മാരുതി കാറിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ് എന്ന് തന്നെ പറയാം. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ സാധിക്കാത്ത ആത്മബന്ധമാണ് മാരുതി 800-മായി ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളത്. നിരത്തില്‍ നിന്ന് ഒഴിഞ്ഞിട്ടും ഇപ്പോഴും നമ്മുടെ മനസില്‍ വലിയ സ്ഥാനമാണ് ഈ കാറിനുള്ളത്. ഒരു കാലത്ത് ഇന്ത്യക്കാരുടെ ആഡംബര വാഹനമായിരുന്ന 800 പിറന്നിട്ട് 37 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1983 ഡിസംബര്‍ 14-നാണ് മാരുതി സുസുക്കി കൂട്ടുകെട്ടില്‍ 800 ജനിക്കുന്നത്. രാജ്യത്തിന് സ്വന്തമായൊരു കാര്‍ എന്ന ആശയത്തെ തുടര്‍ന്ന് 1981-ലാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ജപ്പാനിലെ വാഹനഭീമന്മാരയ സുസുക്കിയുമായി മാരുതി കരാറില്‍ ഒപ്പുവെച്ചു.
1950-കളിലാണ് ചെറുകാര്‍ എന്ന ആശയവുമായി ജവാഹര്‍ലാല്‍ നെഹ്രു മന്ത്രിസഭയിലെ മനുഭായ് സിങ് മുന്നോട്ടുവരുന്നത്. 1968 ജൂലായില്‍ സ്വകാര്യമേഖലയില്‍ കാര്‍ ഉത്പാദനം തുടങ്ങാന്‍ തീരുമാനിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുത്രന് സഞ്ജയ് ഗാന്ധി ഗുഡ്ഗാവില്‍ മാരുതി ലിമിറ്റഡ് സ്ഥാപിക്കാനായി സ്ഥലം വാങ്ങാനെത്തി. സഞ്ജയിന്റെ ആവശ്യത്തിനുവഴങ്ങി സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കുകയും നികുതിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി മരിച്ചതോടെ ആ ആശയം നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നീട് വീണ്ടും അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി സുസുക്കിയുടെ പങ്കാളിത്തതോടെ ചെറിയ കാര്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു.
തുടക്കത്തില്‍ സുസൂക്കിയെ പങ്കാളിയാക്കുന്നതിനെപറ്റി ചിന്ത പോലുമുണ്ടായില്ല. റെനോ, പ്യൂഷോ, ഫോക്സ്വാഗന് , ഫിയറ്റ്, നിസാന്‍ , മിത്സുബിഷി , ഹോണ്ട എന്നീ പേരുകളാണ് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നു കേട്ടത്. ആരും മാരുതി ഉദ്യോഗുമായി ഇടപാടിന് താല്‍പ്പര്യം കാട്ടിയില്ല. ജപ്പാന് കമ്പനി സുസൂക്കി മാത്രമാണ് കൂട്ടുകെട്ടിന് സന്നദ്ധത പ്രകടിപ്പിച്ചത്. ഇരുപത്തിയാറ് ശതമാനം ഓഹരിയോടെ സാങ്കേതികവിദ്യ നല്‍കാമെന്ന് സുസൂക്കി സമ്മതിച്ചു. 1982 ഒക്ടോബറില്‍ സുസുക്കിയുമായി മാരുതി ഉദ്യോഗ് ലിമിറ്റഡ് കരാര്‍ ഒപ്പുവച്ചു. 1983 ഡിസംബര്‍ 14-ന് ആദ്യകാര്‍ പുറത്തിറങ്ങി. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ദിരാഗാന്ധി ഡല്‍ഹി സ്വദേശി ഹര്‍പല്‍ സിങ്ങിന് താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ‘വേഗമുള്ള കാറുകളെയും വിമാനങ്ങളെയും സ്നേഹിച്ച എന്റെ മകന്റെ സ്വപ്നമാണിത്’ ഇന്ദിര പറഞ്ഞു.
1984 വരെയുള്ള കാലയളവില്‍ 200 കാറുകള്‍ കമ്പനി നിര്‍മ്മിച്ചു. ഇവയില്‍ മുക്കാല്‍പങ്കും ജപ്പാനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത എസ്എസ് 80 മോഡലുകളായിരുന്നു. ഏതാനും ചില ഘടകങ്ങള്‍ മാത്രം ഇന്ത്യയില്‍ വച്ച് കൂട്ടിചേര്‍ത്തു. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിത ബോഡി പാനലുകളുമായി എംബി 308 എന്ന പുതിയ മാരുതി 800 പുറത്തിറങ്ങിയത് 1986 ഏപ്രിലിലായിരുന്നു.എണ്‍പതുകളിലും തൊണ്ണൂറുകളിലും മാരുതിയെന്നാല് ‘800’ ആയിരുന്നു. തുടക്കത്തില്‍ ടാറ്റ നാനോയ്ക്ക് ലഭിച്ചതിനെക്കാള്‍ വമ്പന്‍ ബുക്കിങ്ങാണ് കാല് നൂറ്റാണ്ട് മുമ്പ് മാരുതി 800 നേടിയത്. വിപണിയിലെത്തും മുമ്പ് 60 ദിവസം നീണ്ടുനിന്ന ബുക്കിങ് കാലയളവില്‍ 10,000 രൂപ നല്കി വണ്ടി ബുക്ക് ചെയ്തത് 1.35 ലക്ഷം പേരാണ്.50,000 രൂപയ്ക്കടുത്തായിരുന്നു ആദ്യവില. ഒടുവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. സച്ചില്‍ തെണ്ടുല്‍ക്കര്‍, മന്മോഹന് സിങ് തുടങ്ങിയവര്‍ ആദ്യകാലത്ത് തന്നെ മാരുതി സ്വന്തമാക്കിയവരാണ്.