Health

പനിയെ നിസ്സാരക്കാരനായി കാണേണ്ട തലച്ചോറിനെ വരെ ബാധിക്കും

മഴക്കാലം വന്നതോടെ വിവിധ തരം രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. നിസ്സാരമെന്ന് പറഞ്ഞു തള്ളാൻ പറ്റാത്ത വിധം പിന്നീട് ഗുരുതരമാകുന്ന രോഗങ്ങൾ നിരവധി. മഴക്കാല രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ, കാറ്റിലൂടെ പകരുന്നവ.

മുഖ്യമായും ഇക്കാലത്ത് കണ്ടുവരുന്ന രോഗങ്ങൾ മലേറിയ, കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് -എ, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഫ്‌ളൂ, ചിക്കൻഗുനിയ, പന്നിപ്പനി, ഡിസട്രി തുടങ്ങിയവയാണ്. കൂടാതെ ശ്വാസം മുട്ടൽ, അലർജികൾ, പാദം വിള്ളൽ, സന്ധിവേദനകൾ, ചർമരോഗങ്ങൾ തുടങ്ങിയവയും ഈ കാലത്ത് കൂടാറുണ്ട്.

കൂടുതൽ കാണുന്ന രോഗം മലേറിയയാണ്. അനാഫലിസ് വർഗത്തിൽ പെട്ട പെൺകൊതുകുകളാണ് ഇത് പരത്തുന്നത്. കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഇവ വളരുക. ഇന്ത്യയിൽ മഴക്കാലത്ത് ഏറെ മരണം വിതക്കുന്നത് ഈ രോഗമാണ്. ഇടവിട്ടുള്ള പനി, വിറയൽ, കടുത്ത തലവേദന, ശരീര വേദന, ക്ഷീണം, പനി മാറുമ്പോൾ അമിതമായ വിയർക്കൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കൊതുകിനെ നിയന്ത്രിക്കുന്ന ക്രീമുകൾ തേക്കുക, കൊതുകു വലകൾ ഉപയോഗിക്കുക, ഡിഡിടി എന്നിവ പ്രതിരോധ മാർഗങ്ങളാണ്.

വൃത്തിയില്ലാത്ത ഭക്ഷണത്തിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് കോളറ വരുന്നത്. കഠിന വയറിളക്കവും ഛർദിയുമാണ് കാര്യമായുണ്ടാവുക. രോഗബാധ തടയാൻ മുൻകരുതലുകൾ സ്വീകരിക്കുന്നതിനു പുറമെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ശാരീരിക വൃത്തിയുണ്ടാവുക, വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ നിർബന്ധമാണ്. ഇത് വന്ന രോഗി ധാരാളം വെള്ളം കുടിക്കണം. അല്ലാത്തപക്ഷം രോഗം ഗുരുതരമാവും.

വളരെ പെട്ടെന്ന് പടരുന്ന രോഗമാണ് ടൈഫോയ്ഡ്. ഈ രോഗാണു പിത്ത സഞ്ചിയിൽ കെട്ടിക്കിടക്കുന്നത് കാരണം തുടർച്ചയായുള്ള പനിയുണ്ടായിരിക്കും. കടുത്ത ക്ഷീണവും വയറുവേദനയും തലവേദനയും വിറയലുമാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ വേഗം ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.

ഈച്ച പരത്തുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധങ്ങളിലൂടെയും ഇത് പകരും. കടുത്ത പനി, തലവേദന, ശരീര വേദന, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. പെട്ടെന്ന് മരണത്തിനിടയാക്കുന്ന രോഗമാണിത്. നല്ല വിശ്രമവും പോഷകാഹാരവും നിർബന്ധമാണ്. എണ്ണയുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം.

മഴക്കാലത്ത് പ്രായഭേദമില്ലാതെ കാണുന്ന അസുഖമാണ് വൈറൽപനി. പനിയും തൊണ്ടവേദനയും തുമ്മലും മുഖ്യ ലക്ഷണങ്ങളാണ്.

മൃഗങ്ങളുടെയും എലിയുടെയും മൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. കടുത്ത പനി, തലവേദന, കാലിന്റെ മസിൽ വേദന, വയറുവേദന, ഛർദി, രക്തം പൊടിയാതെ ദേഹത്ത് തണർപ്പുണ്ടാകുക തുടങ്ങിയവ മുഖ്യ ലക്ഷണങ്ങളാണ്. ഇത് വൃക്ക, കരൾ, ശ്വാസകോശം, തലച്ചോറ് എന്നിവക്ക് തകരാറുണ്ടാക്കും.

സാധാരണ പനിയിൽ നിന്നു വലിയ വ്യത്യാസമില്ലാത്തതിനാൽ തിരിച്ചറിയാൻ വൈകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് എന്ന കൊതുകാണ് ഇതു പകർത്തുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണിന് പിന്നിൽ വേദന, പേശികൾക്കും സന്ധികൾക്കും വേദന, രുചിയില്ലായ്മ, വിശപ്പില്ലായ്മ, അഞ്ചാം പനിക്ക് പൊന്തുന്ന പോലുള്ള പൊന്തലും ഛർദിയും ക്ഷീണവുമാണ് പ്രധാന ലക്ഷണങ്ങൾ.

മഴക്കാലത്ത് പെട്ടെന്നു പടരുന്ന പനിയാണ് ചിക്കൻഗുനിയ. തൊലിപ്പുറത്തുള്ള പാടുകൾ സന്ധികളിൽ വേദന, കണ്ണിനു വേദന തുടങ്ങിയവ രോഗിക്കുണ്ടാകും.

പന്നിപ്പനിക്കും പക്ഷിപ്പനിക്കും ഇൻഫ്‌ലുവൻസ-എ ഗ്രൂപ്പിലുള്ള രോഗാണുക്കൾ പടർത്തുന്നതാണ്. പെട്ടെന്ന് ശക്തിപ്പെടുന്ന പനി, വിറയൽ, തലവേദന, പേശിവേദന, കടുത്ത ക്ഷീണം, ചുമ തുടങ്ങിയവ ഇതിനൊപ്പമുണ്ടാകും.

മഴക്കാലത്ത് ഇത്തരം വ്യാധികളെല്ലാം കൂടാനുള്ള കാരണം മലിനീകരണം രൂക്ഷമാകുന്നതാണ്. ഒപ്പം ഈ കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നതും ഹേതുകമാണ്. വീട്ടിലും ചുറ്റുപാടും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിനൊപ്പം ചില മുൻകരുതലുകൾ ആവശ്യമുണ്ട്.