മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ദൃശ്യവിരുന്നായി മലയാളികള്‍ ഒരുപക്ഷേ കണ്ടിട്ടുള്ള ടെലിവിഷന്‍ പ്രോഗ്രാമായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ച ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’. ആ പ്രോഗ്രാം അവതരണത്തിലെ പുതുമയും ഉള്ളടക്കത്തിലെ വ്യത്യസ്തതയും കൊണ്ട് ഏറെ ഹൃദ്യമായിരുന്നു.
സമൂഹത്തിന്‍റെ വിവിധ രംഗങ്ങളിലുള്ള പല പ്രതിസന്ധികളില്‍ കഴിയുന്ന ഒത്തിരി മനുഷ്യരെ ആ പ്രോഗ്രാമിലൂടെ സുരേഷ് ഗോപി ലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചു. ആ പ്രോഗ്രാമിലെ സാന്നിധ്യം കൊണ്ട് അവരുടെ പലരുടെയും ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടായി. വലിയ വഴിത്തിരിവുകള്‍ തന്നെ സംഭവിച്ചു. സുരേഷ് ഗോപി തന്‍റെ പ്രോഗ്രാമില്‍ പങ്കെടുത്ത നിര്‍ധനര്‍ക്ക് ഒത്തിരി സഹായങ്ങള്‍ നല്‍കി. ലക്ഷങ്ങള്‍ സംഭാവന നല്‍കി. ജീവകാരുണ്യരംഗത്ത് അദ്ദേഹം പുതിയൊരു പാത തന്നെ വെട്ടിത്തുറക്കുകയായിരുന്നു.
ഈയൊരു സന്ദര്‍ഭത്തിലാണ് ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്‍റെ മനുഷ്യസ്നേഹപരമായ പ്രവൃത്തികള്‍ സംബന്ധിച്ച് വിശദമായൊരു അഭിമുഖത്തിനാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ ഒരുങ്ങിയത്. മംഗളം കന്യകയില്‍ ഞാന്‍ സീനിയര്‍ സബ് എഡിറ്ററായി ജോലി ചെയ്യുകയായിരുന്നു. കന്യകയുടെ എഡിറ്ററായിരുന്ന പ്രശസ്ത പത്രപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായ എ ചന്ദ്രശേഖറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഞാന്‍ സുരേഷ് ഗോപിയെ കാണാന്‍ പോയത്. അക്കാലത്ത് അഭിമുഖങ്ങള്‍ പൂര്‍ണ്ണമായും സുരേഷ് ഗോപി ഒഴിവാക്കിയിരിക്കുകയായിരുന്നു.ഞാന്‍ പല തവണ അദ്ദേഹത്തോട് സംസാരിച്ചെങ്കിവും വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അങ്ങനെ തുടര്‍ച്ചയായ എന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി അദ്ദേഹം അഭിമുഖത്തിന് തയ്യാറായി.
2013 ല്‍ അദ്ദേഹവു ജയറാമും കേന്ദ്രകഥാപാത്രങ്ങള അവതരിപ്പിക്കുന്ന ‘സലാം കാശ്മീര്‍’എന്ന ചിത്രത്തിന്‍റെ വാഗമണ്‍ ലൊക്കേഷനില്‍ ഞങ്ങള്‍ അഭിമുഖം നടത്തി. സുരേഷ് ഗോപി ഒരു കാര്യം മാത്രമാണ് മുന്നോട്ട് വെച്ചത്. ഞാന്‍ പറയുന്നതേ എഴുതാവൂ എനിക്ക് വായിക്കാന്‍ തന്നിട്ടേ പ്രസിദ്ധീകരിക്കാവൂ. ഇതുരണ്ടും ഞാന്‍ പാലിച്ചു. ഇരുപത് മിനിട്ടാണ് അദ്ദേഹം അഭിമുഖത്തിന് അനുവദിച്ചത് പക്ഷേ ഞങ്ങളുടെ സംസാരം രണ്ട് മണിക്കൂറോളം നീണ്ടു. അദ്ദേഹം ഹൃദയം തുറന്ന് സംസാരിച്ചു. കണക്കുകള്‍ പ്രസിദ്ധീകരിക്കരുത് എന്ന ഉപാധിയോടെ അദ്ദേഹം ചെയ്ത മുഴുവന്‍ സംഭാവനകളുടെയും കണക്കുകളും വിശദാംശങ്ങളും എനിക്ക് നല്കി. താരജാഡയില്ലാതെ ആത്മാര്‍ത്ഥമായി തന്നെ സംസാരിച്ചു.
എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ തന്‍റെ സഹോദരിയുടെ സര്‍ജറിക്കായി അദ്ദേഹത്തിന് പോകേണ്ടതായിരുന്നു. പക്ഷേ മനസ്സ് തുറന്ന് സംസാരിച്ചതിനാല്‍ അതും വൈകി. ഹൃദയ വിശുദ്ധിയോടെ ആ മനുഷ്യന്‍ തന്‍റെ ജീവിതം എന്നോട് തുറന്നു പറഞ്ഞു. അന്നും ഇന്നും അക്കാര്യത്തില്‍ എനിക്കേറെ അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്. സുരേഷ് ഗോപി ഒരു പച്ചയായ മനുഷ്യനാണ്. മനുഷ്യസ്നേഹിയായ അദ്ദേഹത്തെ ഞാന്‍ ഏറെ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷേ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്‍റെ നിലപാടുകളെ ശക്തമായി തന്നെ എതിര്‍ക്കുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകളും അംഗീകരിക്കാനാവില്ല. എങ്കിലും ആ മനുഷ്യന്‍ നമുക്ക് നല്കുന്ന പ്രകാശം ഒത്തിരി വലുതാണ്. അതുതന്നെയാണ് അദ്ദേഹത്തെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കുന്നത്.