Health

നിങ്ങളുടെ മുഖത്തും കണ്ണുകളിലും ഇത്തരം അടയാളങ്ങളുണ്ടോ? എങ്കില്‍ കൊളസ്‌ട്രോള്‍ ഒന്ന് ചെക്ക് ചെയ്‌തേക്കൂ

നമ്മുടെ ആയുസ്സ് കുറയ്ക്കുന്നതിനോ മാരകമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാനോ കാരണമായേക്കാവുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉയര്‍ന്ന കൊളസ്ട്രോള്‍ അല്ലെങ്കില്‍ ഹൈപ്പര്‍ലിപിഡീമിയ. നമ്മുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോള്‍ അമിതമാകുന്നത് വഴിയോ തെറ്റായ ജീവിതശൈലി കൊണ്ടോ ഇത്തരത്തിലുളള രോഗങ്ങള്‍ നമ്മെ പിടിപെട്ടേക്കാം.
എല്‍ ഡി എല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുകയും ഇത് ധമനികളിലൂടെയുളള രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാം.

ശരീരത്തില്‍ കൊളസ്‌ട്രോള്‍ അമിതമാവുകയാണെങ്കില്‍ ചില സന്ദര്‍ഭങ്ങളില്‍ മുഖത്തോ കണ്ണിലോ ഇതിന്റെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതായത് കോര്‍ണിയയിലെ ചാരനിറത്തിലുള്ള വെളുത്ത വലയങ്ങള്‍, ചര്‍മ്മത്തിലെ മഞ്ഞകലര്‍ന്ന പാടുകള്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള മുഴകള്‍ എന്നിങ്ങനെ.

ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ചില ലക്ഷണങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു

1. കണ്‍പോളകളില്‍ മഞ്ഞ പാടുകള്‍

ചര്‍മ്മത്തില്‍, പ്രത്യേകിച്ച് കണ്‍പോളകള്‍ക്ക് ചുറ്റും മഞ്ഞനിറത്തിലുള്ള പാടുകള്‍ വരുന്നതിനെ സാന്തലാസ്മ എന്നാണ് പറയുന്നത്. കൊളസ്‌ട്രോള്‍ കൂടുന്നതിലൂടെ ഇത്തരത്തിലുളള പാടുകള്‍ കണ്‍പോളകളില്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഇത് രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവിനെ സൂചിപ്പിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാം.

2. കോര്‍ണിയയുടെ അഗ്രഭാഗത്തുണ്ടാകുന്ന മാറ്റങ്ങള്‍: ചില സന്ദര്‍ഭങ്ങളില്‍ കോര്‍ണിയയുടെ അഗ്രഭാഗത്ത് കാണപ്പെടുന്ന ആര്‍ക്കസ്, സെനിലിസ് എന്നീ വലയങ്ങളുടെ നിറം വെള്ളയോ ചാരനിറമോ ആയി മാറാറുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 45 വയസ്സിന് താഴെയുള്ളവരിലാണ് ഈ ലക്ഷണം കാണുന്നതെങ്കില്‍ ഇത് ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ സൂചനയായി പരിഗണിക്കാവുന്നതാണ്.

3. കോര്‍ണിയയ്ക്ക് ചുറ്റുമുള്ള വലയം: ആര്‍ക്കസ്, സെനിലിസിന് സമാനമായി കോര്‍ണിയല്‍ കാണപ്പെടുന്ന വലയമാണ് കോര്‍ണിയല്‍ ആര്‍ക്കസ്. ഈ വലയം വെളുത്തതോ ചാരനിറത്തിലോ ആണ് കാണപ്പെടുന്നതെങ്കില്‍ ഇത് ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ സൂചനയാണ്. 40 വയസിന് താഴെയുളള വ്യക്തികളില്‍ ആണ് ഈ അവസ്ഥ സാധാരണയായി കാണപ്പെടാറുളളത്.

4. ത്വക്കില്‍ ഉണ്ടാകുന്ന നിറവ്യത്യാസം: ഹൈപ്പര്‍ലിപിഡെമിയ എന്നത് കൊളസ്‌ട്രോള്‍ മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്. ഇത് ശരീരത്തില്‍ മഞ്ഞ നിറത്തിലുളള പാടുകള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത് സാധാരണയായി മുഖത്തും കണ്ണുകള്‍ക്ക് ചുറ്റുമാണ് കാണാറുളളത്. ചര്‍മ്മത്തില്‍ കൊളസ്ട്രോള്‍ കൂടുതലായി അടിഞ്ഞുകൂടുന്നതാണ് ഈ നിറവ്യത്യാസത്തിന് പിന്നിലെ കാരണം. ചില സന്ദര്‍ഭങ്ങളില്‍ ഇത് ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമായേക്കാം.

5. മഞ്ഞനിറത്തിലുള്ള മുഖക്കുരു: ചര്‍മ്മത്തില്‍, പ്രത്യേകിച്ച് കവിളുകളിലോ കണ്‍പോളകളിലോ കണ്ണുകള്‍ക്ക് ചുറ്റുമോ ചെറിയ മഞ്ഞനിറത്തിലുള്ള മുഖക്കുരു അല്ലെങ്കില്‍ വലിയ പാടുകള്‍ ഉണ്ടായേക്കാം. ചര്‍മ്മത്തില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതിനാലാണ് ഇത്തരത്തിലുളള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇവ പ്രത്യക്ഷത്തില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാറില്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവിനെ ഇത് സൂചിപ്പിച്ചേക്കാം.