ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ തിരിച്ചറിയാന്‍ മഞ്ഞ നിറം നിര്‍ബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാര്‍ശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ (എസ്.ടി.എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും.
6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. അതേസമയം റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയും.
നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് വാഹനം തിരിച്ചറിയുന്നതിനുള്ള മാര്‍ഗ്ഗം. സര്‍ക്കാര്‍ നിര്‍ദേശമായിട്ടാണ് നിറംമാറ്റം യോഗത്തില്‍ എത്തുക. ഇത് അംഗീകരിക്കാറാണ് പതിവ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരുമായി തര്‍ക്കത്തിലുള്ള ഡ്രൈവിങ് സ്‌കൂളുകാരെ കൂടുതല്‍ പ്രകോപിതരാക്കുന്നതാണ് എസ്.ടി.എ തീരുമാനം.
സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘടന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കെതിരേ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രക്ഷോഭത്തിലാണ്. അതേസമയം, വാഹനങ്ങളുടെ നിറം സംബന്ധിച്ച മോട്ടോര്‍വാഹനവകുപ്പിന്റെ നിലപാടില്‍ വൈരുദ്ധ്യങ്ങളുണ്ട്. അപകടം കുറയ്ക്കാന്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത് പിന്‍വലിക്കുകയാണ്. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളെ മഞ്ഞ അടിപ്പിക്കുന്ന എസ്.ടി.എ യോഗത്തില്‍ തന്നെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഇളവ് നല്‍കുന്നത്.
ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ മഞ്ഞ നിറം നിര്‍ബന്ധമായിരുന്നു. എന്നാല്‍ അടുത്തിടെ ഒഴിവാക്കി. ടിപ്പര്‍ലോറികളുടെ അപകടം കൂടുമ്പോഴും കളര്‍കോഡ് സംബന്ധിച്ച് മോട്ടോര്‍ വാഹനവകുപ്പ് നിശ്ബദ്ത പാലിക്കുകയാണ്. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് മുഴുന്‍ ഓടാന്‍ കഴിയുന്ന വിധത്തില്‍ പെര്‍മിറ്റ് നല്‍കണമെന്ന ആവശ്യവും യോഗത്തിലെത്തുന്നുണ്ട്. സി.ഐ.ടി.യുവാണ് നിവേദനം നല്‍കിയിട്ടുള്ളത്. അതത് ജില്ലകളില്‍ മാത്രം ഓടാനാണ് ഇപ്പോള്‍ അനുമതിയുള്ളത്.