കടച്ചക്ക ഫോഡി
കടച്ചക്കക്കാലം തുടങ്ങിയാൽ പിന്നെ വീട്ടിൽ കടച്ചക്കയുടെ പല വിഭവങ്ങളുടെ ഒരു രാജകീയ വരവായിരുന്നു. മൂപ്പെത്താതെ കൊഴിഞ്ഞതും വീണതും പോലും രുചികരമായ സ്വാദുകളായി മാറും.
ഉപ്പേരിയും തീയലുമൊക്കെയാണ് സാധാരണയായി കടച്ചക്ക കൊണ്ട് കൊങ്കണികൾ ഉണ്ടാക്കുക. അല്പം പിഞ്ചു കടചക്ക ആയാലും ഉപ്പേരിയുണ്ടാക്കും. കഞ്ഞിക്കൊപ്പം അതീവ രുചികരം. കടലയ്ക്കൊപ്പം ചേർത്തുള്ള “സോയി ഭജ്ജിലെ ഘശി ” എന്ന തീയലും മല്ലിയും ഉഴുന്നും വറുത്ത് തേങ്ങാ ചേർത്തരച്ച കൂട്ടിൽ പാകം ചെയ്യുന്ന കടച്ചക്ക കറിയായ ” സുക്കെ ” ഒക്കെ മുൻപേ ഇവിടെ പരിചയപ്പെടുത്തിയിട്ടുണ്ട്.
കൊങ്കണി സദ്യകളിൽ എണ്ണയിൽ വറുത്ത പച്ചക്കറികൾക്ക് പ്രത്യേക സ്ഥാനമുണ്ട്. വിശേഷ ദിവസങ്ങളിലെ സദ്യകൾക്കും മറ്റും ഇത്തരം എണ്ണയിൽ വറുത്ത വിഭവങ്ങൾ നിർബന്ധമാണ് താനും. ” ഫോഡി ” എന്നാണ് ഇവയെ പൊതുവായി വിളിക്കുക. ചേന, മുരിങ്ങയ്ക്ക, പച്ചക്കായ ഒക്കെയാണ് ഫോഡികളായി പരമ്പരാഗത ശൈലിയിലെ ഊണുകളിൽ വിളമ്പുക. അല്പം കൂടെ ആർഭാടം ആവമെങ്കിൽ ക്യാപ്‌സികം, കോളിഫ്ലവർ ഒക്കെ ഫോഡികളായി മാറും. പഴുത്ത ഏത്തപ്പഴം കൊണ്ടുള്ള ഫോഡിയുടെ രുചി വിവരണാതീതം. എരിവും മധുരവും ഒരുപോലെ നാക്കിൽ മേളം തീർക്കും.
എന്നാൽ ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് കടച്ചക്ക “ഫോഡി ” തന്നെയാണ്. വിളഞ്ഞ കടച്ചക്കയാണ് ഇതിന് കൂടുതൽ അനുയോജ്യം. എങ്കിലും അല്പസ്വല്പം പിഞ്ചു കടച്ചക്ക ആണെങ്കിലും ഫോഡി തയ്യാറാക്കാം.
ചേരുവകൾ
കടച്ചക്ക – ഒരു പകുതി കഷ്ണം.
കശ്മീരി മുളകുപൊടി- 3 – 4 ടീസ്പൂൺ
കായപ്പൊടി – 3/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
അരിപ്പൊടി – അര കപ്പ്
വറുക്കാനുള്ള എണ്ണ – ആവശ്യത്തിന്
പാചകരീതിയിലേക്ക്
കടച്ചക്ക തീരെ നേർത്തും അധികം കനം കൂട്ടാതെയും ഫോട്ടോയിൽ കാണുന്ന പോലുള്ള കഷ്ണങ്ങൾ ആക്കുക. ശേഷം ഇതിലേക്ക് മുളകുപൊടി, കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു വെയ്ക്കുക. വെള്ളം ചേർക്കേണ്ടതില്ല. ഒരു 15-20 മിനിറ്റ് ഇതേപോലെ മാരിനേറ്റ് ചെയ്ത് വെയ്ക്കുക.
ശേഷം ഇവ വറുത്ത് കോരാനായി ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക. അരിപ്പൊടി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, നന്നേ മയമുള്ളത് ആയിരിക്കണം. പുട്ടുപൊടി പോലെ തരുത്തരുപ്പുള്ളത് ആവരുത്. ഇടിയപ്പപ്പൊടിയാണ് ഇതിനുത്തമം.
ഇനി ഓരോ കഷ്ണങ്ങളും അരിപ്പൊടിയിൽ ഉരുട്ടി പുതഞ്ഞെടുക്കുക. ഉടനെ തന്നേ ഓരോന്നായി ചൂടായ എണ്ണയിലിട്ട് വറുത്ത് കോരാം.
കടച്ചക്ക ഫോഡി തയ്യാർ.