പാടുകളില്ലാതെ മുഖം തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ പെൺകുട്ടികളും. ഒരു ദിവസത്തെ ജോലി തിരക്കും അന്തരീക്ഷ മലിനീകരണവുമൊക്കെ ചർമ്മത്തെ പല രീതിയിലാണ് ബാധിക്കുന്നത്. ഇതിനുപുറമെ മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയും അതുപോലെ ചർമ്മത്തെ വളരെ മോശമായി ബാധിക്കുന്നു. മുഖക്കുരുവും പാടുകളും മാറ്റി ചർമ്മം നല്ല ക്ലിയറാക്കി എടുക്കാൻ അടുക്കളയിൽ തന്നെയുണ്ട് പരിഹാരം.
എന്തെങ്കിലും ഒരു വിശേഷ ദിവസം വന്നാൽ ചർമ്മത്തിൻ്റെ കരിവാളിപ്പ് എല്ലാവരെയും അലട്ടാറുണ്ട്. നിമിഷ നേരം കൊണ്ട് ചർമ്മത്തിന് നിറം നൽകാൻ സഹായിക്കുന്ന ഒരു സ്ക്രബാണിത്. അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചേരുവകൾ മാത്രം മതി ഇത് തയാറാക്കാൻ.
പഞ്ചസാര
ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം പഞ്ചസാരയിലുണ്ട്. ചർമ്മത്തിലെ നിറവ്യത്യാസം മാറ്റാൻ ഏറെ നല്ലതാണ് പഞ്ചസാര. പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചസാര ഏറെ സഹായിക്കും. ആൻ്റി ഏജിംഗ് ഗുണങ്ങൾ ഉള്ളതിനാൽ ചർമ്മത്തിൻ്റെ പ്രായമാകുന്ന ലക്ഷണങ്ങളെയും തടയും. യുവത്വവും തുടിപ്പും നിലനിർത്താൻ പഞ്ചസാര ഉപയോഗിച്ചുള്ള ഫേസ് പായ്ക്കുകൾ നല്ലതാണ്. കൂടാതെ ചർമ്മത്തിലെ മങ്ങൽ മാറ്റി നല്ല നിറം നൽകാനും എപ്പോഴും നല്ല ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും വയ്ക്കാൻ പഞ്ചസാരയ്ക്ക് കഴിയും.
ഉപ്പ്
ഉപ്പില്ലാത്ത കറികളെ കുറിച്ച് ആർക്കും ചിന്തിക്കാൻ കഴിയില്ല. അതുപോലെ ചർമ്മത്തിനും ഉപ്പ് മികച്ചതാണ്. നല്ലൊരു എക്സ്ഫോളിയേറ്ററാണ് ഉപ്പ്. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുനരുജ്ജീവൻ നൽകാൻ ഉപ്പ് ഏറെ സഹായിക്കും. വരണ്ട ചർമ്മത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപ്പ് വളരെ നല്ലതാണ്. മുഖക്കുരുവും അത് മൂലമുള്ള പാടുകളും മാറ്റാനും ഉപ്പ് ഏറെ സഹായിക്കും. സുഷിരങ്ങളിലെ ബാക്ടീരിയകളെ പാടെ മാറ്റി ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഉപ്പ് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചർമ്മത്തിന് ഏറെ ആവശ്യമുള്ളതാണ്.
തേൻ
ചർമ്മത്തിന് തിളക്കം കൂട്ടാൻ ഏറെ നല്ലതാണ് തേൻ. പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും തേൻ സഹായിക്കും. ഇതിലെ ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിന് എന്തെങ്കിലും തരത്തിലുള്ള വീക്കമോ അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് കുറയ്ക്കാൻ സഹായിക്കും. ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായ തേൻ പാർശ്വഫലങ്ങളില്ലാതെ ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. ചർമ്മത്തെ മോയ്ചറൈസ് ചെയ്ത് ജലാംശം നിലനിർത്താൻ ഏറെ മികച്ചതാണ് തേൻ. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയാനും തേൻ സഹായിക്കും. മുഖക്കുരുവും അത് മൂലമുണ്ടാകുന്ന പാടുകളും തേൻ ഇല്ലാതാക്കും.
പായ്ക്ക് തയാറാക്കാൻ
ഈ പായ്ക്ക് തയാറാക്കാനായി ഒരു ടേബിൾ സ്പൂൺ തേനും 1 ടേബിൾ സ്പൂൺ പഞ്ചസാരയും 1 ടേബിൾ സ്പൂൺ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. പഞ്ചസാര ചെറിയ തരിയായി കിടക്കുന്നതാണ് നല്ലത്. ഇനി ഇത് മുഖക്കുരുവും പാടുകളുമുള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ആഴ്ചയിൽ ഒരു ദിവസം ഈ സിമ്പിൾ സ്ക്രബ് ഉപയോഗിക്കുന്നത് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്.