Travel

മനസ്സിന് കുളിർമയേകാൻ പോകാം തുഷാര​ഗിരി വെളളച്ചാടത്തിലേക്ക്

കോഴിക്കോട് ജില്ലയിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് തുഷാരഗിരി വെള്ളച്ചാട്ടം. സഞ്ചാരികൾക്ക് സകുടുംബം വരുന്ന ഇടങ്ങളിലൊന്നാണ് കോടഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന, കേരളത്തിലെ തന്നെ ഏറ്റവും മികച്ച വെള്ളച്ചാട്ടങ്ങളിലൊന്നായ തുഷാരഗിരി വെള്ളച്ചാട്ടം. പച്ചപ്പും തണുപ്പും ആവോളമുള്ള തുഷാരഗിരി എന്നും കോഴിക്കോടുകാരുടെ പ്രിയപ്പെട്ട ഇടമാണ്. മഴക്കാലത്താണെങ്കിൽ ശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടവും വേനല്‍ കാലത്താണെങ്കില്‍ തണുപ്പുനിറഞ്ഞ കാലാവസ്ഥയുമാണ് ഇതിന്റെ പ്രത്യേകത. ആഴ്ചാവസാനങ്ങൾ, അവധിദിവസങ്ങൾ തുടങ്ങിയ സമയത്താണ് ഇവിടെ ഏറ്റവുമധികം സഞ്ചാരികളെത്തുന്നത്. സെപ്റ്റംബർ മുതല്‍ നവംബർ മുതൽ വരെയാണ് ഇവിടം സന്ദർശിക്കുവാൻ പറ്റിയ സമയം.

പാറക്കൂട്ടങ്ങൾക്കുള്ളിലൂടെ ഒഴുകിയെത്തി പതിക്കുന്ന തുഷാരഗിരി കാണുവാൻ തന്നെ രസമാണ്. നല്ല ശക്തിയിലാണ് വെള്ളം പതിക്കുന്നതെങ്കിൽ ചുറ്റിലും വെള്ളത്തുള്ളിൽ നിറഞ്ഞ് കുളിരുന്ന മറ്റൊരുനുഭവവും സ്വന്തമാക്കാം. വെറുമൊരു വെള്ളച്ചാട്ടം മാത്രമല്ല ഇവിടെയുള്ളത്. മനവും തനുവും ഒരുപോലെ ശാന്തമാക്കുന്ന, തണുപ്പിക്കുന്ന വനവും പച്ചപ്പും കൂടി തുഷാരഗിരിയുടെ കാഴ്ചകളിലുണ്ട്. വെള്ളച്ചാട്ടം പതിക്കുന്ന ഒച്ചയ്ക്കൊപ്പം തന്നെ ഉയർന്നു നിൽക്കും ഇവിടുത്തെ പക്ഷികളുടെയും പ്രകൃതിയുടെയും ശബ്ദം. ഈ കാഴ്ചകളെല്ലാം തേടിയാണ് സഞ്ചാരികൾ ഇവിടേക്ക് വരുന്നതും.

പശ്ചിമഘട്ട മലനിരകളോട് ചേർന്നു സ്ഥിതി ചെയ്യുന്ന തുഷാരഗിരിയിലേക്ക് കോഴിക്കോട് നിന്നും 53 കിലോമീറ്റർ ദൂരമുണ്ട്. വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത്. അവര്‍ നല്കുന്ന പാസ് എടുത്തുവേണം തുഷാരഗിരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളിലേക്ക് കടക്കുവാൻ. ഒന്നു കയറിയാൽ തിരികെ വരുവാൻ തോന്നിപ്പിക്കാത്ത വിധത്തിലുള്ള അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്.

ഇരുവഴിഞ്ഞിപ്പുഴയുടെ പോഷകനദിയായ ചാലിപ്പുഴയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഈ ചാലിപ്പുഴ ഇവിടെ മൂന്നായി പിരിയുകയും അത് മൂന്നു വെള്ളച്ചാട്ടങ്ങളായി മാറുകയും ചെയ്യുന്നു. ഈ മൂന്നു വെള്ളച്ചാട്ടങ്ങളെയും ഒന്നിച്ചുപറയുന്ന പേരാണ് തുഷാരഗിരി. മഞ്ഞുപെയ്യുന്ന മല പോലെയാണ് ചില സമയങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ ശക്തിയിൽ ഇവിടം തോന്നിക്കുന്നത്. ഇരട്ടമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ എന്നിവയാണ് ഇവിടുത്തെ മൂന്ന് വെള്ളച്ചാട്ടങ്ങള്‍. മോശമല്ലാത്ത നടത്തം നടന്നാൽ മാത്രമേ പ്രധാന സ്ഥലത്തു നിന്നും വെള്ളച്ചാട്ടങ്ങളുടെ സമീപത്തേയ്ക്ക് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ചെറിയൊരു ട്രക്കിങ് പ്രതീക്ഷിച്ച് ഇവിടേക്ക് വന്നാൽ മതി.ചെറിയൊരു , ക്ഷീണമില്ലാത്ത യാത്രമതിയെന്നുള്ളവർ പലപ്പോഴും ഒന്നാമത്തെ വെള്ളച്ചാട്ടവും രണ്ടാമത്തെ വെള്ളച്ചാട്ടവും കണ്ട് മടങ്ങുന്നു. നടക്കുവാൻ താല്പര്യമുണ്ടെങ്കിൽ എല്ലാ സ്ഥലങ്ങളും കണ്ട് മടങ്ങാം.

തുഷാരഗിരിയിൽ നിന്നും വയനാട്ടിലെ വൈത്തിരിയിലേക്ക് ഒരു യാത്ര പരീക്ഷിക്കാം. രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും തുടങ്ങുന്ന യാത്ര കുന്നും മലകളും കയറി വൈകിട്ടോടെ വയനാട്ടിലെ വൈത്തിരിയിലെത്തും. അതിരാവിലെ തന്നെ യാത്ര തുടങ്ങണമെന്നു മാത്രം. പാറക്കെട്ടുകളും നിത്യഹരിത വനങ്ങളും താണ്ടിയുള്ള യാത്ര കേരളത്തിൽ ചെയ്യുവാൻ പറ്റിയ മികച്ച യാത്രകളിലൊന്നായിരിക്കും. ഇത് കൂടാതെ പാറകയറ്റങ്ങൾക്കും തുഷാരഗിരി പ്രസിദ്ധമാണ്.

500 വർഷം പഴക്കമുള്ള താന്നി മരമാണ് തുഷാരഗിരിയിലെ മറ്റൊരാകർഷണം. താന്നിമുത്തശ്ശി എന്നാണിതിനെ ഇവിടുള്ളവർ വിളിക്കുന്നത്. കാടുകൾ കയറി വെള്ളച്ചാട്ടങ്ങൾ കാണുവാനും ഒരു ദിവസം മുഴുവനും പ്രകൃതി സൗന്ദര്യത്തിൽ ചിലവഴിക്കുവാനും താല്പര്യമുള്ളവർക്ക് ധൈര്യമായി ഇവിടേക്ക് വരാം. തേൻപാറ ട്രക്കിങ്, അവിഞ്ഞിത്തോട്, തോണിക്കയം എന്നിവിടങ്ങളിലേക്ക് ട്രക്കിങ് റൂട്ടുകളും തുഷാരഗിരിയിൽ നിങ്ങൾക്ക് ആസ്വാദിക്കാൻ സാധിക്കും .