യുപിഐ ലൈറ്റ് പോലെ തന്നെ ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളിലും ഓട്ടോമാറ്റിക്കായി പണം നിറയും. ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകളിലും ( മെട്രോ കാര്‍ഡുകള്‍) ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുമെന്ന് ആര്‍ബിഐ പ്രഖ്യാപിച്ചു. പണവായ്പാ നയപ്രഖ്യാപനത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇ-മാന്‍ഡേറ്റ് ചട്ടക്കൂടിന് കീഴിലാക്കിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ആവര്‍ത്തിച്ചുള്ള പണമിടപാടിന് ഉപയോഗിക്കുന്ന ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവയുടെ സുഗമമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിലും ബാലന്‍സ് ഇല്ലെങ്കില്‍ ഓട്ടോമാറ്റിക്കായി പണം നിറയ്ക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കുക.
നിലവില്‍ ഫാസ്ടാഗിലും നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിലും പരിധി നിശ്ചയിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ഈ പരിധിയില്‍ താഴെ പോയാല്‍ ഓട്ടോമാറ്റിക്കായി ബാലന്‍സ് നിറയ്ക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. യാത്രാവേളയില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. ഇ-മാന്‍ഡേറ്റ് എന്നത് ഒരു സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ ആണ്. ഓട്ടോമാറ്റിക്കായി നിശ്ചിത തുക അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്യാന്‍ ബാങ്കിനെ അനുവദിച്ച് കൊണ്ട് ഉപഭോക്താവ് നല്‍കുന്ന അനുമതിയാണ് ഇ- മാന്‍ഡേറ്റ്.