Television

Bigg Boss Malayalam Season 6; നക്കി നോക്കിയും തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

വൃത്തിയില്ലായ്മയുടെ പേരിൽ ജാസ്മിനെ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ചെയ്തത് ജിന്റോ അടക്കമുള്ള മറ്റ് മത്സരാർത്ഥികളുടെ ആരാധകരായിരുന്നു

ബിഗ് ബോസ് മലയാളം സീസൺ ആറിൽ വൃത്തിയുടെ പേരിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥിയാണ് ജാസ്മിൻ ജാഫർ. സീസൺ തുടങ്ങിയ ആദ്യ ആഴ്ചയിൽ താൻ ഒന്നിടവിട്ട ദിവസങ്ങളിലെ കുളിക്കാറുള്ളൂവെന്ന ജാസ്മിന്റെ വാക്കുകളായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്. ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ജാസ്മിന്റെ വൃത്തിയില്ലായ്മ പല അവസരങ്ങളിലും വലിയ രീതിയിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായി.

തുമ്മൽ തെറിച്ച ചായ സഹമത്സരാർത്ഥികൾക്ക് നൽകിയതും മൂക്ക് തുടച്ച കൈ കൊണ്ട് ഭക്ഷണം തയ്യാറാക്കിയതും ചെരുപ്പിടാതെ ടോയ്ലെറ്റ് ഉപയോ​ഗിച്ചതും കാലിലെ തൊലി കടിച്ച് കളഞ്ഞതുമെല്ലാം വലിയ രീതിയിൽ ജാസ്മിൻ വിമർശിക്കപ്പെടാൻ കാരണമായി. അവതാരകനായ മോഹൻലാൽ അടക്കം ജാസ്മിനെ ചോദ്യം ചെയ്യുകയും ശാസിക്കുകയും ചെയ്തിട്ടുണ്ട്.

ഹൗസിൽ നിന്ന് പുറത്തുവന്നവരടക്കം ജാസ്മിന്റെ വൃത്തിയെ വിമർശിക്കാറുണ്ടായിരുന്നു. പുറത്ത് വന്ന മത്സരാർത്ഥികൾ അഭിമുഖങ്ങൾ നൽകുമ്പോൾ ഏറ്റവും കൂടുതൽ നേരിട്ട ചോദ്യവും ജാസ്മിന്റെ വൃത്തിയെ കുറിച്ചുള്ള അഭിപ്രായങ്ങളാണ്. ​ഗബ്രിയും മറ്റ് ചില മത്സരാർത്ഥികളും ഒഴികെ ബാക്കി എവിക്ടായ മത്സരാർത്ഥികളെല്ലാം വൃത്തിയുടെ കാര്യത്തിൽ ജാസ്മിനെ കുറ്റപ്പെടുത്തിയാണ് അപ്പോഴെല്ലാം സംസാരിച്ചത്.

വൃത്തിയില്ലായ്മയുടെ പേരിൽ ജാസ്മിനെ ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് ചെയ്തത് ജിന്റോ അടക്കമുള്ള മറ്റ് മത്സരാർത്ഥികളുടെ ആരാധകരായിരുന്നു. എന്നാലിപ്പോൾ തുപ്പൽ പറ്റിയ കയ്യുമായി മാവ് കുഴയ്ക്കുന്ന ജിന്റോയുടെ ഹൗസിൽ നിന്നുള്ള വീഡിയോയാണ് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. സിജോയും ജിന്റോയും ഭക്ഷണം തയ്യാറാക്കുന്ന തിരക്കിലാണ്.