യുവ ടെലിവിഷൻ നടിമാരിൽ ശ്രദ്ധേയയാണ് റെബേക്ക സന്തോഷ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് നടി അവതരിപ്പിച്ചിരിക്കുന്നത്. ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് സീരിയലുകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു. കസ്തൂരിമാൻ, കളിവീട്, സ്നേഹക്കൂട്, നീർമാതളം തുടങ്ങിയ നടിയുടെ സീയലുകൾ ഹിറ്റായിരുന്നു. സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനാണ് ഭർത്താവ്. പ്രണയവിവാഹമായിരുന്നു.
ഇപ്പോഴിതാ കരിയറിന്റെ തുടക്ക കാലത്ത് വഴക്കുകൾ കേൾക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് റെബേക്ക. ജോഷ് ടോക്സിൽ സംസാരിക്കവെയാണ് റെബേക്ക തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ഇപ്പോഴുള്ള കുട്ടികൾക്ക് പറഞ്ഞ് തരാൻ ഒരാളുണ്ട്. പക്ഷെ എന്റെ കാര്യത്തിലൊക്കെ തെറ്റാണെങ്കിൽ തെറ്റ്.
അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാൻ ആൾക്കാർ ഉണ്ടായിരുന്നില്ല. അഭിനയം നിർത്തി പോയാലോ എന്ന് വിചാരിച്ച കാലഘട്ടം ഉണ്ടായിട്ടുണ്ട്. എന്നും കരച്ചിലായിരുന്നു. പതിനേഴ് വയസിന് മുമ്പേ ആയിരുന്നു അത്. അത്രയും ഇഷ്ടപ്പെട്ട ഫീൽഡ് ഞാൻ വെറുത്ത് പോയി. വഴക്ക് പറയുന്നവരെ കുറ്റം പറയുന്നില്ല. അവർക്കും കുറേ ഫ്രസ്ട്രേഷൻ ഉണ്ട്.
കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പാഷൻ കൊണ്ടാണ് അഭിനയത്തിലേക്ക് വന്നത്. അന്ന് ഇപ്പോൾ കാണുന്ന റെബേക്ക സന്തോഷ് ആയിരുന്നില്ല. നല്ല ഫ്ലോപ്പായിരുന്നു. ആദ്യത്തെ മൂന്ന് നാല് പ്രൊജക്ട് ഫ്ലോപ്പായപ്പോൾ തന്നെ എന്റെ ആത്മവിശ്വാസം താഴ്ന്നു. അഭിനയമൊക്കെ നിർത്തിയേക്കാം, പഠിച്ചിട്ട് ജോലിക്ക് പോകാം എന്ന പ്ലാനിലിരിക്കെ 2017 ൽ എനിക്കൊരു അവസരം വന്നു.
അവിടം തൊട്ടിട്ടാണ് സത്യം പറഞ്ഞാൽ എന്റെ ജീവിതം മാറിയത്. അന്ന് എനിക്ക് 17, 18 വയസേ ഉള്ളൂ. പക്ഷെ ഞാൻ ചെയ്ത് കൊണ്ടിരുന്ന ക്യാരക്ടർ 27,28 പ്രായമാണ്. വളരെ പകത്വതയുള്ള കഥാപാത്രം. ആയിടയ്ക്ക് ഒരു ഷോയിൽ ഞാൻ പങ്കെടുത്തു. അന്ന് കുട്ടിക്കളിയാണ്. ശരിക്കുമുള്ള റെബേക്ക എന്താണെന്ന് ആ ഷോയിലൂടെ പുറത്തേക്ക് വന്നു. ഷോ ടെലികാസ്റ്റ് ആയപ്പോൾ അതിനടിയിലെ കമന്റ് ബോക്സ് എനിക്ക് ഓപ്പൺ ചെയ്യാനേ പറ്റുന്നുണ്ടായിരുന്നില്ല.
നമ്മളെ ഇല്ലാതാക്കുന്ന രീതിയിലുള്ള നെഗറ്റീസ് കമന്റുകളായിരുന്നെന്ന് റെബേക്ക ഓർത്തു. എന്റെ ലൈഫിൽ ഞാൻ നല്ല പീക്കിൽ നിൽക്കുന്ന സമയത്താണ് ശരിക്കുമുള്ള എന്നെ ജനങ്ങൾ അറിഞ്ഞത്. അവർക്കാർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അവരുടെ മക്കളോട് വരെ അവർ പറഞ്ഞ് കൊടുത്തിട്ടുണ്ടാവുക കുട്ടികളായാൽ ഇങ്ങനെ വേണം എന്നാണ്. പക്ഷെ എന്നെ ഷോയിൽ കണ്ടപ്പോൾ ഈ കുട്ടിയെന്താ ഇങ്ങനെയെന്ന് പ്രേക്ഷകർക്ക് തോന്നിയെന്നും റെബേക്ക ചൂണ്ടിക്കാട്ടി.
നെഗറ്റീവ് കമന്റുകൾ താൻ പോസിറ്റീവ് ആയെടുത്തെന്നും റെബേക്ക വ്യക്തമാക്കി. തന്റെ കഥാപാത്രവും അഭിനയവും അവർക്ക് അത്രയും ഉൾക്കാെള്ളാൻ കഴിഞ്ഞത് കൊണ്ടാണ് നെഗറ്റീവ് കമന്റുകൾ വന്നതെന്നും റെബേക്ക പറയുന്നു.