Entertainment

‘അപമാനം ജീവിതത്തില്‍ ആദ്യമായല്ല, എനിക്കത് ശീലമായി’; നോവിക്കരുതെന്ന് സന്നിധാനന്ദൻ

മുപ്പതോളം സിനിമകളില്‍ പാടി

മലയാളികളുടെ ഇഷ്ടഗായകനാണ് സന്നിധാനന്ദൻ. സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സന്നിധാനന്ദനെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയത്. ജീവിതത്തിലെ ധാരാളം വെല്ലുവിളികളെയും പ്രതിസന്ധികളെയും മറികടന്നാണ് സന്നിധാനന്ദൻ മുന്നോട്ടുവന്നത്. ഈ അടുത്തകാലത്ത് സന്നിധാനന്ദൻ വാർത്തകളിൽ നിറഞ്ഞിരുന്നു. നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ ഗായകൻ അവഹേളിക്കപ്പെട്ടു.

ഉഷാ കുമാരി എന്നയാളായിരുന്നു സന്നിധാനന്ദനെ അവഹേളിച്ചത്. മുടി നീട്ടി വളര്‍ത്തിയതിന്റെ പേരിലായിരുന്നു അവഹേളനം. സന്നിധാനന്ദന്റേയും ഭാര്യയുടേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഇവരുടെ കുറിപ്പ്. കലാകാരന്മാരെ ഇഷ്ടമാണഅ. പക്ഷെ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തില്‍ പെട്ടെന്ന് കണ്ടാല്‍ ആരും പേടിച്ചു പോകും. അറപ്പാകുന്നു എന്നായിരുന്നു പോസ്റ്റ്. പിന്നാലെ സിനിമാ-സംഗീത ലോകത്തും നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സന്നിധാനന്ദന് പിന്തുണയുമായി നിരവധി പേരെത്തി.

ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന അവഗണകളെ കുറിച്ചും അനുഗ്രഹങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് താരം.

പുറമ്പോക്കു ഭൂമിയില്‍ ജനിച്ച, കൂലിപ്പണിക്കാരായ അച്ഛന്റേയും അമ്മയുടേയും മകന്‍ ഇവിടെ വരെ എത്തിയത് തന്നെ വലിയ കാര്യം. യേശുദാസ് മുതൽ ഇങ്ങോട്ടുള്ള സംഗീത പ്രതിഭകളെ നേരിട്ടു കാണാനും പലരുമൊന്നിച്ചു പാടാനും കഴിഞ്ഞു. എം ജയചന്ദ്രന്‍, ശരത്, ബിജിപാല്‍, ഗോപി സുന്ദര്‍. ഷാന്‍ റഹ്‌മാന്‍, സന്തോഷ് നാരായണന്‍ തുടങ്ങിയ സംഗീത സംവിധായകരുടെ മുപ്പതോളം സിനിമകളില്‍ പാടി. ഒട്ടേറെ ആല്‍ബങ്ങളും സ്‌റ്റേജ് ഷോകളും ചെയ്യാനായെന്നും താരം പറയുന്നു.

തൃശ്ശൂര്‍ ജില്ലയിലെ തയ്യൂരെന്ന ഗ്രാമത്തിനോടാണ് ഇതിനെല്ലാം നന്ദി പറയേണ്ടത്. അവിടുത്ത സര്‍ക്കാര്‍ സ്‌കൂളും അധ്യാപകരും സഹപാഠികളുമാണ് എന്നെ ദ്യം ചേര്‍ത്തു പിടിച്ചത്. അധ്യാപകര്‍ എന്നെക്കൊണ്ട് സ്ഥിരമായി പാടിക്കുമായിരുന്നു. ഞാന്‍ വലിയ പാട്ടുകാരനൊന്നുമായിട്ടല്ല അതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. മറിച്ച് ശബ്ദം നന്നായി പുറത്തു വരാത്ത കുഞ്ഞില്‍ ആത്മവിശ്വാസം വളര്‍ത്തുകയായിരുന്നു അധ്യാപകര്‍ എന്നാണ് സന്നി പറയുന്നത്.

ആദരിച്ചില്ലെങ്കിലും അംഗീകരിച്ചില്ലെങ്കിലും നോവിക്കരുതെന്നാണ് സന്നിധാനന്ദന്‍ പറയുന്നത്. ഇത്തരം അപമാനം ജീവിതത്തില്‍ ആദ്യമായല്ല. എനിക്കത് ശീലമായി. പിറന്നാളിന് സദ്യ വിളമ്പുമ്പോള്‍ നിലവിളക്കിന് നേരെ ഇലയിയുന്നത് തൃശ്ശൂര്‍ക്കാരുടെ രീതിയാണ്. പിറന്നാളുകാരന്‍ ദൈവത്തിന് തുല്യന്‍ എന്ന വിശ്വാസമാണെന്ന് തോന്നുന്നു. എന്റെ പിറന്നാളിന് അങ്ങനെ ഇലയിട്ടു വിളമ്പിയ സദ്യയുടെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചപ്പോള്‍ ഇജ്ജാദികള്‍ ഇതുവരേയും ഇലയിട്ടു വിളമ്പാന്‍ പഠിച്ചിട്ടില്ലെന്നായിരുന്നു ഒരാളുടെ കമന്റ് എന്നാണ് സന്നിധാനന്ദന്‍ ഓര്‍ക്കുന്നത്.

ജാതിയും നിറവും ചുണ്ടുമൊക്കെ കാരണം പരിഹസിക്കപ്പെട്ടിട്ടുണ്ട്. അതൊക്കെയും അവഗണിക്കുകയായിരുന്നു പതിവ്. പക്ഷെ ഇത്തവണ ഞാന്‍ മാത്രമായിരുന്നില്ല. ഭാര്യയും കുട്ടിയും കൂടെയുള്ള ഫോട്ടോ നല്‍കിയായിരുന്നു അധിക്ഷേപം. സുഹൃത്തുക്കള്‍ അയച്ച പോസ്റ്റുകണ്ട് അവള്‍ക്ക് വേദനിച്ചു. അതുകൊണ്ട് ഇതില്‍ പ്രതികരിക്കണം എന്ന് തോന്നിയെന്നാണ് താരം പറയുന്നത്.

എന്നാല്‍ കേസ് കൊടുക്കാന്‍ പോയില്ല. ഇത്തരം മനുഷ്യര്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങണമെന്ന് എന്നെപ്പോലെയുള്ള ഒരുപാട് ആളുകള്‍ക്ക് വേണ്ടിയാണ് പറഞ്ഞത്.