ആലുപ്പഴ: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും സിപിഎമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വിജയിച്ചത് ആലപ്പുഴയിൽ മാത്രമായിരുന്നു. കേരളത്തിൽ സിപിഐഎമ്മിനുള്ള ഒരേ ഒരു സിറ്റിങ് സീറ്റ് ആയിരുന്നു ആലപ്പുഴ. എൽഡിഎഫിന്റെ സിറ്റിങ് എംപി എ എം ആരിഫും യുഡിഎഫിന്റെ ദേശീയ മുഖം കെ സി വേണുഗോപാലും ബിജെപിയുടെ ശോഭാ സുരേന്ദ്രനും മത്സരിക്കുന്ന മണ്ഡലത്തില്‍ ഫലം ഏതാണ്ട് അന്തിമ ചിത്രത്തിലേക്ക് എത്തുകയാണ്. ആലപ്പുഴയിൽ 11833 വോട്ടുകളുടെ വ്യക്തമായ ലീഡ് നേടിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ.
എ എം ആരിഫിന് 445970 വോട്ടുകളാണ് 2019 ലെ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ 435496 വോട്ടും കെ എസ് രാധാകൃഷ്ണന്‍ 187729 വോട്ടുമാണ് നേടിയിരുന്നു. 10474 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആരിഫിന്റെ വിജയം. കനൽ ഒരുതരി മതി എന്ന പ്രചാരണവുമായാണ് ആ വിജയത്തെ സംസ്ഥാനത്ത് സിപിഎം ആഘോഷിച്ചത്. എന്നാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആ തരി കനലും അണയുന്ന കാഴചയാണ് കാണാൻ സാധിക്കുന്നത്.
ആലപ്പുഴയിൽ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എഎം ആരിഫ് ലീഡ് ചെയ്തിരുന്നില്ല. ഒരു തവണ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ലീഡ് നേടിയിരുന്നെങ്കിലും കെ സി വീണ്ടും മുന്നിലെത്തുകയായിരുന്നു.
2009 മുതൽ രണ്ടു ജില്ലകളിലെ മണ്ഡലങ്ങൾ ചേർന്ന ലോക്‌സഭാ മണ്ഡലമാണ് ആലപ്പുഴ. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം.
2009, 2014 വർഷങ്ങളിൽ വിജയിച്ചത് കോൺഗ്രസിലെ കെ സി വേണുഗോപാൽ. 2019ൽ സിപിഎമ്മിലെ എ എം ആരിഫ് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ പരാജയപ്പെടുത്തി. ബിജെപി വോട്ടിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയ നാല് മണ്ഡലങ്ങളിൽ ഒന്നാണിത്.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയത് ദുരൂഹതയുണ്ടെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒരുപോലെയെന്ന് എക്സിറ്റ് പോൾ കണ്ടു. ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ എന്നും കെസി ചോദിച്ചു.
കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലമെന്നും കെസി കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല പ്രതിഫലിക്കുന്നതെന്നും കെസി പ്രതികരിച്ചു. എ കെ ബാലൻ എക്സിറ്റ് പോൾ ഫലം അംഗീകരിച്ചോ എന്ന് ചോദിച്ച കെസി സിപിഎമ്മിൻ്റെ വോട്ടുകളായിരിക്കും കേരളത്തിൽ കുറയുകയെന്നും കൂട്ടിച്ചേർത്തു.