1971 ഓഗസ്റ്റ് 6- മലയാളത്തിന്റെ നടനവിസ്മയം ആദ്യമായി ബിഗ്സ്ക്രീനില്‍ നിറഞ്ഞ ദിവസം. മലയാളത്തിലെ എക്കാലത്തെയും അഭിനയ കുലപതികളായ സത്യന് മാഷിന്റെയും പ്രേം നസീറിന്റെയും ഷീലാമ്മയുടെയും ബഹദൂറിന്റെയുമൊപ്പം വെള്ളിത്തിരയില്‍ ഹരിശ്രീ കുറിക്കാന്‍ സാധിച്ചു എന്നത് അദ്ദേഹത്തിന് കരിയറില്‍ ലഭിച്ച ആദ്യത്തെ സൗഭാഗ്യം .സത്യന് മാഷിന്റെ കാല്‍തൊട്ട് വന്ദിച്ച് അഭിനയത്തില്‍ ആദ്യാക്ഷരം കുറിച്ചു. പിന്നീടിങ്ങോട്ട് അത് എങ്ങുംതന്നെ പിഴച്ചില്ല, അഭിനയം ജീവനും ജീവിതവുമാക്കി അദ്ദേഹം ഇന്ന് മലയാളികളുടെ സ്വന്തമായി മാറി. പറഞ്ഞു വരുന്നത് മുഹമ്മദ് കുട്ടി പാണപ്പറമ്പില്‍ ഇസ്മായില്‍ എന്ന മമ്മൂട്ടിയെക്കുറിച്ച്.
വെള്ളിത്തിരയിലേക്ക് കാലെടുത്ത് വെക്കുന്നത് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന ചിത്രത്തിലൂടെ. ശരിക്കും പറഞ്ഞാല്‍ കാലെടുത്ത് വെച്ച് നടന്നല്ല, പകരം ഓടിക്കയറുകയായിരുന്നു. അതെ, ബഹുദൂറിനൊപ്പം ഓടി വരുന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഷോട്ട്. അതുവരെ മനസിലുണ്ടായിരുന്ന അഭിനയ പാഠങ്ങളെല്ലാംചേര്ത്ത് പിടിച്ചായിരിക്കാം അദ്ദേഹം ഓടിയടുത്തത്. അതേ ചിത്രത്തില്‍ തന്നെ മറ്റൊരു ഷോട്ടും കൂടി ഉണ്ടായിരുന്നു മമ്മൂട്ടിക്ക്. അദ്ദേത്തിന്റെ ആദ്യ സംഭാഷണ രംഗമായിരുന്നു അത്. അടൂര്‍ ഭാസിക്കൊപ്പമായിരുന്നു ആ ഷോട്ട്. ഈ പറഞ്ഞ രണ്ട് ഷോട്ടുകളും എതാനും സെക്കന്റുകള്‍ മാത്രമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. അത് പക്ഷെ ഒരേ സമയം ചരിത്രവും ഒരു വലിയ യുഗത്തിന്റെ തുടക്കവുമായി മാറി. 20-ാം വയസിലാണ് മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തിന് ആദ്യാക്ഷരം കുറിക്കുന്നത്. അടങ്ങാത്ത ആവേശത്തോടൊപ്പം ഒരു യുവാവിന്റെ എല്ലാ ചടുലതകളോടും കൂടി വെള്ളിത്തിരയിലേക്ക് ഓടിക്കയറിയ മമ്മൂട്ടി ഇന്ന് അരനൂറ്റാണ്ട് പിന്നിട്ട് നില്‍ക്കുമ്പോളും അതേ ആര്‍ജവത്തോടെ എല്ലാ സിനിമാ പ്രേമികളുടെയും മനസില്‍ മിന്നും താരമായി നിറഞ്ഞുനില്ക്കുന്നു.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയുടെ സെറ്റില്‍ ചാന്‍സ് ചോദിച്ചുവന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റായ മമ്മൂട്ടിയെ സിനിമയുടെ സംവിധായകന് കെ എസ് സേതുമാധവന് വര്‍ഷങ്ങള്‍ക്കിപ്പുറവും കൃത്യമായി ഓര്‍ത്തെടുത്തിരുന്നു. സിനിമയില്‍ അവസരം ചോദിച്ചെത്തിയ മമ്മൂട്ടിയോട് സേതുമാധവന് പറഞ്ഞത് ആദ്യം ശരീരം മെച്ചപ്പെടുത്തു എന്നായിരുന്നു. അന്ന് അദ്ദേഹം ആ രണ്ട്് ഷോട്ടുകള്‍ നലകിയപ്പോള്‍ ചിന്തിച്ചിട്ട് പേലുമുണ്ടാകില്ല, താന്‍ ആദ്യാക്ഷരം കുറിപ്പിക്കുന്നത് മലയാളത്തെ താങ്ങി നിര്‍ത്താന്‍ പോകുന്ന കൈകള്‍ക്കാണെന്ന്. ഏതാനും സെക്കന്റുകള്‍ മാത്രം മിന്നിമാഞ്ഞുപോകുന്ന ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പേരില്‍ ഒരു സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ ഓര്ത്തെടുക്കുകയാണെങ്കില് അതൊരു ചരിത്രം തന്നെയാണ്. കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും ചരിത്രം.