കേരളത്തിലെ ആശുപത്രികളില്‍ ഡാറ്റാ സംരക്ഷണത്തിന് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ സാങ്കേതിക മേഖലയിലുള്ള വിദഗ്ദര്‍ അഭിപ്രായപെട്ടു. തിരുവനന്തപുരത്തെ വ്യവസായ സംരംഭകരുടെ കൂട്ടായ്മ ആയ കിച്ചന്റെ നേതൃത്തിലാണ് രോഗികളുടെ വിവര ശേഖരണ സുരക്ഷിതത്വത്തെ കുറിച്ചുള്ള സെമിനാര്‍ തലസ്ഥാന നഗരത്തില്‍ നടന്നത്. ആര്‍സിസിയില്‍ ഉള്‍പ്പടെ ഉണ്ടായ സൈബര്‍ ആക്രമണവും ഡാറ്റാ ബാങ്കില്‍ നിന്ന് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ആദ്യമായി രോഗികളുടെ വിവരം സംരക്ഷിക്കുന്നത് സംബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്.
ഡാറ്റാ സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുമ്പോള്‍ രോഗിയുടെ ക്ഷേമം പ്രധാനമായിരിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോക്ടറും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ മാനേജിങ് ഡയറക്ടറുമായ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. രോഗ വിവരങ്ങള്‍ സുരക്ഷിതമായി ഇരിക്കുക എന്നുള്ളത് രോഗികളുടെ അവകാശമാണെന്നും ഡോ.ദിവ്യ എസ് അയ്യര്‍ കൂട്ടി ചേര്‍ത്തു.
ടൈ കേരളയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഡോ.ജിജ്ജീസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കും ആയിരുന്നു സെമിനാറിന്റെ മറ്റു സംഘാടകര്‍. ഇന്ത്യയിലെ ആദ്യത്തെ വനിതാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്ററായ ഡോ. പട്ടത്തില്‍ ധന്യ മേനോന്‍, ഡോ. ജിജ്ജിസ് മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കിലെ ചീഫ് ഡെന്റല്‍ സര്‍ജന്‍ ഡോ. ജിജി ജോര്‍ജ്ജ് എംഡിഎസ്, ട്രിനിറ്റി കോളജ് സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് (NABH) സര്‍ട്ടിഫിക്കറ്റ്, ഡോ. ജിജിയുടെ മില്യണ്‍ ഡോളര്‍ സ്മൈല്‍ ഡെന്റല്‍ ക്ലിനിക്കിന് ഡോ. സൈമണ്‍ മോറിസണ്‍ നല്‍കി. ഡാറ്റാ സുരക്ഷയ്ക്കും ഗുണനിലവാര മാനേജ്മെന്റിനുമുള്ള ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ധന്യ മേനോന്‍ പട്ടത്തില്‍ ഡോ. ജിജ്ജീസ് ഡെന്റല്‍ ക്ലിനിക്കിന് നല്‍കി. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ഡെന്റല്‍ ക്ലിനിക്കിന് ഇത്തരത്തില്‍ ഒരു അംഗീകാരം ലഭിക്കുന്നത്.
രോഗികളുടെ ഡാറ്റാ സുരക്ഷയും പൂര്‍ണമായി ഉറപ്പാക്കുന്ന ഡോ. ജിജി ജോര്‍ജിന് കിച്ചണിന്റെ സംഘാടകനായ സാജു സോമന്‍ (സിഎംഡി-ലൈഫ്ഹാര്‍ട്ട് ഗ്രൂപ്പ്) പ്രശസ്ത്രി പത്രം നല്‍കി.