തിരുനെല്‍വേലി: തമിഴ്‌നാട്ടില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം. തിരുനെല്‍വേലിയിലെ സിപിഎമ്മിന്‍റെ പാര്‍ട്ടി ഓഫീസിന് നേരെയാണ് വെള്ളിയാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്. മിശ്രവിവാഹത്തെ പിന്തുണച്ചതിന് പിന്നാലെയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. പാളയംഗോട്ടൈയിലെ അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട മദനനും പെരുമാൾപുരത്തെ പിള്ള സമുദായത്തിൽ നിന്നുള്ള ദാക്ഷായിണിയും തമ്മിലാണ് വിവാഹിതരായത്. ഇവർ ആറ് വർഷമായി പ്രണയത്തിലായിരുന്നു. ഇതിൽ പ്രകോപിതരായ പെൺവീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തത്.
മുപ്പതോളം പേർ അടങ്ങുന്ന സംഘം ഓഫീസിലേക്ക് അതിക്രമിച്ച് കയറി പാർട്ടിപ്രവത്തകരെ ആക്രമിക്കുകയും ഓഫീസ് തല്ലി തകർക്കുകയുമായിരുന്നു. സ്ത്രീകളടക്കമുള്ള സംഘമാണ് സിപിഎം ഓഫീസിലെത്തി അക്രമം അഴിച്ച് വിട്ടതെന്ന് സിപിഎം പ്രതികരിച്ചു. ഓഫിസിന്‍റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനുംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പൊലീസ് കേസെടുത്തിട്ടുണ്ട്.