പെരുമ്പാവൂർ: പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി അതിഥി തൊഴിലാളികൾ. നിക്ഷേപ തുക തിരിച്ചു നൽകാതെ പറ്റിച്ചെന്നാണ് പരാതി. 9 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പാണ് ആരോപിക്കുന്നത്. മാസങ്ങളോളം ഓഫീസിൽ കയറിയിറങ്ങി എന്നും എന്നാൽ തുക തിരികെ നൽകിയില്ലെന്നും അതിഥി തൊഴിലാളികൾ പറയുന്നു.
9 മാസമായി സഹകരണ സംഘത്തിന്റെ ഓഫീസിൽ കയറിയിറങ്ങിയിട്ടും പണം ലഭിച്ചില്ല. പണം ആവശ്യപ്പെട്ട് ബാങ്കിൽ എത്തുമ്പോൾ ഉദ്യോഗസ്ഥർ ചെക്ക് എഴുതി നൽകി പിന്നീട് വരാൻ ആവശ്യപ്പെടും. ഇത്തരത്തിൽ എഴുതി നൽകിയ 25000 രൂപ മുതൽ രണ്ടേകാൽ ലക്ഷം രൂപ വരെയുള്ള ചെക്കുകൾ ഇവരുടെ കൈവശമുണ്ട്. ബാങ്കിൽ നിന്ന് പറയുന്ന ദിവസം ചെന്നാലും പണം ലഭിക്കാറില്ല എന്നും തൊഴിലാളികൾ.
പെരുമ്പാവൂരിൽ മൊബൈൽ ഷോപ്പുകളും ബാർബർ ഷോപ്പുകളും ചായക്കടകളും ചെയ്ത് ജീവിക്കുന്ന 18 അതിഥി തൊഴിലാളികളാണ് പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിനെതിരെ രംഗത്തെത്തിയത്. ദിവസവും നൂറും ഇരുന്നൂറും രൂപ വച്ച് നിക്ഷേപിച്ച തുകയാണ് സഹകരണസംഘം തിരിച്ച് നൽകാതെ പറ്റിച്ചത്. വർഷങ്ങളോളം പണിയെടുത്ത് സമ്പാദിച്ച തങ്ങളുടെ നിക്ഷേപത്തുക എത്രയും പെട്ടെന്ന് തിരിച്ചു നൽകണമെന്നാണ് ഇവരുടെ ആവശ്യം.