തിരുവനന്തപുരം: എന്‍.ആര്‍.ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡണ്ടും വേൾഡ് മലയാളി കൗൺസില്‍,ദുബായ് പ്രൊവിന്‍സിന്‍റെ മുൻ ചെയർമാനുമായ ശശികുമാർ നായരെ ട്രിവാൻഡ്രം ക്ലബിൻ്റെ പ്രസിഡണ്ടായി എതിരില്ലാതെ തെരഞ്ഞെടുത്തു. ദുബായ് വേൾഡ് ഗ്രൂപ്പിൻ്റെ വിവിധ ബിസിനസ് യൂണിറ്റുകളുടെ മുൻ സീനിയർ ഫിനാൻസ് & അഡ്മിനിസ്ട്രേഷൻ മാനേജരായ ശശികുമാർ നായര്‍ ഇന്ത്യയിലും വിദേശത്തും ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷനിൽ 40ല്‍ അധികം വർഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഒരു ഫിനാൻസ് പ്രൊഫഷണലാണ്.
ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി, ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളിലൂടെ അദ്ദേഹം 30 വർഷത്തെ ജീവകാരുണ്യ, ക്ഷേമ സേവന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
ശ്രീ മൂലം ക്ലബ് മുൻ പ്രസിഡൻ്റ്, ട്രഷറർ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2019 മുതല്‍ 2021 വരെ ട്രിവാൻഡ്രം ക്ലബിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഓൾ കേരള കോളേജ് അലുമിനി ഫോറം (യുഎഇ) മുൻ പ്രസിഡൻ്റ്, യുണൈറ്റഡ് മലയാളി അസോസിയേഷൻ മുൻ കൺവീനര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
പ്രവാസി ഭാരത് (കേരളം) അവാർഡും, ഡിപി വേൾഡ് ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മികച്ച ഫിനാൻസ് എംപ്ലോയിക്കുള്ള ദുബായ് ഗവൺമെൻ്റ് എക്സലൻസ് പ്രോഗ്രാമിൽ നിന്നുള്ള പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്.
















