കോട്ടക്കൽ: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന്‍ മരിച്ചു. കോട്ടക്കൽ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്‍റെയും ഗംഗാദേവിയുടെയും മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. രക്ഷിതാക്കള്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങിപ്പോവുകയായിരുന്നു.
ബോധരഹിതനായ കുട്ടിയെ ഉടന്‍ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.