Kerala

കോഴിക്കോട് ഇടതുകോട്ടകളെ വിറപ്പിച്ച് എം കെ രാഘവൻ; ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം വൻ മുന്നേറ്റം, കരീമിന് ക്ഷീണം

ക്‌സിറ്റ് പോളുകളില്‍ എല്ലാം ജനപ്രിയന്‍ രാഘവന്‍ തന്നെയാണ്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിച്ച എൽഡിഎഫ് കോഴിക്കോടും പിന്നിൽ. ലീഡ് യുഡിഎഫിന്റെ എംകെ രാഘവനാണ്. എളമരം കരീമാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി.

കഴിഞ്ഞ 3 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലായി ഇവിടെ ജയം നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല. 2009ല്‍ മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ച് തുടങ്ങിയതാണ് കോണ്‍ഗ്രസ് എംപി എംകെ രാഘവന്റെ തേരോട്ടം. എംകെ രാഘവന് മൂന്ന് റൗണ്ട് കഴിഞ്ഞപ്പോൾ 122623 വോട്ട് നേടാനായി. എളമരം കരീമിന് 89019 വോട്ട് മാത്രമാണ് നേടാനായത്. 33604 വോട്ടാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.

കോഴിക്കോട് മണ്ഡലത്തില്‍ എക്‌സിറ്റ് പോളുകളില്‍ എല്ലാം ജനപ്രിയന്‍ രാഘവന്‍ തന്നെയാണ്. ഫലം വരുമ്പോള്‍ ഞെട്ടിക്കുമെന്നാണ് സിപിഎം അവകാശപ്പെട്ടത്. സമീപകാലത്തെ ഏറ്റവും കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെയാണ് ഇടതുപക്ഷം രംഗത്തിറക്കിയത്. എളമരം കരീമിലൂടെ നഷ്ടമായ വോട്ടുകള്‍ എല്ലാം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. ന്യൂനപക്ഷ വോട്ടുകളില്‍ അടക്കം നേട്ടമുണ്ടാക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

എന്നാൽ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 2019 ൽ നേടിയതിനേക്കാൾ ഭൂരിപക്ഷമാണ് എംകെ രാഘവന് ലഭിച്ചത്. ഒരു നിയോജക മണ്ഡലത്തിൽ പോലും ആദ്യ മൂന്ന് റൗണ്ടിൽ എളമരം കരീമിന് മുന്നിലെത്താനായില്ല. ന്യൂനപക്ഷ സ്വാധീന മേഖലകളിലടക്കം എംകെ രാഘവനാണ് മേധാവിത്വം നേടാനായത്.

അതേസമയം സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളായ നിയോജക മണ്ഡലങ്ങളിൽ വരെ യുഡിഎഫിന് വലിയ മുന്നേറ്റമാണ് നേടാനായത്. എളമരം കരീമിനെ നിയമസഭയിലേക്ക് വിജയിപ്പിച്ച ബേപ്പൂരിലും, സിപിഎം സ്വാധീന മേഖലയായ ബാലുശേരിയിലും എലത്തൂരിലും ഇടതുമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.