കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരൻ ആവേശത്തിലാണ്. 24,467 വോട്ടുകൾക്ക് കെ സുധാകരൻ മുന്നിട്ടുനില്‍ക്കുകയാണ്. നിലവില്‍ കണ്ണൂര്‍ എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരന്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വനം, കായിക മന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയും കരുത്തനായ നേതാവുമായ എംവി ജയരാജനാണ് ശക്തനായ ഒരു എതിരാളി. സി രഘുനാഥാണ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി.
വോട്ടെണ്ണുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ കണ്ണൂരില്‍ വിജയം ഉറപ്പെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. കണ്ണൂരില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും 2019 ആവര്‍ത്തിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. യുഡിഎഫ് കേരളത്തിൽ നേട്ടമുണ്ടാക്കിയാൽ ക്രെഡിറ്റ് കെപിസിസിക്കായിരിക്കും. വിജയത്തില്‍ ആരുടെ പങ്കാളിത്തവും കുറച്ചുകാണുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. മുന്നണി ഇത്ര ഐക്യത്തോടെ പ്രവർത്തിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. എത്രയോ തവണ എക്സിറ്റ് പോൾ തെറ്റിയിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി കേരളത്തിലെത്തി നടത്തുന്ന ആഭാസങ്ങളിൽ ജനങ്ങൾക്ക് പുച്ഛമാണെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാധാരണക്കാർപോലും അദ്ദേഹത്തിന്റെ പൂജയും കാര്യങ്ങളും ഉൾക്കൊള്ളുന്നില്ല. ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോളിൽ പറയുന്നത് ജനമനസ്സറിഞ്ഞിട്ടല്ല. പകരം അവരുടെ പ്രചാരണം കണ്ടിട്ടാണ്.
‘ഇൻഡ്യ’ മുന്നണിയുടെ ആത്മാവ് വരാൻ പോകുന്നതേയുള്ളൂ. എത്ര സീറ്റ് കിട്ടിയാലും നേട്ടമാണ്. ഇത്രയും മേൽക്കൈ ഉണ്ടാകുമെന്ന് കരുതിയിട്ടില്ല. ഇന്നലെവരെ മുന്നണി എത്രമാത്രം പിന്നിലായിരുന്നോ അത് ഒരുപാട് മുന്നോട്ടുപോയതായി ഓരോ സംസ്ഥാനത്തെയും തെരഞ്ഞെടുപ്പ് പരിശോധിച്ചാൽ മനസ്സിലാകുമെന്നും കെ. സുധാകരൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ മണ്ഡലത്തിലെ പ്രചാരണം. പാനൂരിലുണ്ടായ ബോംബ് നിർമ്മാണവും തുടര്‍ന്നുണ്ടായ സ്ഫോടനവും, തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫിന് കിട്ടിയ മികച്ച രാഷ്‌ട്രീയ ആയുധമായിരുന്നു.
ജില്ലയിലെ അക്രമ രാഷ്‌ട്രീയവും രക്തസാക്ഷി പട്ടികയും യുഡിഎഫ് പ്രചാരണത്തിലുടനീളം എടുത്ത് കാട്ടിയിരുന്നു. ദേശീയ തലത്തിലുള്ള കോണ്‍ഗ്രസിന്‍റെ ക്ഷീണവും കൂറുമാറ്റവും എടുത്ത് കാട്ടിയായിരുന്നു സിപിഎമ്മിന്‍റെ പ്രചാരണം. ധർമ്മടം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് ആണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി.
2004 ന് ശേഷം എൽഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി വിജയിപ്പിച്ച ചരിത്രമാണ് കണ്ണൂരിന്‍റേത്. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ സിപിഎം ജില്ല സെക്രട്ടറിയായിരുന്ന എംവി ജയരാജനെ തന്നെ എൽഡിഎഫ് കളത്തിലിറക്കിയതും മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കി.