ന്യൂഡൽഹി : പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽപെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചg. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും സാരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും അടിയന്തര സഹായമായി നൽകും. നിസാര പരിക്കുള്ളവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.
നേരത്തെ പ്രധാനമന്ത്രിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് ധനസഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അപകടത്തിൽ ഇതുവരെ 15 പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും പാസഞ്ചർ ട്രെയിനിലെ ഗാർഡും ഉൾപ്പടെ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 60-ഓളം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. ദതുരന്തമുഖത്തേക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിരിച്ചിട്ടുണ്ട്.