കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫിന് വൻ ലീഡ്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോഴേ ലീഡ് 10,000 ഉയർത്തി. വോട്ടെടുപ്പ് മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് അയ്യായിരം പിന്നിട്ടു. ഒരു മണിക്കൂർ കഴിഞ്ഞതോടെ ലീഡ് പതിനായിരമായി.
കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥി നടൻ മുകേഷാണ്. വോട്ടെണ്ണലിന്റെ ആരംഭത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മുന്നേറിയതെങ്കിലും അരമണിക്കൂറിൽ ഇതെല്ലാം മാറിമറിയുകയായിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രൻ ജയിക്കുമെന്നാണ് മുന്നണി പ്രതീക്ഷ.
2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. എം.എ.ബേബിയും, ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലും പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. കഴിഞ്ഞ തവണ 1.48 ലക്ഷം വോട്ടിനാണ് എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചത്.
കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കൊല്ലം ലോക്‌സഭാ മണ്ഡലം. മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളിൽ പത്തിലും ഇടതുപക്ഷമാണ് വിജയിച്ചത്. മുന്നണിയിലെ ധാരണപ്രകാരം ആർഎസ്‌പിയാണ് എൽഡിഎഫിനായി മത്സരിച്ചത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെ തുടർന്ന് ആർഎസ്‌പി യുഡിഎഫിലെത്തി. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും പ്രേമചന്ദ്രൻ വൻ വിജയം സ്വന്തമാക്കിയിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കവെ കൊല്ലത്ത് വീണ്ടും എൻ കെ പ്രേമചന്ദ്രൻ തന്നെ വിജയിക്കുമെന്നാണ് കരുതുന്നത്.