ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് ഇരട്ടയക്ക സീറ്റുകളിൽ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. എക്സിറ്റ്പോളുകളിൽ കർണാടകയിൽ എൻ.ഡി.എ മുന്നേറ്റം പ്രവചിച്ചതിന് പിന്നാലെയാണ് ശിവകുമാറിന്റെ പ്രവചനം.
ഞാൻ എക്സിറ്റ്പോളുകളിൽ വിശ്വസിക്കുന്നില്ല. ജൂൺ നാലിന് ഇരട്ടയക്ക സീറ്റുകൾ നേടി കോൺഗ്രസ് വിജയിക്കും. ഫീൽഡിൽ നിന്നുള്ള റിപ്പോർട്ടർമാരോട് ചോദിക്കു, നിങ്ങൾക്ക് തെരഞ്ഞെടുപ്പിന്റെ യഥാർഥ ചിത്രം ലഭിക്കുമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇൻഡ്യ മുന്നണി 150 സീറ്റുകളിൽ ഒതുങ്ങുമെന്ന എക്സിറ്റ്പോൾ ഫലങ്ങളും തെറ്റാണെന്ന് ശിവകുമാർ വ്യക്തമാക്കി.
കുറച്ച് സാമ്പിളുകൾ മാത്രം എടുത്താണ് എക്സിറ്റ്പോളുകൾ നടത്തുന്നത്. വിവിധ മേഖലകളിലേക്ക് എക്സിറ്റ്പോളുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നില്ല. നിങ്ങൾ എന്നെ വിശ്വസിക്കു, രാജ്യത്ത് ഇൻഡ്യ മുന്നണി അധികാരമേറ്റെടുക്കാൻ പോവുകയാണെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
അതേസമയം, എക്സിറ്റ്പോളുകളെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.പിയും ദേശീയ യുവമോർച്ച പ്രസിഡന്റുമായ തേജസ്വി സൂര്യ രംഗത്തെത്തി. നിയമസഭ, മുൻസിപ്പൽ തെരഞ്ഞെടുപ്പിലോ അല്ല വോട്ട് ചെയ്യുന്നതെന്ന് ജനങ്ങൾക്ക് അറിയാം. അവർ ബി.ജെ.പിക്ക് വോട്ട് ചെയ്ത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് തേജസ്വി സൂര്യ പറഞ്ഞു.