കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ ബാഗ് ഇനിമുതൽ സ്വന്തമായി ചെക്കിങ് ചെയ്യാം. ആഭ്യന്തര ടെർമിനൽ യാത്രക്കാർക്ക് ആണ് ഈ സൗകര്യം ചെയ്തിരിക്കുന്നത്. സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യത്തിലൂടെ ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർ അവരുടെ ചെക്ക് ഇൻ ബാഗുകൾ നേരിട്ട് കൺവെയറുകളിൽ ഇടുന്നു. ഇൻഡിഗോ, എയർ ഏഷ്യ, എയർ ഇന്ത്യ എന്നി വിമാന കമ്പനികൾ ആണ് നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നത്.
ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാന്ഡ്ലിങ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള മെഷീനുകള്‍ ക്യാനഡയില്‍നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോള്‍ വിമാനത്താവളത്തിലെ അതേ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.
ടെര്‍മിനല്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (കസ്) കിയോസ്കുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ബാഗില്‍ ടാഗ് സ്റ്റിക്കര്‍ ഒട്ടിച്ചശേഷം യാത്രക്കാര്‍ക്ക് സ്വയം ബാഗ് ഡ്രോപ് സൗകര്യത്തിലേക്ക് പോകാം. 27 മുതല്‍ 30 വരെയുള്ള ചെക്ക്- ഇന്‍ കൗണ്ടറുകളില്‍ സിയാല്‍ നാല് സെല്‍ഫ് -ബാഗ് ഡ്രോപ് സിസ്റ്റങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.