മത്തങ്ങ കുൽഫി
മത്തങ്ങ പലരുടെയും ഇഷ്ട ഭക്ഷണ പട്ടികയിൽ ഇടം പിടിക്കണമെന്നില്ല. എന്നാൽ മത്തങ്ങ പോഷകങ്ങളുടെ കലവറ കൂടിയാണ്. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, സിങ്ക്, സെലിനിയം, മഗ്നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്. നാരുകൾ ധാരാളമുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഈ പച്ചക്കറി നല്ലതാണ്. മലബന്ധം കുറയ്ക്കുന്ന മഗ്നീഷ്യത്തിൻ്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്ന് കൂടിയാണ് മത്തങ്ങ. മത്തങ്ങ ഇഷ്ട വിഭവങ്ങൾക്കൊപ്പം ചേർത്തു വെച്ചാൽ ഗുണങ്ങളേറെയാണ്. ഇതുപയോഗിച്ച് കുൽഫി തയ്യാറാക്കിയാലോ?. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഹെൽത്തിയായ മത്തങ്ങ കുൽഫി റെസിപ്പി പരിചയപ്പെടുത്തുകയാണ് കവിത സുരേൻ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ.
Advertisment
ചേരുവകൾ
വെള്ളം
മത്തങ്ങ
പാൽ
കറുവാപ്പട്ട
പഞ്ചസാര
ജാതിക്ക
ഫ്രഷ് ക്രീം
കണ്ടൻസ്ട് മിൽക്ക്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അര കപ്പ് വെള്ളമൊഴിക്കുക. മത്തങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അതിൽ ചേർത്ത് വേവിക്കുക. മറ്റൊരു പാൻ അടുപ്പിൽ വെച്ച് രണ്ടു കപ്പ് പാൽ വറ്റിവരുന്നത് വരെ തിളപ്പിക്കുക. ശേഷം കറുവാപ്പട്ട പൊടിച്ചത് പാലിലേയ്ക്ക് ചേർത്തിളക്കുക. വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങ, അരകപ്പ് പഞ്ചസാര, കാൽ ടീസ്പൂൺ ജാതിക്ക പൊടിച്ചത്, കാൽ കപ്പ് ഫ്രഷ് ക്രീം, നാല് ടേബിൾ സ്പൂൺ കണ്ടൻസ്ട് മിൽക്ക് എന്നിവ പാലിലേയ്ക്കു ചേർത്തിളക്കി മാറ്റി വെച്ചിരിക്കുന്ന പാൽപ്പാടയിലേയ്ക്ക് ചേർക്കുക. ഇഷ്മുള്ള പാത്രത്തിലേയ്ക്കു മാറ്റി ഫ്രീസറിൽ വെച്ച് തണുപ്പിച്ച് കഴിക്കാം ഈ മത്തങ്ങ കുൽഫി.