷിരങ്ങളെ തുറന്ന് വ്യത്തിയാക്കാനും പാൽ നല്ലതാണ്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ പാൽ സഹായിക്കും. ഈർപ്പം നിലനിർത്തി ചർമ്മത്തിന് ഉന്മേഷം നൽകാൻ പാൽ സഹായിക്കും. ഇതിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിന് തിളക്കം കൂട്ടാൻ സഹായിക്കും. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിന് നല്ല സംരക്ഷണം നൽകാൻ സഹായിക്കും.
കാപ്പിപൊടി
ചർമ്മത്തിന് പാർശ്വഫലങ്ങളില്ലാതെ എക്സ്ഫോളിയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ് കാപ്പിപൊടി. ഇതിലെ പല ഘടകങ്ങളും ചർമ്മത്തെ എളുപ്പത്തിൽ തിളക്കും വീണ്ടെടുക്കാൻ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനും ഇത് നല്ലതാണ്. നല്ലൊരു സ്ക്രബായി പ്രവർത്തിക്കുന്ന കാപ്പിപൊടി ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുനരുജ്ജീവൻ നൽകാൻ സഹായിക്കും. ചർമ്മത്തിന് കൂടുതൽ ഉന്മേഷം ലഭിക്കാനും കാപ്പിപൊടി വളരെ നല്ലതാണ്. രക്തചംക്രമം കൂട്ടി വീക്കം ഇല്ലാതാക്കാൻ കാപ്പിപൊടി ഏറെ സഹായിക്കും.
തേൻ
ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ഇത് ചർമ്മത്തിന് തിളക്കം നൽകാൻ ഏറെ സഹായിക്കും. മാത്രമല്ല നല്ലൊരു മോയ്ചറൈസറാകാൻ തേനിന് കഴിയും. ഈർപ്പം നിലനിർത്താനും മൃദുവാക്കാനും തേൻ വളരെ നല്ലതാണ്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാൻ സഹായിക്കും. ചർമ്മത്തെ പോഷിപ്പിക്കാനും തേൻ സഹായിക്കും. നല്ലൊരു സ്ക്രബായി പ്രവർത്തിക്കാൻ ഇത് സഹായിക്കും.
ഇത് തയാറാക്കാൻ
ഇതിനായി ഒരു ടേബിൾ സ്പൂൺ തിളപ്പിക്കാത്ത പാൽ എടുക്കുക ഇതിലേക്ക് ഒരു നുള്ള മഞ്ഞൾ പൊടിയും അൽപ്പം കാപ്പിപൊടിയും തേനും ചേർക്കുക. നന്നായി യോജിപ്പിക്കുക. ഇനി ഇത് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുക. 10 മിനിറ്റിന് ശേഷം ഇത് അൽപ്പം തണുപ്പുള്ള വെള്ളത്തിൽ കഴുകി വ്യത്തിയാക്കാം. വെറും ഒരാഴ്ച കൊണ്ട് തന്നെ കണ്ണിൻ്റെ കറുപ്പ് മാറ്റാൻ സാധിക്കും.