നാം കുടിക്കുന്ന പാനീയങ്ങളിൽ വളരെ സാധാരണമായി ഉപയോഗിക്കുന്ന ചേരുവുകളിൽ ഒന്നാണ് പുതിനയില. ഭക്ഷണപദാർത്ഥങ്ങളിൽ മാത്രമല്ല ചർമസംരക്ഷണ ഉത്പന്നങ്ങളിലും പുതിനയില ഉൾപ്പെടുന്നു. മുഖക്കുരുവിന്റെ പാളുകൾ അകറ്റുന്നതിന് ഇവ നല്ലതാണ്. അവയ്ക്ക് നിരവധി ഔഷധ ഗുണങ്ങളുണ്ട്. ശരീരഭാരം കുറയ്ക്കാനും ദഹനത്തെ സഹായിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പുതിനയില സഹായിക്കും.
ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമാണ് പുതിന. ഇത് ദഹനത്തെയും തലച്ചോറിൻ്റെ പ്രവർത്തനത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പുതിനയിൽ റോസ്മാരിനിക് ആസിഡും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല, വൈറ്റമിൻ സി പോലുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ പുതിനയില സമ്പന്നമാണ്. ഇത് പ്രമേഹ രോഗികളിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കും.
ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു
തടി കുറക്കാൻ ശ്രമിക്കുന്നവർക്കും പുതിന വെള്ളം ഗുണം ചെയ്യും. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നതിനാൽ, ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അതിലൂടെ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുന്നു. വേഗത്തിലുള്ള മെറ്റബോളിസം സ്വാഭാവികമായും ശരീരഭാരം കുറയ്ക്കുന്നു. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പുതിനയില വെള്ളം പരീക്ഷിച്ചു നോക്കുക.
മുഖക്കുരു കുറയ്ക്കുന്നു
സാലിസിലിക് ആസിഡ് അടങ്ങിയ പുതിന, മുഖക്കുരു സാധ്യതയുള്ള ചർമ്മത്തെ ചികിത്സിക്കുന്നതിനും മുഖക്കുരു പാടുകളും കുറയ്ക്കുന്നതിനും സഹായിക്കുന്നു. പുതിനയിൽ ഫോസ്ഫേറ്റ്, കാൽസ്യം, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ, ഫിനോളിക്സ് എന്നിവ അടങ്ങിയിട്ടുണ്ട്. അവയ്ക്ക് മികച്ച ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.പുതിനയിൽ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിലൂടെ മുഖക്കുരു, ഹൈപ്പർപിഗ്മെൻ്റേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മപ്രശ്നങ്ങളെ അകറ്റുന്നതിന് സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ജലാംശം നിലനിർത്തുന്നു
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നല്ല ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ്. വെള്ളം കുടിക്കാൻ മടിയാണെങ്കിൽ പുതിനയില ചേർത്ത വെള്ളം കുടിക്കാം.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
പുതിനയില വെള്ളം കുടിക്കുന്നതിന്റെ മറ്റൊരു ഗുണം പ്രതിരോധശേഷി ശക്തിപ്പെടുത്തും എന്നതാണ്. പുതിനയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് അറിയപ്പെടുന്നു. ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. നിരവധി രോഗങ്ങൾക്കെതിരെ പോരാടാനും സഹായിക്കും.
ദഹനാരോഗ്യത്തിന് മികച്ചതാണ്
ദഹനപ്രശ്നങ്ങൾ നേരിടുന്നവർക്ക് പുതിനയില വെള്ളം ആശ്വാസം നൽകും. പുതിനയിലയിൽ മെന്തോൾ എന്ന സജീവ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിച്ച് ദഹനത്തെ ഉത്തേജിപ്പിക്കുന്നു. വയറുവേദന, ഗ്യാസ്, ആസിഡ് റിഫ്‌ളക്‌സ് തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിന് മികച്ചതാണ്.
ചർമ്മാരോഗ്യത്തിന് ഗുണം ചെയ്യും
പുതിനയില വെള്ളം ചർമ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചർമ്മത്തിന് ജലാംശം നൽകാനും സുഷിരങ്ങൾ ശക്തമാക്കാനും പുതിനയില വെള്ളം സഹായിക്കും. പുതിന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ചർമ്മവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകും.