വേനലിനു ശേഷം എത്തുന്ന മൺസൂൺ നമ്മുക്ക് ഏറെ പ്രിയപ്പെട്ടതാണ്. മഴക്കാലം മൂടിപ്പുതച്ച് കിടന്നുറങ്ങാൻ വേണ്ടി മാത്രമുള്ളതല്ല. മനോഹരമായ യാത്രകൾ ആസ്വദിക്കാനും മഴക്കാലം അനുയോജ്യമാണ്. മഴക്കാലത്ത് പ്രകൃതി സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ സഞ്ചാരികൾക്ക് വിരുന്നു ഒരുക്കുന്ന ചില സ്ഥലങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. കുത്തിയൊലിക്കുന്ന വെള്ളച്ചാട്ടവും മഴയിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളും കോടമഞ്ഞിന്റെ തണുപ്പും എല്ലാം ഇവിടെ ആസ്വദിക്കാം.
മണ്‍സൂണ്‍ ആസ്വദിക്കാന്‍ കേരളത്തില്‍ പോകാന്‍ പറ്റുന്ന മികച്ച സ്ഥലങ്ങള്‍ അറിയാം.
അതിരപ്പിള്ളി
അതിരപ്പിള്ളിയുടെയും വാഴച്ചാലിന്റെയും ഭംഗി പ്രകടമാവുന്ന സീസണാണ് മൺസൂൺ. ശക്തമായ മഴ പെയ്യുന്നതോടെ വെള്ളച്ചാട്ടത്തിലെ ഒഴുക്ക് ഉയരുകയും താഴെ വെള്ളം കുതിച്ചു പൊങ്ങുകയും ചെയ്യുന്ന കാഴ്‌ച മനോഹരമാണ്. ദൂരെ നിന്ന് നോക്കുമ്പോൾ വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെ ആയിരിക്കും വെള്ളച്ചാട്ടത്തിന്റെ കാഴ്‌ച.
ചുറ്റും വനത്തിന്‍റെ കാഴ്ചയും കാട്ടുകിളികളുടെ ശബ്ദവും കുളിരുമെല്ലാമായി സഞ്ചാരികളെ ഇരുകയ്യും നീട്ടി അതിരപ്പിള്ളി സ്വീകരിക്കും. ബാഹുബലി, രാവണ്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് അരങ്ങൊരുക്കിയ ഈ വെള്ളച്ചാട്ടം ചാലക്കുടിപ്പുഴയിലാണ്. ഏതാണ്ട് 24 മീറ്റര്‍ ഉയരത്തിൽ നിന്നും താഴേക്കുപതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ മഴക്കാലമാകുമ്പോള്‍ ആളുകളുടെ തിരക്കാണ്. അടുത്തുള്ള രണ്ടു ചാർപ്പ വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം എന്നിവയും സന്ദര്‍ശിക്കാം.
തേക്കടി
ഇടുക്കി കുമളിയിൽ നിന്ന് അൽപദൂരം മാറി കേരള-തമിഴ്‌നാട് അതിർത്തിയിലാണ് ഈ ടൂറിസ്‌റ്റ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാസങ്കേതമായ പെരിയാറിന്റെ ആസ്ഥാനമെന്നാണ് തേക്കടിയെ വിശേഷിപ്പിക്കുന്നത്. തേക്കടിയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഏത് സമയത്തും ഇവിടെ കായലിൽ ദാഹമകറ്റാൻ എത്തുന്ന വന്യ മൃഗങ്ങളുടെ സാന്നിധ്യമാണ്.
പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമെല്ലാം കാണുക മാത്രമല്ല, പെരിയാര്‍ തടാകത്തിലൂടെ ബോട്ട് യാത്ര ചെയ്യാം, നാച്വറല്‍ വോക്കിങ്, ഗ്രീന്‍ വോക്കിങ്, ക്ലൗഡ് വോക്കിങ് തുടങ്ങി ഒട്ടേറെ ആക്ടിവിറ്റികളും ഇവിടെയുണ്ട്. ചുറ്റുമുള്ള പ്രദേശങ്ങളിലൂടെ ട്രെക്കിങ്, ഹൈക്കിങ് എന്നിവയ്ക്കും സൗകര്യമുണ്ട്. കൂടാതെ, ബോര്‍ഡര്‍ ഹൈക്കിംങ്, വൈല്‍ഡ് ലൈഫ് ട്രെയിന്‍, റോക്ക് ക്ലൈംബിങ്, ബാംബൂ റാഫ്റ്റിങ്ങ് എന്നിങ്ങനെയുള്ള വെറൈറ്റി വിനോദങ്ങളുമുണ്ട്. താമസത്തിനായി മികച്ച ഹോംസ്റ്റേകളും റിസോര്‍ട്ടുകളും ഉള്ളതിനാല്‍, ഹണിമൂണിനും കുടുംബത്തോടൊപ്പം പിക്‌നിക്കിനുമെല്ലാം മികച്ച ഇടമാണ് തേക്കടി.
തേക്കടിക്കടുത്ത് വണ്ടന്‍മേടെന്ന ഒരു കൊച്ചുഗ്രാമമുണ്ട്. ലോകത്തില്‍ ഏറ്റവുമധികം ഏലയ്ക്ക ഉത്പാദിപ്പിക്കുന്ന തോട്ടങ്ങള്‍ നിറഞ്ഞ ഈ ഗ്രാമവും യാത്രയില്‍ ഉള്‍പ്പെടുത്താം.
നെല്ലിയാമ്പതി
പാലക്കാട് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതിയെ പറുദീസ എന്നുതന്നെ വിളിക്കാം. പാവപ്പെട്ടവരുടെ ഊട്ടി എന്ന് വിളിക്കുന്ന നെല്ലിയാമ്പതിയില്‍, വര്‍ഷം മുഴുവനും സുന്ദരമായ കാലാവസ്ഥയാണ്. എന്നാല്‍, മഴക്കാലം ഇവിടെ ഏറെ മനോഹരമാണ്. ചോലക്കാടുകളും പുല്‍മേടുകളും തേയില, കാപ്പി തോട്ടങ്ങളുമെല്ലാം നിറഞ്ഞ ഈ നിത്യഹരിതഭൂമിയിലേക്കുള്ള യാത്ര തന്നെ ഒരു അനുഭവമാണ്. കാട്ടുമൃഗങ്ങളും നിറഞ്ഞൊഴുകുന്ന കാട്ടരുവികളും വെള്ളച്ചാട്ടങ്ങളുമെല്ലാം നിറഞ്ഞ വഴിയിലൂടെയാണ് ഇവിടേയ്ക്ക് എത്തുന്നത്. പാലക്കാടിനും നെല്ലിയാമ്പതിക്കും ഇടയ്ക്ക് സർക്കാർ ബസ്സുകൾ ഓടുന്നു. മലമ്പ്രദേശങ്ങളിൽ ജീപ്പുകളാണ് പൊതുവെ ഉള്ള ഗതാഗത മാർഗം. കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കൈകാട്ടിയിൽ സർക്കാർ നടത്തുന്ന ഒരു അതിഥിഭവനം ഉണ്ട്.
വനവാസക്കാലത്ത് രാമനും ലക്ഷ്മണനും സീതയും ജീവിച്ചിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന സീതാര്‍കുണ്ട്, കേശവന്‍പാറ, ചുള്ളിയാർ, മീങ്കാര അണക്കെട്ടുകള്‍, ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെയില ഉല്പാദിപ്പിക്കുന്ന മണലരൂ എസ്റ്റേറ്റ് തുടങ്ങിയവയെല്ലാം ഈ യാത്രയില്‍ സന്ദര്‍ശിക്കാം.
ബേക്കല്‍ കോട്ട
അറബിക്കടലിന്‍റെ തീരത്ത്, ചെങ്കല്ലില്‍ കൊത്തിയെടുത്ത ഒരു കവിത പോലെ 35 ഏക്കറിൽ പരന്നു കിടക്കുന്ന ബേക്കല്‍ കോട്ടയും ചുറ്റുമുള്ള ബീച്ചും മഴക്കാലത്ത് കൂടുതല്‍ സുന്ദരമാകും. കടലില്‍ നിന്നും വരുന്ന കാറ്റില്‍, ചെരിഞ്ഞു മുഖത്തേക്ക് പാറി വീഴുന്ന മഴത്തുള്ളികള്‍ ഉള്ളില്‍ പ്രത്യേക അനുഭൂതിയാണ് നല്‍കുക.
ഒരുപക്ഷേ, കേരളത്തില്‍ മറ്റെങ്ങും ഇല്ലാത്ത ഒരു റൊമാന്റിക് മുഖമുണ്ട് ഈ ബീച്ചിന്. അതുകൊണ്ടുതന്നെയാണ്, ഇവിടെ ചിത്രീകരിച്ച മണിരത്നം സിനിമയിലെ ‘ഉയിരേ’ എന്ന ഗാനത്തിലെ കാഴ്ചകള്‍ ഇന്നും നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. പള്ളിക്കര ബീച്ച്, ബേക്കൽ ഹോളെ ജലോദ്യാനം, കാപ്പിൽ ബീച്ച്, ചന്ദ്രഗിരി കോട്ട തുടങ്ങിയ കാഴ്ചകളും ബേക്കല്‍ കോട്ടയ്ക്കടുത്തുണ്ട്.
വയനാട്
കഴിഞ്ഞ കാലങ്ങളിൽ മായാളികളുടെ ഹോട്ട് ലൊക്കേഷനുകളിൽ ഒന്നായി മാറിയ വയനാട് തന്നെയാണ് ഇപ്പോഴും ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്ന്. അങ്ങനെ മൺസൂൺ കാലത്ത് വയനാട്ടിലേക്ക് പോവാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മനോഹരമായ കാഴ്‌ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ഓർക്കണം. പൂക്കോട് തടാകം, ബാണാസുര സാഗർ അണക്കെട്ട്, മീൻമുട്ടി വെള്ളച്ചാട്ടം, എടക്കൽ ഗുഹകൾ, വയനാട് വന്യജീവി സങ്കേതം, കുറുവ ദ്വീപ് തുടങ്ങിയവയെല്ലാം ഈ യാത്രയില്‍ സന്ദര്‍ശിക്കാവുന്നതാണ്. ചെമ്പ്ര, ബ്രഹ്മഗിരി, ചിറപ്പുല്ല്, കാറ്റുകുന്ന് തുടങ്ങിയ സ്ഥലങ്ങള്‍ മനോഹരമാണെങ്കിലും, മഴക്കാലത്ത് അപകടസാധ്യത കണക്കിലെടുത്ത് ഇവിടെ ട്രെക്കിങ് നിരോധനം ഏര്‍പ്പെടുത്താറുണ്ട്.
എവിടെ നോക്കിയാലും കുളിരും കോടമഞ്ഞും മഴത്തുള്ളികളും മായാജാലം തീര്‍ക്കുന്ന മലനിരകളും പച്ചപ്പുമാണ് മണ്‍സൂണിലെ വയനാടിന്‍റെ മുഖമുദ്ര.