തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകിയതിൽ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാർട്ടിയുടെ ഹിന്ദുവോട്ടുകൾ, പ്രത്യേകിച്ച് പിന്നാക്ക വോട്ടുകൾ ബി.ജെ.പിയിലേക്കു പോയെന്ന് വിലപിക്കുമ്പോഴും രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ സി.പി.എമ്മും സി.പി.ഐയും അവരെ വീണ്ടും അവഗണിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘നമ്മൾ, വേലികെട്ടാൻ മാത്രം വിധിക്കപ്പെട്ടവർ’ എന്ന തലക്കെട്ടിൽ കേരള കൗമുദി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം.
സി.പി.ഐയുടെ സീറ്റ് മുസ്ലീമിനും സി.പി.എമ്മിന്റേത് ക്രൈസ്തവനും വിളമ്പി. യു.ഡി.എഫ് ആകട്ടെ, പതിവു പോലെ തന്നെ മുസ്ലിം ലീഗിന് സമർപ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്കു പുറത്തായി. ഈ യാഥാർത്ഥ്യം തുറന്നു പറഞ്ഞതിനാണ് ഇപ്പോൾ ചില മുസ്ലിം സംഘടനകളും നേതാക്കളും എസ്.എൻ.ഡി.പി. യോഗത്തെയും എന്നെയും വർഗീയപട്ടം ചാർത്തി ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലേഖനത്തിന്റെ പൂർണരൂപം:
നമ്മൾ, വേലികെട്ടാൻ മാത്രം വിധിക്കപ്പെട്ടവർ.
രാജ്യസഭാ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി സി.പി.എമ്മും ഇടതുമുന്നണിയും മുന്നോട്ടു പോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇതു മനസിലാക്കിയാൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റ് ആയി അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലുമാകും!
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ചുള്ള ചർച്ചകൾ അഭംഗുരം തുടരുകയാണ്. എന്തുകൊണ്ട് തോറ്റുവെന്ന് ലളിതമായി പറയേണ്ടതിനു പകരം താത്വികമായ അവലോകനം നടത്തിയിട്ടൊന്നും ഇക്കാലത്ത് കാര്യമില്ല. സി.പി.എമ്മും സി.പി.ഐയും ഇപ്പോൾ നേരിടുന്നത് ഗുരുതരമായ അസ്തിത്വപ്രശ്നം തന്നെ. അത് ഇനിയും മനസിലാക്കിയിട്ടില്ലെന്നതിന്റെ തെളിവാണ് എൽ.ഡി.എഫിന്റെ രാജ്യസഭാ സ്ഥാനാർത്ഥി നിർണയം.
യു.ഡി.എഫ്. ആപാദചൂഡം പ്രീണിപ്പിച്ച് സ്വന്തം കക്ഷത്തിൽ വച്ചിരിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ എങ്ങിനെയുംപിടിച്ചെടുക്കാനുള്ള ആവേശത്തിലായിരുന്നു കുറേക്കാലമായി ഇടതു നയരൂപീകരണക്കാർ. രക്തപതാക തലമുറകളായി നെഞ്ചേറ്റിയ ഈഴവരാദി പിന്നാക്ക സമൂഹവും പട്ടികജാതി, വർഗ വിഭാഗങ്ങളും കാൽക്കീഴിൽ കിടക്കുമെന്ന ധാരണ ഈ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലത്തോടെ പൊളിഞ്ഞു. പാർട്ടിയുടെ ഹിന്ദുവോട്ടുകൾ, പ്രത്യേകിച്ച് പിന്നാക്ക വോട്ടുകൾ ബി.ജെ.പിയിലേക്കു പോയെന്ന് വിലപിക്കുമ്പോഴും രാജ്യസഭാ സ്ഥാനാർത്ഥി നിർണയത്തിൽ സി.പി.എമ്മും സി.പി.ഐയും അവരെ വീണ്ടും അവഗണിച്ചു.
സി.പി.ഐയുടെ സീറ്റ് മുസ്ളീമിനും സി.പി.എമ്മിന്റേത് ക്രൈസ്തവനും വിളമ്പി. യു.ഡി.എഫ് ആകട്ടെ, പതിവു പോലെ തന്നെ മുസ്ളീം ലീഗിന് സമർപ്പിച്ചു. രണ്ടു മുന്നണിയിലും ഭൂരിപക്ഷ സമുദായം പടിക്കു പുറത്തായി. ഈ യാഥാർത്ഥ്യം തുറന്നു പറഞ്ഞതിനാണ് ഇപ്പോൾ ചില മുസ്ളീം സംഘടനകളും നേതാക്കളും എസ്.എൻ.ഡി.പി. യോഗത്തെയും എന്നെയും വർഗീയപട്ടം ചാർത്തി ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുന്നത്. ഒരു മുസ്ളീം നേതാവ് നവോത്ഥാന സമിതി നേതൃസ്ഥാനം രാജിവച്ചു. മറ്റു ചിലർ ധവളപത്രമിറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. ഇരട്ടമുഖമുള്ള ഈ ‘മതേതരവാദി”കൾ ഗൾഫിൽ ചെല്ലുമ്പോൾ നടത്തുന്ന തീവ്രവാദ പ്രസംഗങ്ങളെല്ലാം കേരളം നവമാദ്ധ്യമങ്ങളിലൂടെ കണ്ടിട്ടുള്ളതാണ്. അവരാണ് യാഥാർത്ഥ്യം പറഞ്ഞതിന് എന്നെ വിമർശിക്കുന്നത്.
▪️അവർക്കായി വീതം വച്ചു!
ഏറെക്കാലമായി ക്രൈസ്തവ- മുസ്ളീം മതപ്രീണനം കോൺഗ്രസിന്റെ മാത്രം കുത്തകയായിരുന്നു. മുസ്ളീം ലീഗിന്റെയും കേരളകോൺഗ്രസിന്റെയും തടവറയിലായിരുന്നു കോൺഗ്രസ്. വിദ്യാഭ്യാസ, വ്യവസായ, പൊതുമരാമത്ത്, ധന വകുപ്പുകൾ പിടിച്ചുവാങ്ങി വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളിൽ നിയമിച്ച് കേരളത്തിന്റെ പൊതുസമ്പത്ത് സ്വന്തം മതക്കാർക്കായി അവർ വീതംവച്ചുനൽകി. അതിന്റെ ഉന്നതി ഇരുമതക്കാർക്കും എല്ലാ രംഗത്തുമുണ്ടായി. പുറമ്പോക്കിലേക്കു പോയത് ഹിന്ദുക്കളായിരുന്നു. ഇടതുഭരണം വരുമ്പോൾ മാത്രമാണ് പിന്നാക്ക, പട്ടികവിഭാഗക്കാർക്ക് എന്തെങ്കിലും പരിഗണന ലഭിച്ചിരുന്നത്. കുറച്ചു നാളായി ആ പരിഗണനയും നഷ്ടമായി. ഇടതുപക്ഷവും ന്യൂനപക്ഷ പ്രീണനം പ്രധാന അജണ്ടയാക്കി. ജീവിതകാലം മുഴുവൻ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചവരെ അവഗണിച്ച് ഇന്നലെ വന്ന ന്യൂനപക്ഷ വിഭാഗക്കാർക്ക് പാർട്ടി പദവികളിൽ ഡബിൾ, ട്രിപ്പിൾ പ്രൊമോഷനുകൾ നൽകി. നേതൃനിരയിലും സ്ഥാനമാനങ്ങളിലും ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ളീം നാമധാരികൾ നിറഞ്ഞു.
പൗരത്വനിയമത്തിനും ഏകസിവിൽ കോഡിനും എതിരെയും പാലസ്തീൻ പ്രക്ഷോഭത്തിലും മുന്നിൽ നിന്നു പോരാടിയത് സി.പി.എം അണികളാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും ഹൈന്ദവ ബിംബങ്ങളെ അവഹേളിച്ചു. ഹൈന്ദവ സഖാക്കളുടെ മാത്രം മതബോധത്തെ നിഷേധിച്ച് മറ്റുള്ളവരുടേതിനെ പ്രോത്സാഹിപ്പിച്ചു. ഇതെല്ലാം പൊതുജനങ്ങൾക്കും മനസിലായിട്ടുണ്ട്. മുസ്ളീം പ്രീണനം അതിരുവിട്ടപ്പോൾ ക്രൈസ്തവ അനുഭാവികളും സി.പി.എമ്മിനെ നിരാകരിച്ചു. മലബാറിലെ മുസ്ളീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ളീം ഇടതുസ്ഥാനാർത്ഥികൾക്ക് വോട്ടുകുറഞ്ഞു. ആലപ്പുഴയിലെ സിറ്റിംഗ് എം.പി ആയിരുന്ന എ.എം. ആരിഫിന് മുസ്ളീങ്ങൾ തിങ്ങിപ്പാർക്കുന്ന മണ്ണഞ്ചേരി മേഖലയിൽ ലഭിച്ച വോട്ടുകളുടെ കുത്തനെയുള്ള ഇടിവ് മറ്റൊരു സൂചനയാണ്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് നല്ലൊരു ശതമാനം ഇടതുമുന്നണിയെ കൈവിട്ടു. പ്രീണിപ്പിച്ച് വശത്താക്കാൻ നോക്കിയ മുസ്ളീം സമൂഹത്തിന്റെ വോട്ട് കിട്ടിയതുമില്ലെന്നതാണ് വസ്തുത.
▪️ഇനി എന്ന് തിരിച്ചറിയും?
കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ എക്കാലത്തെയും ഉറച്ച അടിത്തറ ഈഴവരാദി പിന്നാക്കക്കാരും പട്ടികജാതി, പട്ടികവർഗക്കാരുമാണ്. അവരായിരുന്നു കുറച്ചുകാലം മുമ്പുവരെ ഈ പാർട്ടികളുടെ രക്തവും മാംസവും മജ്ജയും മസ്തിഷ്കവുമെല്ലാം. പാർട്ടിക്കു വേണ്ടി ജീവനും ജീവിതവും ത്യജിച്ചവരാണ് ഇക്കൂട്ടർ. പാർട്ടി രക്തസാക്ഷികളുടെ ജാതിക്കണക്കെടുത്താൽ ഇത് വ്യക്തമാകും. സവർണ മേധാവിത്വത്തിനും അനീതികൾക്കുമെതിരെ തങ്ങൾക്കൊപ്പം നിന്ന പാർട്ടി കുറച്ചുകാലമായി സംഘടിത മുസ്ളീം ന്യൂനപക്ഷങ്ങൾക്കു വേണ്ടി നടത്തിവന്ന അതിരുവിട്ട പ്രീണന നയങ്ങൾ അവർ മനസിലാക്കിയെന്ന തിരിച്ചറിവാണ് ഇപ്പോഴും പാർട്ടി നേതൃത്വത്തിന് ഉണ്ടാകാതെ പോകുന്നത്!
യു.ഡി.എഫ് – എൽ.ഡി.എഫ് എന്ന അച്ചുതണ്ടിൽ ഇതുവരെ കറങ്ങിയിരുന്ന കേരള രാഷ്ട്രീയത്തിലേക്ക് ബി.ജെ.പിയുടെ ശക്തമായ കടന്നുവരവിന് ഈ പാളിയ തന്ത്രം വഴിയൊരുക്കി. ഇരുമുന്നണികളുടെയും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ ആരു ജയിച്ചു, ആരു തോറ്റു എന്ന സംശയം വേണ്ട. തോറ്റത് ഹൈന്ദവരായ പിന്നാക്ക, പട്ടികവിഭാഗങ്ങളാണ്. മതേതരത്വത്തിന്റെ പേരിൽ ഇവർ കബളിപ്പിക്കപ്പെട്ടു. വേലികെട്ടാനും അടുക്കളപ്പണിക്കും പിന്നാക്കക്കാരും, സദ്യ വിളമ്പുമ്പോൾ ഉണ്ണാനിരിക്കാൻ ന്യൂനപക്ഷങ്ങളുമെന്നതാണ് കേരളത്തിലെ സ്ഥിതി. ബി.ജെ.പിയും ആ വഴിക്കു നീങ്ങുന്നതിന്റെ ലക്ഷണങ്ങളിലാണ്. പിന്നാക്ക ജനതയെ അവഗണിച്ച് ക്രൈസ്തവ പ്രീണനത്തിന്റെ വഴിയിലേക്കു നീങ്ങിയാൽ അവരുടെ കാൽക്കീഴിലെയും മണ്ണ് ഒലിച്ചുപോകുമെന്ന് ഉറപ്പാണ്.
▪️അവർക്കു വേണ്ടി ഒരുമിക്കുന്നവർ.
ശ്രീനാരായണ സർവകലാശാല ഉൾപ്പെടെ സംസ്ഥാനത്തെ 14 സർവകലാശാലകളിൽ വി.സി.മാരെ നിയമിച്ചപ്പോൾ ഈഴവ സമുദായം അവഗണിക്കപ്പെട്ടു. പബ്ളിക് സർവീസ് കമ്മിഷനിലെ 20 അംഗങ്ങളിൽ പിന്നാക്കക്കാരുടെ എണ്ണം നാമമാത്രം. അഞ്ചു ദേവസ്വം ബോർഡുകളിലെ കാര്യവും സമാനമാണ്. ആർ. ശങ്കറിനു ശേഷം ഈഴവ സമുദായത്തിന് അനുവദിച്ച എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിരലിലെണ്ണാൻ പോലുമില്ല. മുസ്ളീം, ക്രൈസ്തവ വിഭാഗങ്ങൾക്ക് വാരിക്കോരി നൽകുകയും ചെയ്തു. ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് അവരുടെ അന്യാധീനപ്പെട്ട ഭൂമി കൈയേറ്റക്കാർക്ക്പതിച്ചു നൽകാൻ നിയമസഭയിൽ ഒന്നിച്ചു വോട്ടുചെയ്തവരാണ് ഇടതും വലതും. കൈയേറ്റക്കാർ ആരാണെന്നും ആർക്കു വേണ്ടിയാണ് ബദ്ധവൈരികൾ ഒന്നിച്ചുനിന്നതെന്നും പ്രത്യേകിച്ച് പറയേണ്ടതില്ല. 140 നിയമസഭാംഗങ്ങളിൽ കെ.ആർ.ഗൗരിഅമ്മ മാത്രമാണ് ആ അനീതിയെ എതിർത്തത്.
സംസ്ഥാനത്തെ ദരിദ്രരിലും പുറമ്പോക്ക്- കോളനി നിവാസികളിലും തൊഴിലുറപ്പുകാരിലും ഹരിതസേനക്കാരിലും ഭൂരിഭാഗവും പിന്നാക്ക, പട്ടിക വിഭാഗക്കാരാണ്. സംസ്ഥാനത്തിന്റെ പ്ളാൻ ഫണ്ടിൽ ഒരു ശതമാനം പോലും പിന്നാക്ക സമുദായക്ഷേമ വകുപ്പിന് നീക്കിവച്ചിട്ടില്ല. സംഘടിതരല്ലാത്തതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇറങ്ങാത്തതുമാണ് അവരുടെ ശാപം. ഇടതുപക്ഷവും അവഗണിക്കുകയാണെന്ന പിന്നാക്ക, പട്ടിക വിഭാഗക്കാരുടെ തിരിച്ചറിവിന്റെ പ്രതിഫലനമാണ് ഇത്തവണയും 20-ൽ ഒരു സീറ്റിലേക്ക്, അതും സംവരണ സീറ്റിലെ ജയത്തിലേക്കു മാത്രം ഇടതുമുന്നണിയെ ഒതുക്കിയത്. ഈ തിരിച്ചറിവ് ഇടതുമുന്നണിക്കും സി.പി.എമ്മിനും ഉണ്ടായാൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറാനാകും. പ്രീണന രാഷ്ട്രീയം ഉപേക്ഷിക്കണമെന്നേയുള്ളൂ.
▪️തിരിച്ചുവരാൻ സമയമുണ്ട്.
കേരളത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം അന്തിമവാക്കൊന്നുമല്ല. ഈ തോൽവി കണ്ട് ആരും ആഹ്ളാദിക്കേണ്ട. ഇതിന്റെ പേരിൽ ഇടതുപക്ഷത്തെ എഴുതിത്തള്ളാനുമാകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഒരു സീറ്റായിരുന്നു ഇടതുമുന്നണിക്ക്. പിന്നാലെ അസംബ്ളി തിരഞ്ഞെടുപ്പിൽ മിന്നുന്ന ജയവും നേടി. എക്കാലത്തും പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു തന്നെയാണ് മേൽക്കൈ പതിവ്. ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദൽ കോൺഗ്രസാണെന്ന ചിന്താഗതിയും ഇപ്പോഴത്തെ തിരിച്ചടിക്ക് ഒരു കാരണമായിട്ടുണ്ടാകാം. നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പിനെ ഈ ഫലംകൊണ്ട് വിലയിരുത്തേണ്ടതുമില്ല.
ഇക്കുറി ബി.ജെ.പി. ശക്തമായ നിലയിലെത്തിയെന്ന വ്യത്യാസമുണ്ടെങ്കിലും ഇടതുമുന്നണിക്ക് തിരിച്ചുവരവിന് സമയമുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കുക എന്ന ഒറ്റമൂലിയാണ് ഏക ഔഷധം. രാജ്യസഭാ സ്ഥാനാർത്ഥിത്വം ന്യൂനപക്ഷങ്ങൾക്ക് സംവരണം ചെയ്തതു പോലുള്ള നയങ്ങളുമായി ഇനിയും മുന്നോട്ടു പോകുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. സി.പി.എമ്മും ഇടതുമുന്നണിയും ഇതു മനസിലാക്കിയാൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഫിക്സഡ് ഡെപ്പോസിറ്റായി അവരുടെ പക്കലുണ്ടാകും. ഇല്ലെങ്കിൽ കരുവന്നൂർ ബാങ്കിന്റെ അവസ്ഥയിലുമാകും.