പ്രകൃതിയുടെ പോഷക കലവറയെന്നു തന്നെ ബീറ്റ്‌റൂട്ടിനെ വിശേഷിപ്പിക്കാം. വിറ്റമിന്‍ സി, നാരുകള്‍, പൊട്ടാസ്യം പോലുള്ള അവശ്യധാതുക്കള്‍, മാംഗനീസ്, മഗ്നീഷ്യം, ഇരുമ്പ്, വിറ്റമിന്‍ എ, ബി 6, സി,ഫോളിക്കാസിഡ്, സിങ്ക് കാര്‍ബോഹൈഡ്രേറ്റ് എന്നിവയാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം കുട്ടികളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തുക എന്നത് വളരെ പ്രയാസമാണ്. അവരെ ബീറ്റ്‌റൂട്ട് കഴിപ്പിക്കാനുള്ള എളുപ്പമാര്‍ഗമാണ് രുചികരമായ ബീറ്റ്‌റൂട്ട് റൈസ്. അധികം ചേരുവയൊന്നുമില്ലാതെ വളരെ എളുപ്പത്തില്‍ ബീറ്റ്‌റൂട്ട് റൈസ് എങ്ങനെ തയാറാക്കാം എന്ന് നോക്കാം …
ചേരുവകൾ
ബട്ടർ – ഒരു ടേബിൾ സ്പൂൺ
ഏലയ്ക്ക – രണ്ടെണ്ണം
കറുവാപ്പട്ട – ഒരു കഷ്ണം
ഗ്രാമ്പൂ – രണ്ടെണ്ണം
കുരുമുളക് – നാലെണ്ണം
പച്ചമുളക് – രണ്ടെണ്ണം
ഉള്ളി – നാലെണ്ണം (നീളത്തിൽ അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
ബീറ്റ്‌റൂട്ട് – രണ്ടെണ്ണം (തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്)
പശുവിൻ പാൽ – നാല് കപ്പ്
ബിരിയാണി അരി- രണ്ട് കപ്പ് (അരമണിക്കൂർ വെള്ളത്തിൽ കുതിർത്തത്)
ചീസ് ക്യൂബ്‌സ് – നാലെണ്ണം
തയ്യാറാക്കുന്ന വിധം
കുക്കറിൽ ബട്ടർ ഇട്ട് ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, കുരുമുളക് ഇവയിട്ട് വഴറ്റുക. അതിലേക്ക് ഉള്ളിയും, പച്ചമുളകും ഉപ്പും ചേർത്ത് ഉള്ളി ചുവന്ന നിറമാകുന്നതുവരെ വഴറ്റുക. ശേഷം അരിയും ബീറ്റ്‌റൂട്ടും പശുവിൻപാലും ചേർത്തിളക്കി കുക്കർ അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കിവെച്ച് ആവി പോയശേഷം തുറന്ന് ചീസ് ഗ്രേറ്റ് ചെയ്തിട്ട് വിളമ്പാം.