പുകയിലയ്ക്കെതിരായ ക്യാംപയിന്റെ ഭാഗമായി എല്ലാ വര്‍ഷവും മെയ് 31-ന് ആചരിക്കുന്ന ലോക പുകയില രഹിത ദിനം. ആഗോള-ഇന്ത്യന്‍ വീക്ഷണകോണില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് പുകയില ഉപഭോഗവും വിവിധ ശ്വാസകോശ രോഗങ്ങളും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാനാവില്ല. പുകയില ഉപയോഗവുമായി ബന്ധപ്പെട്ട സാധാരണ ശ്വാസകോശ രോഗങ്ങള്‍, അവയുടെ ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അറിവുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് ഇത്തരം ദിനാചരണങ്ങള്‍ നാം ഉപയോഗിക്കേണ്ടത്.
ശ്വാസകോശ രോഗങ്ങള്‍
ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി): സിഒപിഡി മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന ഒരു ശ്വാസകോശ രോഗമാണ്. വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണങ്ങള്‍. ഇടയ്ക്കിടെയുള്ള ശ്വാസകോശ അണുബാധയും ഇതിന്റെ ഭാഗമാണ്. സിഒപിഡിയുടെ പ്രധാന കാരണം പുകവലിയാണ്, ഏകദേശം 85% രോഗങ്ങള്‍ക്കും കാരണം പുകവലി തന്നെയാണ്.
ശ്വാസകോശ അര്‍ബുദം: പുകയില ഉപയോഗം ശ്വാസകോശ അര്‍ബുദം വരാനുള്ള കാര്യമായ കാരണമാണ്. വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന, പ്രത്യേകമായ മറ്റു കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് വണ്ണം കുറയല്‍, ചുമച്ചാല്‍ രക്തം വരുന്ന അവസ്ഥ എന്നിവ രോഗലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. നേരത്തെ രോഗം കണ്ടെത്തുകയെന്നതും സമയബന്ധിതമായ ചികിത്സയും രോഗത്തെ അതിജീവിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തിയേക്കാം.
ശ്വാസകോശ സംബന്ധമായ അണുബാധകള്‍: രോഗപ്രതിരോധ സംവിധാനത്തെ പൂര്‍ണ്ണമായും പുകവലി ദുര്‍ബലപ്പെടുത്തുന്നു, ഇത് ന്യുമോണിയ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് ഇടവരുത്തുന്നു. ഈ അണുബാധകള്‍ ശ്വാസകോശങ്ങളെ കൂടുതല്‍ തകരാറിലാക്കുകയും നിലവിലുള്ള അവസ്ഥകള്‍ വഷളാക്കുകയും ചെയ്യും.
പുകയില ഉപയോഗം
ആഗോളതലത്തില്‍, പുകയില ഉപയോഗം പ്രതിവര്‍ഷം 8 ദശലക്ഷത്തിലധികം പേരെയാണ് കൊല്ലുന്നത്. നേരിട്ടുള്ള പുകയില ഉപയോഗം മൂലമുള്ള ഏഴു ദശലക്ഷത്തിലധികം മരണങ്ങളും പുകവലി മൂലം 1.2 ദശലക്ഷത്തിലധികം മരണങ്ങളും സംഭവിക്കുന്നു. ഇന്ത്യയില്‍, പുകയിലയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം ജീവന്‍ അപഹരിക്കുന്നുവെന്നാണ് കണക്ക്. നമുക്ക് തടയാവുന്ന മരണങ്ങളുടെ ഗണത്തിലുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.
ശ്രമങ്ങളും ചികിത്സാ മാര്‍ഗ്ഗങ്ങളും
പുകയില ഉപയോഗത്തിനെതിരെ പോരാട്ടങ്ങളും പുകയില രഹിത സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളും ശ്വാസകോശ രോഗങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്.
പുകയില നിയന്ത്രണ നയങ്ങള്‍
ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ പുകയില ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കുക, സചിത്ര ആരോഗ്യ മുന്നറിയിപ്പുകള്‍ നടപ്പിലാക്കുക, പുകയില പരസ്യം നിരോധിക്കുക, പുകവലി രഹിത പൊതു ഇടങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നു. ഇന്ത്യയിലും ഇത്തരം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതിനെയെല്ലാം ചെറുത്തുതോല്‍പിക്കാന്‍ മാത്രം കെല്പുള്ളതാണ് പുകയിലയുടെ വിപണി ശക്തി.
വിദ്യാഭ്യാസവും അവബോധവും
പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജന അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസ പ്രചാരണങ്ങള്‍, സ്‌കൂള്‍ പരിപാടികള്‍, കമ്മ്യൂണിറ്റി സംരംഭങ്ങള്‍ എന്നിവ പുകവലിയുടെ അപകടങ്ങളെക്കുറിച്ച് വ്യക്തികളെ ബോധവത്കരിക്കാന്‍ സഹായിക്കും. ചെറു പ്രായത്തില്‍ പുകവലിയോടും പുകവലിക്കുന്ന സിനിമയിലെ നായികാനായകന്‍മാരോടും തോന്നുന്ന ആരാധനയ്ക്കു പകരം പുകവലിയുടെ ദോഷങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂടി അത്തരം മാധ്യമങ്ങളെ ഉപയോഗിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്.
പുകവലി നിര്‍ത്തല്‍ പരിപാടികള്‍
പുകവലി ഉപേക്ഷിക്കാന്‍ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നത് പരമപ്രധാനമാണ്. നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി, ബിഹേവിയറല്‍ കൗണ്‍സിലിംഗ്, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പുകവലി നിര്‍ത്തല്‍ പരിപാടികളും ഇടപെടലുകളും ആളുകളെ ഉപേക്ഷിക്കാന്‍ സഹായിക്കുന്നതില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.