History

ഭൂമിക്കടിയിലെ അത്ഭുത നഗരം; ഡെറിന്‍കുയുവിന്റെ പ്രത്യേകതകൾ

നമ്മൾ ചവിട്ടി നിൽക്കുന്ന ഭൂമിയിൽ വീടുകള്‍ക്കു താഴെ മണ്ണിനടിയില്‍ ഒരു ഭൂഗര്‍ഭ നഗരം ഉണ്ടായാലോ… ചരിത്രത്താളുകളില്‍ ഭൂമിക്കടിയിലെ നഗരങ്ങള്‍ പുതുമയുള്ള കാര്യമല്ല. പുരാതന കാലം മുതലേ മനുഷ്യർ ശത്രുക്കളിൽനിന്ന് അഭയം തേടാനും ഭൂഗർഭ ഒളിസങ്കേതങ്ങൾ നിർമിച്ചിട്ടുണ്ട് . അത്തരത്തില്‍ പലതും ലോകത്തിനേ‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്താമെങ്കിലും വിസ്മയിപ്പിക്കുന്നത് തുര്‍ക്കിയിലെ ഡെറിന്‍കുയു ഭൂഗർഭ നഗരമാണ്. 1963 ല്‍ ഇവിടുത്തെ ഒരു താമസക്കാരന്‍ തന്റെ ഭിത്തിയുടെ മറുഭാഗത്ത് വളരെ ആകസ്മികമായി ഒരു തുരങ്കം കണ്ടെത്തുന്നതോടെയാണ് ഡെറിന്‍കുയുവിന്റെ രണ്ടാം ചരിതം തുടങ്ങുന്നത്.എഡി 780 നും 1180 നും ഇടയിലുള്ള അറബ്-ബൈസന്റൈൻ യുദ്ധകാലത്ത് അറബികളിൽനിന്ന് രക്ഷനേടാൻ നിർമിച്ചതാണ് ഡെറിന്‍കുയു ഭൂഗർഭ നഗരം. മൾട്ടി ലെവൽ നഗരമാണിത്.

ഭൂമിയില്‍ നിന്നും 250 അടി താഴെയാണ് ഈ അത്ഭുത നഗരം സ്ഥിതി ചെയ്യുന്നത്. ഏറ്റവും പ്രധാനമായി വേണ്ടുന്ന ശുദ്ധജലത്തിനും ശുദ്ധവായുവിനും ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 18 നിലകളാണ് ഈ അദ്ഭുത നഗരത്തിനുള്ളത്. മനുഷ്യര്‍ക്കും ഇതിനുള്ളിലെ മൃഗങ്ങള്‍ക്കും ഭൂമിക്കു മുകളിലേക്ക് വരാതെ വര്‍ഷങ്ങളോളം താമസിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഈ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. യാത്രക്കാര്‍ക്ക് പോകുവാനുള്ള തുരങ്കങ്ങള്‍, കിണറുകള്‍, മീറ്റിങ് റൂമുകള്‍, കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഇടങ്ങള്‍, ചാപ്പലുകള്‍, ശേഖരണ മുറികള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള ഇടം, വൈനും എണ്ണയും ശേഖരിച്ചുവച്ചിരിക്കുന്ന ഇടം എന്നിങ്ങനെ അമ്പരപ്പിക്കുന്ന പ്രത്യേകതകള്‍ നിരവധിയുണ്ട് ഡെറിന്‍കുയുവിന് .

20,000 ത്തോളം പേർക്ക് ഒരേ സമയം ഇവിടെ കഴിയാൻ സാധിക്കും. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള സംഭരണ ശാലകള്‍, ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാന്‍ ആഴത്തിലുള്ള കിണറുകള്‍, ശുദ്ധവായു കടക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം ഇവിടെ സജ്ജമായിരുന്നു. ചെറിയ തുരങ്കങ്ങള്‍ വഴി മാത്രമേ ഇതിലേക്ക് കടക്കുവാന്‍ സാധിക്കു. അതുതന്നെ ഇവിടം കയ്യടക്കുവാനെത്തുന്ന ശത്രുക്കളെ ലക്ഷ്യം വെച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതും.കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി ഇവിടെ തുരങ്കത്തില്‍ പ്രത്യേകം ഫാമിലി റൂമുകളും ഉണ്ടായിരുന്നു. ഇതിനെ മറ്റു തുരങ്കങ്ങള്‍ വഴി മറ്റിടങ്ങളുമായും ബന്ധിപ്പിച്ചിരുന്നു. 1963 ല്‍ ലാണ് ഡെറിന്‍കുയു നഗരം കണ്ടെത്തുന്നത്. പിന്നീട് 1969 ല്‍ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു