ഏറെ അഭ്യുഹങ്ങള്‍ക്കും ആശങ്കകള്‍ക്കും ശേഷം തമിഴ്‌നാട്ടില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലേക്ക് എല്‍. മുരുകന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സഹമന്ത്രിസ്ഥാനമാകും മുരുകനു ലഭിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സത്കാരത്തില്‍ തമിഴ്നാട് മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്ര സഹമന്ത്രിയുമായ എല്‍ മുരുകന്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ്, മന്ത്രിയാകുമെന്ന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലെക്കു പകരം എല്‍ മുരുകന്റെ പേര് ഉയര്‍ന്നു വന്നത്. കഴിഞ്ഞ മോദി സര്‍ക്കാരിലും മുരുകന്‍ കേന്ദ്രമന്ത്രിയായിരുന്നു. ഫിഷറീസ്, മൃഗസംരക്ഷണം, വാര്‍ത്താവിതരണ പ്രക്ഷേപണം തുടങ്ങിയ വകുപ്പുകളാണ് മുരുകന് ലഭിച്ചത്. തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റാണ് മുരുകന്‍. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരുകന്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നീലഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച എല്‍.മുരുകന്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി എ.റാസയോട് 240,585 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഡിഎംകെ സ്ഥാനാര്‍ഥി എ.റാസ 473212 വോട്ടും ബിജെപി സ്ഥാനാര്‍ഥി എല്‍.മുരുകന് 232627 വോട്ടും എഐഎഡിഎംകെ സ്ഥാനാര്‍ഥി ലോകേഷ് തമിഴ്‌ചെല്‍വന് 220230 വോട്ടും ലഭിച്ചു. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ എല്‍.മുരുകന്‍ കേന്ദ്ര സഹമന്ത്രിയായിരുന്നപ്പോള്‍, ഫെബ്രുവരി 27ന് നടന്ന 57 രാജ്യസഭാ എംപി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി സ്ഥാനത്തേക്ക് മത്സരിച്ചു. തമിഴ് നാടിനെ സേവിക്കാനുള്ള പദവിയാണ് പ്രധാനമന്ത്രി മോദി തനിക്ക് നല്‍കിയതെന്ന് അന്ന് മാധ്യമങ്ങളോട് സംസാരിച്ച എല്‍.മുരുകന്‍ പറഞ്ഞു. തമിഴ് നാടിന് പ്രാതിനിധ്യം നല്‍കാനാണ് എന്നെ രാജ്യസഭാംഗവും മന്ത്രിയുമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2020 മാര്‍ച്ചില്‍ മുരുകനെ ബിജെപിയുടെ തമിഴ്നാട് ഘടകത്തിന്റെ പ്രസിഡന്റായി നിയമിച്ചു. ബിജെപിയും എഐഎഡിഎംകെയും സഖ്യകക്ഷികളായിരുന്നപ്പോള്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് മത്സരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുന്നതിനായി ബിജെപിയുടെ വെട്രി വേല്‍ യാത്രയ്ക്ക് മുരുകന്‍ നേതൃത്വം നല്‍കി. യാത്രയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെങ്കിലും 20 വര്‍ഷത്തിന് ശേഷം ബിജെപി തമിഴ്നാട് നിയമസഭയില്‍ മത്സരിച്ച 20ല്‍ 4 സീറ്റും നേടി. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ എന്‍ കായല്‍വിഴി സെല്‍വരാജിനോട് ആയിരത്തിലധികം വോട്ടിന്റെ നേരിയ വ്യത്യാസത്തില്‍ മുരുകന്‍ പരാജയപ്പെട്ടു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2012-ലെ ഉപതെരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടു.
മുരുകനും അണ്ണാമലൈയും മോദിയുടെ എല്ലാ റോഡ് ഷോകളിലൂടെയും തമിഴ്നാട്ടിലെ പൊതുയോഗങ്ങളിലൂടെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാനത്തെ ബിജെപി ഘടകത്തിന്റെ ദളിത് മുഖമാണ് മുരുകന്‍. ‘തിരു എല്‍. മുരുകന്‍ ജി തമിഴ്നാടിന്റെ മണ്ണിന്റെ മകനാണ്,’ ഫെബ്രുവരിയില്‍ മോദി തമിഴ്നാട്ടില്‍ പറഞ്ഞു. ‘അദ്ദേഹം സംസ്ഥാനത്ത് നിന്ന് വിജയിച്ചില്ല, പക്ഷേ ഞങ്ങള്‍ തമിഴ്നാട്ടിലെ ദളിത് മകന് മന്ത്രിസഭയില്‍ അഭിമാനകരമായ സ്ഥാനം നല്‍കി, ഹിന്ദി സംസാരിക്കുന്ന മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് അയച്ചു.’ ജനുവരിയില്‍ മുരുകന്റെ ഡല്‍ഹിയിലെ വസതിയിലാണ് മോദി തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷിച്ചത്.
കര്‍ഷകരായ തെലുങ്ക് സ്വദേശികളായ മാതാപിതാക്കളുടെ മകനായി നാമക്കല്‍ ജില്ലയില്‍ ജനിച്ച മുരുകന്‍ അരുന്തതിയാര്‍ സമുദായത്തില്‍ നിന്നുള്ള വ്യക്തിയാണ്. വിദ്യാര്‍ത്ഥിയായിരിക്കെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) പ്രവര്‍ത്തിക്കുകയായിരുന്നു. ചെന്നൈയിലെ ഡോ. അംബേദ്കര്‍ ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 2017 മുതല്‍ 2020 വരെ ദേശീയ പട്ടികജാതി കമ്മിഷന്റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.