കൽപ്പറ്റ : ഒരു മാസത്തിനിടെ നേന്ത്രക്കായയ്ക്ക് ഇരട്ടിയോളം വില വർധിച്ചു. കർഷകർക്ക് ഇത് ആശ്വാസം നൽകുന്നു. കിലോയ്ക്ക് 40 രൂപ വരെ ഇപ്പോൾ ലഭിക്കുന്നുണ്ട്. ഉത്പാദനകുറവാണ് ഈ വില വർധനവിന് കാരണം.
ഈ വർഷം 15 രൂപ വരെ വില താഴ്ന്നിരുന്നു. വലിയ പ്രതിസന്ധിയിലായിരുന്നു നേന്ത്രവാഴ കർഷകർ. വില കൂപ്പുകുത്തിയത് മൂലം പലരും ഈ കൃഷി തന്നെ ഉപേക്ഷിച്ചു പോയി. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിലയിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. വിപണിയിലെ ഏറ്റവും മികച്ച വിലയാണ് ഇപ്പോൾ ലഭിക്കുന്നത് എന്ന് കർഷകർ തന്നെ പറയുന്നു. ഇപ്പോഴത്തെ മികച്ച വില ഓണക്കാലത്തും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഈ വർഷം ഉത്പ്പാദനത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഴ കുറവായതും നേന്ത്രവാഴ കൃഷിയെ സാരമായി ബാധിച്ചിരുന്നു. വയനാട്ടിൽ തന്നെ ഏക്കർ കണക്കിന് സ്ഥലത്തെ വാഴകൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിനു പുറമേ വേനൽ മഴയോടൊപ്പം എത്തിയ കാറ്റിലും വൻതോതിൽ കൃഷി നശിച്ചു. കർണാടകയിലും ഉത്പാദനക്കുറവുണ്ട്. ഉത്പ്പാദനചെലവ് വർദ്ധിക്കുന്നതിനാൽ മെച്ചപ്പെട്ട വില ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു കർഷകർ. ഇതിനിടയിലാണ് കർഷകർക്ക് പ്രതീക്ഷയായി വില വർദ്ധിക്കുന്നത്.
ഇതരസംസ്ഥാനങ്ങളിലേക്കാണ് വയനാട്ടിൽ നിന്ന് നേന്ത്രക്കായ കൂടുതലും കയറ്റി പ്പോകുന്നത്. മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനാണിത്. കഴിഞ്ഞമാസം പെയ്ത കനത്തമഴയിൽ ജില്ലയിൽ പലയിടങ്ങളിലും വാഴക്കൃഷി നശിച്ചിരുന്നു. കൃഷിനശിച്ച കർഷകർക്ക് നേന്ത്രക്കായയ്ക്ക് വിലകൂടിയ സാഹചര്യത്തിൽ വലിയ നഷ്ടമാണ് ഉണ്ടായത്. നേന്ത്രക്കായയ്ക്ക് വില ഉയർന്നതോടെ കച്ചവടക്കാർ നേരിട്ട് കർഷകരുടെ വാഴത്തോട്ടങ്ങളിലെത്തി നേന്ത്രക്കായ വാങ്ങുന്നുണ്ട്.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നേന്ത്രക്കായ കാര്യമായി വിപണിയിലെത്താത്തത് കൊണ്ടാണ് വയനാട്ടിലെ കർഷകർക്ക് ഇപ്പോൾ മികച്ച വില കിട്ടുന്നത്. ഇവിടങ്ങളിൽ നേന്ത്രക്കായ പാകമാകാത്തതിനാലാണ് വിപണിയിലെത്താൻ താമസം നേരിടുന്നത്. തമിഴ്നാട്ടിൽ ഏറ്റവുംകൂടുതൽ നേന്ത്രവാഴക്കൃഷിയുള്ള തൃശ്ശിനാപ്പള്ളി, വള്ളിയൂർ, മേട്ടുപ്പാളയം എന്നിവിടങ്ങളിൽ നിന്ന് നേന്ത്രക്കായ വിപണിയിലെത്തുന്നതോടെ വിലയിടിയും. കാലാവസ്ഥ പ്രതികൂലമായതിനാൽ കമ്പം, തേനി ഭാഗങ്ങളിൽ ഇത്തവണ നേന്ത്രവാഴക്കൃഷി കുറഞ്ഞിട്ടുണ്ട്. കർണാടകയിലെ ചാമരാജ് നഗർ, ഹുൻസൂർ, ഗുണ്ടൽപ്പേട്ട എന്നിവിടങ്ങളിലും നേന്ത്രക്കായ പാകമായി തുടങ്ങിയിട്ടുണ്ട്. ഇവിടങ്ങളിൽ ഒരുമാസംകൊണ്ട് വിളവെടുപ്പ് തുടങ്ങും.