ന്യൂഡൽഹി: മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബന്ധപ്പെട്ടവരുമായി ആദ്യ ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഇനി എന്താണ് ജോലിയെന്ന് അറിയണമെന്നും വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒന്നും പ്രതീക്ഷിക്കുന്നുമില്ല, എന്നെയൊന്ന് സ്വതന്ത്രമായി പറക്കാൻ വിടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.
മൂന്നാം മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.