തിരുവനന്തപുരം: വോട്ടെണ്ണലിന്റെ നിർണായകം മണിക്കൂറുകളിലും കേരളത്തിൽ 2 ലോകസഭ സീറ്റുകളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി വളരെ മുന്നിലാണ്. തിരുവനന്തപുരത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും മുന്നിലാണ്. തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ ആകെ മാറും. എൽഡിഎഫും യുഡിഎഫും ഭയക്കുന്നതും അതു തന്നെയാണ്. എക്സിറ്റ്പോളുകള് ശരിവച്ചുള്ള മുന്നേറ്റമാണ് സുരേഷ്ഗോപി കാഴ്ചവയ്ക്കുന്നത്. 7634 വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയും വിഎസ് സുനിൽകുമാറും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നത്.
വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ ആദ്യം മുന്നിലെത്തിയിരുന്നെങ്കിലും പിന്നീട് കെ സി വേണുഗോപാൽ ലീഡ് തിരിച്ചുപിടിച്ചു. കണ്ണൂരിൽ ആദ്യ സൂചനകൾ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജന് അനുകൂലമാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുന്നിട്ട് നിൽക്കുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് മുന്നിലാണ്. കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവൻ മുന്നിലാണ്. പത്തനംതിട്ടയിൽ തോമസ് ഐസക്ക് മുന്നിലാണ്. ആറ്റിങ്ങലിൽ വി ജോയ് മുന്നിട്ട് നിൽക്കുന്നു. ചാലക്കുടിയിൽ ബെന്നി ബെഹ്നാൻ മുന്നിട്ട് നിൽക്കുന്നു. പാലക്കാട് വിജയരാഘവൻ മുന്നിലാണ്. കോട്ടയത്ത് തോമസ് ചാഴിക്കാടൻ മുന്നിലാണ്.
തമിഴ്നാട്ടിലും യുപിയിലും ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിൽ എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. പശ്ചിമബംഗാളിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. ഒരു സീറ്റിൽ സിപിഎം മുന്നിലാണ്.
പോസ്റ്റൽ വോട്ടുകൾ പൂർത്തിയായശേഷമാകും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളെണ്ണുക. രാജ്യം അടുത്ത അഞ്ചുവർഷം ആര് ഭരിക്കമെന്ന് വോട്ടിംഗ് മെഷീൻ വോട്ടുകളെണ്ണിത്തുടങ്ങി മണിക്കൂറുകൾക്കകം അറിയാം. 11 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഏഴ് ഘട്ടങ്ങളിലായി നീണ്ടു നിന്ന തെരഞ്ഞെടുപ്പിനൊടുവിലാണ് രാജ്യമാകെ വോട്ടെണ്ണൽ നടക്കുന്നത്.
നിർണ്ണായക ജനവിധിക്കായി കാത്തിരിക്കുകയാണ് കേരളവും. സംസ്ഥാനത്ത് പോളിംഗ് കഴിഞ്ഞ് 39 ആം ദിവസമാണ് വോട്ടെണ്ണൽ നടക്കുന്നത്. 20 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചാണ് വോട്ടെണ്ണൽ നടക്കുന്നത്. ഓരോ മണ്ഡലങ്ങൾക്കും ഓരോ ഹാളുകൾ വീതം സജീകരിച്ചിട്ടുണ്ട്. പരമാവധി ഒരു ഹാളിൽ 14 ടേബിളുകളുണ്ട്. പോസ്റ്റൽ ബാലറ്റ് എണ്ണാൻ പ്രത്യേക ടേബിളുണ്ട്. ഇടിപിബിഎംഎസ് വോട്ടുകളും തപാൽ വോട്ടുകൾ പോലം റിട്ടേണിംഗ് ഓഫീസറുടെ മേശയിലാണ് എണ്ണുന്നത്. 12 മണിയോടെ അന്തിമ ഫലം വരും ഇവിഎം എണ്ണിത്തീർന്നാൽ ഒരു നിയമസഭാ മണ്ഡലത്തില 5 ബൂത്തുകൾ വീതം നറുക്കെടുത്ത് അവിടങ്ങളിലെ വിവിപാറ്റ് കൂടി എണ്ണിയാകും ഔദ്യോഗിക ഫല പ്രഖ്യാപനം.