മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. 73ാം വയസ്സിലും പ്രേക്ഷകരെ ഞെട്ടിച്ച് അഭിനയ ജീവിതത്തില്‍ വിജയക്കുതിപ്പ് നടത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക. 400ല്‍ അധികം സിനിമകളില്‍ അഭിനയിക്കുകയും ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത അദ്ദേഹം ഇന്നും അക്ഷരാർത്ഥത്തിൽ ആരാധകരുടെ ആവേശമാണ്. അഞ്ച് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ മലയാളികള്‍ തങ്ങളുടെ മമ്മൂക്കയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണമാണ് മെഗാസ്റ്റാര്‍ എന്നത്. 1987 ല്‍ ആണ് തനിക്ക് ഇത്തരമൊരു വിശേഷണം ലഭിച്ചതെന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നോ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നോ അല്ല തനിക്ക് ഈ മെഗാസ്റ്റാര്‍ വിശേഷണം കിട്ടിയതെന്നും മമ്മൂട്ടി വെളിപ്പെടുത്തുന്നുണ്ട്.
ടര്‍ബോ എന്ന സിനിമയുടെ പ്രമൊഷനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഖാലിദ് അല്‍ അമേരിയുമായി നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറയുന്നത്. 1987 ല്‍ ദുബായിലെ ഒരു പരിപാടിക്കെത്തിയപ്പോള്‍ അവിടുത്തെ ഒരു മാദ്ധ്യമമാണ് തന്നെ മെഗാസ്റ്റാര്‍ എന്ന് വിളിച്ചത്. ഇക്കാര്യം അമേരിയോട് മമ്മൂക്ക പറയുന്നുണ്ട്. ദുബായ് നഗരം തനിക്ക് രണ്ടാമത്തെ വീടാണെന്നാണ് മമ്മൂട്ടി പറയുന്നത്. അന്ന് ഇവിടെ എത്തിയപ്പോള്‍ ഒരു മാദ്ധ്യമമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ദുബായ് മണ്ണിലേക്ക് വരുന്നുവെന്ന വിശേഷണം ആദ്യമായി നല്‍കിയത്. അതിന് ശേഷമാണ് എല്ലാവരും തന്നെ അങ്ങനെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത്. മമ്മൂട്ടി പറയുന്നു.
അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന വിശേഷണം തനിക്ക് താത്പര്യമില്ലാത്ത ഒന്നാണെന്നും അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും വളരെ സ്നേഹത്തോടെ മമ്മൂക്ക എന്ന് വിളിക്കുന്നതാണ് ഇഷ്ടവും സന്തോഷവുമെന്നും അദ്ദേഹം പറയുന്നു. അതേസമയം മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ലോകം വിട്ടുപോയാൽ തന്നെ ഒരു വർഷത്തിൽ കൂടുതൽ ആരും ഓർക്കില്ലെന്ന് നടൻ മമ്മൂട്ടി പറഞ്ഞു. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് താൻ എന്നാണ് താരം പറയുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.
ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടത് എന്ന് ഖാലിദിന്റെ ചോദ്യത്തിനാണ് മമ്മൂട്ടി ഹൃദയസ്പർശിയായ മറുപടി നൽകിയത്. ‘എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥൻമാരെ പോലും വളരെ കുറച്ചു പേരാണ് ഓർത്തിരിക്കുന്നത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമിക്കപ്പെടുമെന്നാണ്. എന്നാൽ, അങ്ങനെ നടക്കില്ല.’- മമ്മൂട്ടി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് മമ്മൂട്ടിയുടെ വിഡിയോ. നിരവധി ആരാധകരാണ് താരത്തിന്റെ വാക്കുകളോട് വികാരഭരിതമായി പ്രതികരിക്കുന്നത്. സിനിമയുള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടൻ ഓർമിക്കപ്പെടുമാണ് ആരാധകർ കുറിക്കുന്നത്. സിനിമയോടുള്ള തന്റെ അടങ്ങാത്ത സ്നേഹത്തേക്കുറിച്ചും മമ്മൂട്ടി പ്രതികരിച്ചു. സിനിമ ഒരിക്കലും തന്നെ മടുപ്പിച്ചിട്ടില്ലെന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്നുമാണ് മമ്മൂട്ടി പറഞ്ഞത്. വൈശാഖ് സംവിധാനം ചെയ്ത ടർബോ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.