UAE

35.5 കോടി ദിർഹമിന്റെ വൻ ബീച്ച് വികസന പദ്ധതി, വാർത്ത പങ്കുവെച്ച് ദുബൈ മുനിസിപ്പാലിറ്റി

18 മാസത്തിനുള്ളിൽ വികസന പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ

ദുബൈയിൽ വൻ ബീച്ച് വികസന പദ്ധതി വരുന്നു. അൽമംസാർ ബീച്ചിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ച് കടലിൽ നടപ്പാലം നിർമിക്കും. ദേരയിൽ 24 മണിക്കൂറും തുറക്കുന്ന നൈറ്റ് ബീച്ചും നിർമിക്കും.അൽ മംസാർ, ജുബൈറ 1 ബീച്ച് വികസനത്തിന് 35.5 കോടി ദിർഹമിന്റെ പദ്ധതിയാണ് ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചത്. മംസാറിൽ കടലിന് മുകളിൽ 200 മീറ്റർ നീളമുള്ള നടപ്പാലമാണ് നിർമിക്കുക. ദുബൈയിൽ ആദ്യമായാണ് ഇത്തരമൊരു നടപ്പാലം.

പദ്ധതിക്ക് ദുബൈയിലെ നഗരാസൂത്രണ സിമിതി കരാർ നൽകി. 18 മാസത്തിനുള്ളിൽ വികസന പ്രവൃത്തികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 4.3 കിലോമീറ്റർ നീളത്തിലാണ് അൽമംസാർ ബീച്ചിലെ വികസന പദ്ധതികൾ നടപ്പാക്കുക. 1.4 കിലോമീറ്ററാണ് ജുമൈറ ബീച്ച് ഒന്നിൻറെ നീളം. ആഴ്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ആദ്യ രാത്രി ബീച്ചാണ് ദേരയിൽ തുറക്കുക

വികസന പ്രവൃത്തികൾ നടക്കുന്ന സമയത്ത് രണ്ട് ബീച്ചുകളും ഭാഗികമായി അടച്ചിടും. തുറന്നിരിക്കുന്ന ഭാഗങ്ങളിൽ സന്ദർശകരെ അനുവദിക്കും. രണ്ടു ബീച്ചുകളിലായി 11 കിലോമീറ്റർ സൈക്കിളിങ്, റണ്ണിങ് ട്രാക്കുകളും, അഞ്ചു കിലോമീറ്റർ നടപ്പാതയും നിർമിക്കും. ബാർബിക്യു, ഫിറ്റ്‌നസിനുള്ള സൗകര്യങ്ങൾ, കുട്ടികൾക്ക് കളിക്കാനുള്ള ഇടം എന്നിവയും ഒരുക്കും. അതോടൊപ്പം വിശ്രമ മുറികളും ആഘോഷ പരിപാടികൾക്കായുള്ള സ്ഥലവും നിർമിക്കും. 14,00 കാറുകൾ പാർക്ക് ചെയ്യാവുന്ന സ്‌പോട്ടുകളും വികസനത്തിൻറെ ഭാഗമായി നിർമിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.