India

സിപിഐ വിട്ട് കോൺഗ്രസിലെത്തിയ യുവ നേതാവിനും അടിതെറ്റുന്നു; പരാജയം ഉറപ്പിച്ച് കനയ്യകുമാർ

2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്

ന്യൂഡൽഹി: സി പി ഐ വിട്ട് കോൺഗ്രസിലെത്തിയ യുവ നേതാവിന് കടുത്ത പരാജയം. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഡൽഹി നോർത്ത് ഈസ്റ്റ് മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കനയ്യകുമാർ പരാജയം ഉറപ്പിച്ചു. ജെ എൻ യുവിൽ പഠിച്ചു വളർന്ന യുവ നേതാവിനെ ഡൽഹിയിൽ ഇറക്കുന്നത് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ വോട്ടെണ്ണൽ മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കനയ്യയുടെ മാത്രമല്ല എഐസിസി നേതൃത്വത്തിന്റെയും കാലിടറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബിജെപി സ്ഥാനാർത്ഥി മനോജ് തീവാരി പതിനയ്യായിരം വോട്ടുകൾക്ക് മുന്നിലാണ്.

2021ലായിരുന്നു കനയ്യ സിപിഐ വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. ആരെയും ആക്ഷേപിക്കാനില്ല. ”തന്റെ ജനനവും വളർച്ചയും സിപിഐയിൽ തന്നയായിരുന്നു. ഇപ്പോൾ ഇക്കാണുന്ന യോ​ഗ്യതകളെല്ലാം സിപിഐ തന്നതാണ്”. ഭരണഘടന സംരക്ഷിക്കാനാണ് താൻ സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്നതെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. ഐക്യപ്രതിപക്ഷമാണ് രാജ്യത്തിന് ആവശ്യം. അതിന് വേണ്ടിയാണ് കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിപിഐ വിട്ട് കോൺ​ഗ്രസിലെത്തിയതാണ് കനയ്യ. കനയ്യയുടെ പാർട്ടി മാറ്റം ദേശീയ തലത്തിലുൾപ്പെടെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സിപിഐയിൽ ചേർന്ന് അഞ്ച് വർഷത്തിന് ശേഷം പാർട്ടി വിട്ടെങ്കിലും സിപിഐയോട് വിരോധമില്ലെന്നായിരുന്നു കനയ്യ കുമാറിന്റെ പ്രതികരണം.

കഴിഞ്ഞ തവണ ബിഹാറിലെ ബഗുസരായിയിലാണ് കനയ്യ മത്സരിച്ചത്. എന്നാൽ പിന്നീട് സി പി ഐ വിട്ട് യുവ നേതാവ് കോൺഗ്രസിലെത്തിയിരുന്നു. ഇക്കുറി ബിഹാറിലെ മഹാസഖ്യത്തിന്‍റെ ഭാഗമായ സി പി ഐ ബഗുസരായി ചോദിച്ചുവാങ്ങിയിരുന്നു. ഇതോടെ ഇക്കുറി കനയ്യക്ക് മത്സരിക്കാൻ അവസരമുണ്ടാകുമോ എന്ന സംശയങ്ങൾ ഉയർന്നിരുന്നു. എന്നാൽ കനയ്യയെ ഡൽഹിയിൽ മത്സരിപ്പിക്കാൻ നേതൃത്വം തയ്യാറാവുകയായിരുന്നു.

തെരഞ്ഞെടുപ്പിനിടെ കനയ്യ കുമാറിന് നേരെ ആക്രമണമുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാലയിടാനെന്ന വ്യാജേനയെത്തിയ അക്രമികളാണ് അദ്ദേഹത്തെ മര്‍ദിച്ചത്. ഒപ്പമുണ്ടായിരുന്ന എ.എ.പി. വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോടും അക്രമികള്‍ മോശമായി പെരുമാറിയിരുന്നു. ഡല്‍ഹി കര്‍ത്താര്‍ നഗറിലെ എ.എ.പി. ഓഫീസിന് സമീപമായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പി. നേതാവ് മനോജ് തിവാരിയാണെന്ന് കനയ്യ നേരത്തേ ആരോപിച്ചിരുന്നു.

‘എന്റെ സുരക്ഷയെ കുറിച്ചോര്‍ത്ത് എനിക്ക് ഭയമില്ല. ഞാന്‍ ബിഹാറിന്റെ മണ്ണിലാണ് ജനിച്ചത്. എന്റെ ജീവിതം ഒരു പോരാട്ടമാണ്.’ -കനയ്യ കൂട്ടിച്ചേര്‍ത്തു.

പരാജയഭീതി കാരണം ബി.ജെ.പി. അക്രമം അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ഗാന്ധിയന്‍ പാര്‍ട്ടിയാണ്, ഗോഡ്‌സേയുടെ പാര്‍ട്ടിയല്ല. തങ്ങള്‍ ഭയക്കുന്നവരല്ല, മറിച്ച് നീതിക്കായി പോരാടുന്നവരാണ് എന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

‘സാദാ എം.പി. മുതല്‍ പ്രധാനമന്ത്രി വരെ, വടക്കുമുതല്‍ തെക്കുവരെ ബി.ജെ.പി. ഭയാശങ്കയിലാണ്. ജൂണ്‍ നാലിന് അവര്‍ തുടച്ചുനീക്കപ്പെടും.’ -ജയ്‌റാം രമേശ് പറഞ്ഞു. ‘ഡരോ മത്’ (ഇങ്ങനെ പേടിക്കല്ലേ) എന്ന ഹാഷ് ടാഗിനൊപ്പമായിരുന്നു ജയ്‌റാം രമേശിന്റെ ട്വീറ്റ്.