Health

ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റ് കഴിക്കാറുണ്ടോ..? പണി വരുന്നുണ്ട് !

എല്ലാ ബിസ്‌ക്കറ്റുകളും ഒരു പോലെ അല്ല നിര്‍മ്മിക്കുന്നത്

ചായും ബിസ്ക്കറ്റും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒരു കോമ്പിനേഷനാണ്. മലയാളികളുടെ മാത്രമല്ല, പ്രായ ഭേദമന്യേ എല്ലാവരുടെയും ജനപ്രിയ കോമ്പോ ആണിത്. വളരെ രുചികരമായ ഈ കോമ്പിനേഷൻ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ ഗുണങ്ങൾ യഥാർത്ഥത്തിൽ കിട്ടുന്നുണ്ടോ? അതിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. വേണ്ടത്ര പോഷണമില്ലാത്ത ഭക്ഷണമാണിത്. എങ്കിലും ബിസ്‌ക്കറ്റിനെ നിങ്ങള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല. ഇടയ്ക്കിടെ ഒരു ക്രീം ബിസ്‌ക്കറ്റോ മറ്റോ കഴിക്കാം. എന്നിരുന്നാലും, ഇത് ഒരു ശീലമാക്കരുത്. കാരണം ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

ഇത് തുടര്‍ച്ചയായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നത് നഷ്ടപ്പെടുത്തുന്നു. റസ്‌ക്, ജീര ബിസ്‌ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ മിക്ക ബിസ്‌ക്കറ്റുകളും നാരുകളില്ലാത്ത ശുദ്ധീകരിച്ച ഗോതമ്പ് മാവ് (മൈദ) ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. മോശം ഫൈബര്‍ കഴിക്കുന്നത് കുട്ടികളിലും മുതിര്‍ന്നവരിലും മലബന്ധത്തിന് കാരണമാകും.

പോഷകാഹാര വിദഗ്ധ അമിത ഗാദ്രെ തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ചായയും ബിസ്‌കറ്റും അനാരോഗ്യകരമായ കോംബിനേഷന്‍ ആകുന്നത് എങ്ങനെ എന്നതിനെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. ഒട്ടുമിക്ക ബിസ്‌ക്കറ്റുകളിലും ഉയര്‍ന്ന കൊഴുപ്പും ശുദ്ധീകരിച്ച മാവും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയില്‍ നാരുകള്‍ തീരെ കുറവാണ്. ഇതിനര്‍ത്ഥം അവ വെറും ‘ശൂന്യമായ കലോറികള്‍’ വാഗ്ദാനം ചെയ്യുന്നു എന്നാണ്.

അതായത് പ്രോട്ടീന്‍, വിറ്റാമിനുകള്‍ അല്ലെങ്കില്‍ ധാതുക്കള്‍ പോലുള്ള കുറഞ്ഞ പോഷകങ്ങളെ അവ പ്രദാനം ചെയ്യുന്നുള്ളൂ. എല്ലാ ബിസ്‌ക്കറ്റുകളും ഒരു പോലെ അല്ല നിര്‍മ്മിക്കുന്നത് എന്നതാണ് മറ്റൊരു കാരണം. കൊഴുപ്പ്, പഞ്ചസാര രഹിത, മൈദ രഹിത, പ്രമേഹ – സൗഹൃദം എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉണ്ടെങ്കിലും പല ബിസ്‌ക്കറ്റുകളും പലപ്പോഴും കലോറി ഒഴികെ മറ്റൊന്നും നല്‍കുന്നില്ല.

നിങ്ങള്‍ക്ക് ഒരു ലഘുഭക്ഷണം ആവശ്യമുണ്ടെങ്കില്‍ അണ്ടിപ്പരിപ്പ്, അരി വറുത്തത്, റൊട്ടി, സബ്ജി റോള്‍, ഒരു കഷ്ണം പഴം എന്നിവ പോലുള്ള ആരോഗ്യകരമായ ബദല്‍മാര്‍ഗങ്ങള്‍ പരിഗണിക്കാവുന്നതാണ്. അതേസമയം ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ചായ കുടിച്ച് 15 മിനിറ്റ് കാത്തിരിക്കണം. അതിനാല്‍ നിങ്ങള്‍ക്ക് വിശക്കുന്നില്ലെങ്കില്‍ ചായയ്‌ക്കൊപ്പം ബിസ്‌കറ്റ് കഴിക്കാതിരിക്കുന്നതാണ് നല്ലത്.